Connect with us

National

മംഗള്‍യാന്‍ പൂര്‍ണമായി സൗര ഭ്രമണപഥത്തില്‍

Published

|

Last Updated

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പേടകം ഭൂമിയുടെ സ്വാധീന വലയത്തില്‍ നിന്ന് പൂര്‍ണമായി മാറി സൗര ഭ്രമണ പഥത്തില്‍ പ്രവേശിച്ചു. ഭൂമിയുടെ സ്വാധീന മേഖല (സ്ഫിയര്‍ ഓഫ് ഇന്‍ഫ്‌ളുവന്‍സ് – എസ് ഒ ഐ) ഭേദിച്ച് മംഗള്‍യാന്‍ കുതിച്ചത് പുലര്‍ച്ചെ 1.14ഓടെ യാണെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ പേടകത്തിന്റെ അകലം 9,25,000 കിലോമീറ്റര്‍ ഉയരത്തിലായി. ചുവന്ന ഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വക്കടുത്തേക്കുള്ള ദീര്‍ഘയാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള നിര്‍ണായകമായ ഈ ഘട്ടവും വിജയകരമായി പിന്നിട്ടതോടെ മംഗള്‍യാന്റെ യാത്ര കൂടുതല്‍ ആത്മവിശ്വാസപൂര്‍ണമായിരിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

നവംബര്‍ അഞ്ചിന് പി എസ് എല്‍ വി സി 25ലേറിയാണ് മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണഫഥത്തിലേക്ക് കുതിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു 1,350 കിലോഗ്രാം ഭാരമുള്ള പേടകത്തിന്റെ വിക്ഷേപണം. 2014 സെപ്റ്റംബര്‍ 24ന് പേടകം ചൊവ്വയുടെ അടുത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍.