Connect with us

International

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വിമോചന പോരാട്ടത്തിന്റെ മുന്‍നിര നായകനുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചു. 95 വയസ്സായിരുന്നു. ജോഹന്നാസ് ബര്‍ഗിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു. മണ്ടേലയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ സൗത്ത് ആഫ്രിക്കന്‍ നാഷണല്‍ ടി വിയിലൂടെ പറഞ്ഞത് നമ്മുടെ രാജ്യത്തിന് അതിന്റെ മഹാനായ പുത്രനെ നഷ്ടപ്പെട്ടു എന്നാണ്.

nelson-mandelatcd

രാജ്യത്തെ ന്യൂനപക്ഷമായ വെളുത്തവര്‍ഗക്കാരില്‍ നിന്നും 1990കളില്‍ കറുത്തവര്‍ഗക്കാരന്റെ കൈകളിലേക്ക് ഭരണമാറ്റം കൊണ്ടുവന്ന വിമോചനപോരാളിയായിരുന്നു നെല്‍സണ്‍ മണ്ടേല. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് 27 വര്‍ഷത്തെ ജയില്‍വാസവും മണ്ടേലക്ക് അനുഭവിക്കോണ്ടിവന്നു. ആധുനിക ലോകത്തെ ഏറ്റവും വിപ്ലവകാരിയായ വിമോചന പോരാട്ടക്കാരനായിട്ടാണ് മണ്ടേല അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലവിലുള്ള കറുത്ത വര്‍ഗക്കാരനോടുള്ള വിവേചനത്തില്‍ നിന്ന് ഒരു രാഷ്ട്രത്തെ തന്നെ മോചിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹാനാക്കുന്നത്.

nelson-mandela-mural

1993ല്‍ അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി. 1994ല്‍ ചരിത്രം തിരുത്തിയെഴുതി അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ്ായി. 5 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്ന മണ്ടേല 1999ല്‍ സ്വയം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദഹത്തിന്റെ വര്‍ണവിമോചനപോരാട്ടത്തിന് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു. ഈ ബഹുമതി നേടുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദഹം.

mandela02

1918 ജൂലായ് 18ന് ദക്ഷിണാഫ്രിക്കയിലെ മവോസെ ഗ്രാമത്തിലാണ് മണ്ടേലയുടെ ജനനം. ഹില്‍സ്ടൗണിലെ മെത്തോഡിസ്റ്റ് മിഷന്‍ സ്‌കൂളിലും ഹറ്റുവാട്ടര്‍ സ്‌കാന്‍സ് സര്‍വകലാശാലയിലുമായി മണ്ടേല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1950ലാണ് സമരം നടത്തിയതിന് ആദ്യമായി അറസ്റ്റിലായത്. ഒരു പ്രതിഷേധപ്പണിമുടക്കിന് നേതൃത്വം നല്‍കിയതിനായിരുന്നു അറസ്റ്റ്. രാജ്യദ്രോഹക്കുറ്റമായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഗാന്ധിജിയുടെ സമരരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ സമരങ്ങള്‍ നയിച്ചിരുന്നത്. ഗാന്ധിയന്‍ സമരത്തിന്റെ രീതികളായിരുന്ന നിസഹകരണ സമരവും അഹിംസാ മാര്‍ഗവും ആയിരുന്നു അദ്ദേഹത്തിന്റെയും പ്രധാന സമരമാര്‍ഗങ്ങള്‍. 1962ല്‍ വെള്ളക്കാരന്റെ സര്‍ക്കാര്‍ മണ്ടേലയെ അട്ടിമറിശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി തടവിലാക്കി. നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം 1990ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. ഈ തടവ് അദ്ദേഹത്തെ ആധുനിക ലോകത്തിലെ വിമോചനപോരാട്ടത്തിന്റെ മുന്‍നിരപോരാളി എന്ന സ്ഥാനത്തെത്തിച്ചു.

46664 എന്ന അദ്ദേഹത്തിന്റെ തടവു പുള്ളി നമ്പര്‍ എന്നത് ലോകത്ത് ഏറ്റവും സുപരിചിതമായ അക്കങ്ങളിലൊന്നായി മാറി. അന്നത്തെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‌റായിരുന്ന എഫ് ഡബ്ലിയു ഡി ക്ലാര്‍ക്കിനൊപ്പമാണ് മണ്ടേലക്ക് 1993ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
1994ല്‍ കറുത്തവര്‍ഗക്കാര്‍ക്ക് രാജ്യത്ത് വോട്ടവകാശം ലഭിച്ച ആദ്യ തെരെഞ്ഞെടുപ്പില്‍ ജയിച്ച് ജനാധിപത്യ മാര്‍ഗത്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുന്ന ആദ്യ വ്യക്തിയായി മണ്ടേല. ഏപ്രില്‍ 27നായിരുന്നു അദ്ദേഹം സ്ഥാനമേറ്റത്. അധികാരമൊഴിഞ്ഞതിനുശേഷം 2004ല്‍ മണ്ടേല പൊതുജീവിതത്തില്‍ നിന്നും വിമിച്ചു. മൂന്നു ഭാര്യമാരിലായി ആറു മക്കളാണ് മണ്ടേലക്കുള്ളത്.

Latest