Connect with us

Ongoing News

2014 ഫിഫ ലോകകപ്പ്: ഇംഗ്ലണ്ട് മരണ ഗ്രൂപ്പില്‍

Published

|

Last Updated

കോസ്റ്റ ഡോ സ്യൂപെ (ബ്രസീല്‍): 2014 ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ ബ്രസീലിനും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ക്ക് ആശ്വാസം. മരണഗ്രൂപ്പിലകപ്പെട്ടതിന്റെ ആശങ്കയില്‍ ഇംഗ്ലണ്ടും ഇറ്റലിയും. വലിയൊരു തെളിച്ചമില്ലാതെ ഹോളണ്ട്, സ്‌പെയിന്‍ ടീമുകള്‍. അട്ടിമറികള്‍ക്കും ആവേശപ്പോരിനും വലിയ സാധ്യതകളുള്ള ഗ്രൂപ്പ് നിര്‍ണയം തന്നെയാണ് സംഭവിച്ചത്.
ഇംഗ്ലണ്ട്, ഇറ്റലി, ഉറുഗ്വെ എന്നീ മൂന്ന് ചാമ്പ്യന്‍മാരും കോസ്റ്ററിക്കയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയാണ് മരണക്കളം. ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സന്‍ പക്ഷേ, മരണഗ്രൂപ്പായി കാണുന്നില്ല. തന്റെ ടീം പ്രയാസം കൂടാതെ നോക്കൗട്ടിലെത്തുമെന്നാണ് ഹൊഗ്‌സന്റെ വാദം. അതേ സമയം, ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ് എ) ചെയര്‍മാന്‍ ഗ്രെഗ് ഡൈക് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായ ഉടനെ ഇംഗ്ലണ്ടിന്റെ കഥകഴിഞ്ഞുവെന്ന അര്‍ഥത്തില്‍ ആംഗ്യം കാണിച്ചത് വിവാദമായി.
സ്വന്തം ടീമില്‍ വിശ്വാസമില്ലാത്ത ഗ്രെഗ് ഡൈക് എഫ് എ ചെയര്‍മാനായിരിക്കാന്‍ അര്‍ഹതയില്ലെന്ന ആരോപണം ഉയര്‍ന്നു. എന്നാല്‍, എഫ് എ ചെയര്‍മാന്റെ ആംഗ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് കോച്ച് ഹൊഗ്‌സന്‍ പറഞ്ഞു. എന്നാല്‍, കഴുത്തില്‍ വിരല്‍കൊണ്ട് വരച്ച് കഥകഴിഞ്ഞുവെന്ന ഡൈകിന്റെ ആംഗ്യചിത്രം വൈറല്‍ ആയി മാറിയിരിക്കുന്നു.
രണ്ടാമത്തെ പ്രയാസമേറിയ ഗ്രൂപ്പ് ആസ്‌ത്രേലിയ, ചിലി, ഹോളണ്ട്, സ്‌പെയിന്‍ ഉള്‍പ്പെട്ട ബിയാണ്. കഴിഞ്ഞ തവണ ഫൈനല്‍ കളിച്ച രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ബി ഗ്രൂപ്പിന്റെ പ്രത്യേകത.
ഗ്രൂപ്പ് എയില്‍ ബ്രസീലിന്, കാമറൂണ്‍, ക്രൊയേഷ്യ, മെക്‌സിക്കോ എതിരാളികള്‍. കൊളംബിയ, ഐവറികോസ്റ്റ്, ഗ്രീസ്, ജപ്പാന്‍ ഉള്‍പ്പെട്ട സി ഗ്രൂപ്പ് തുല്യശക്തികളുടെതാണ്. ഫ്രാന്‍സ് ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയാണ് താരതമ്യേന ദുര്‍ബലം. ഇക്വഡോര്‍, ഹോണ്ടുറാസ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിങ്ങനെ ലോകവേദിയില്‍ വലിയ പരിചയമില്ലാത്തവരാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഗ്രൂപ്പ് എഫില്‍ അര്‍ജന്റീനക്ക് പേടിക്കാനുള്ളത് നൈജീരിയയെ. ബോസ്‌നിയ ഹെര്‍സെഗൊവിന യോഗ്യതാ റൗണ്ടിലെ മികവ് പുറത്തെടുത്താല്‍ ഭയക്കണം. ഇറാനാണ് മറ്റൊരു പ്രതിനിധി.
ഗ്രൂപ്പ് ജിയിലും കരുത്തരുടെ പോരാട്ടം കാണാം. ജര്‍മനിയും പോര്‍ച്ചുഗലും ഘാനയും യുഎസ്എയും അങ്കത്തട്ടിലിറങ്ങുന്നു. ഫേവറിറ്റുകളാണ് ജര്‍മനി. പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ താരത്തിന്റെ ടീമും. യു എസ് എയുടെ കോച്ചാണ് താരം, ക്ലിന്‍സ്മാന്‍. ഘാന ആഫ്രിക്കയിലെ കറുത്തനക്ഷത്രങ്ങളാണ്, എഴുതിത്തള്ളാനൊക്കില്ല.
ഗ്രൂപ്പ് എച്ച് റഷ്യയുടെ തേരോട്ടത്തിന് സാക്ഷ്യം വഹിക്കും. അള്‍ജീരിയ, ബെല്‍ജിയം, ദക്ഷിണകൊറിയ എന്നിവരാണ് കൂട്ട്. യൂറോപ്യന്‍ ഫുട്‌ബോളില്‍ കരുത്തറിയിക്കുന്ന ഒരുപറ്റം താരങ്ങളുള്ള ബെല്‍ജിയം നോക്കൗട്ട് സാധ്യതയുള്ള ടീമാണ്.

ഗ്രൂപ്പ് എ
ബ്രസീല്‍, കാമറുണ്‍, ക്രൊയേഷ്യ, മെക്‌സിക്കോ
ഗ്രൂപ്പ് ബി
ആസ്‌ത്രേലിയ, ചിലി, ഹോളണ്ട്, സ്‌പെയിന്‍
ഗ്രൂപ്പ് സി
കൊളംബിയ, ഐവറികോസ്റ്റ്, ഗ്രീസ്, ജപ്പാന്‍
ഗ്രൂപ്പ് ഡി
കോസ്റ്ററിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഉറുഗ്വെ
ഗ്രൂപ്പ് ഇ
ഇക്വഡോര്‍, ഫ്രാന്‍സ്, ഹോണ്ടുറാസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്
ഗ്രൂപ്പ് എഫ്
അര്‍ജന്റീന, ബോസ്‌നിയ-ഹെര്‍സെഗൊവിന, ഇറാന്‍, നൈജീരിയ
ഗ്രൂപ്പ് ജി
ജര്‍മനി, ഘാന, പോര്‍ച്ചുഗല്‍, യു എസ് എ
ഗ്രൂപ്പ് എച്ച്
അള്‍ജീരിയ, ബെല്‍ജിയം, റഷ്യ, ദക്ഷിണ കൊറിയ