Connect with us

Sports

ഇന്ത്യക്ക് വീണ്ടും ദയനീയ തോല്‍വി

Published

|

Last Updated

amla and kock

സെഞ്ച്വറി നേടിയ ആംലയും ഡി കോക്കും

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ ദയനീയമായി കീഴടങ്ങി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 281 റണ്‍സിന്റെ വെല്ലുവിളിക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒന്ന് പൊരുതാന്‍ പോലും കെല്‍പ്പില്ലാതെ ബാറ്റ് വെച്ചു കീഴടങ്ങുകയായിരുന്നു. 35.1 ഓവറില്‍ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് വെറും 146റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തെ ചെറുക്കാനാകാതെ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നൊന്നായി കൂടാരം കയറി. സ്‌കോര്‍ബോര്‍ഡില്‍ 146 റണ്‍സ് തെളിഞ്ഞപ്പോഴേക്കും ഇന്ത്യയുടെ എല്ലാവരും കളിമതിയാക്കിയിരുന്നു. 35.1 ഓവര്‍ മാത്രമാണ് ഇന്ത്യക്ക് ബാറ്റ് ചെയ്യാനായത്.
36 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ 26 റണ്‍സെടുത്തു. ഒപണര്‍ രോഹിത്ത് ശര്‍മയും ക്യാപ്റ്റന്‍ ധോണിയും 19 റണ്‍സ് വീതമെടുത്ത് പുറത്തായി. അശ്വിന്‍ 15 റണ്‍സെടുത്തു. ഇവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ കഴിഞ്ഞത്. ശിഖര്‍ ധവാനും കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സോട്‌സോബെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയപ്പോള്‍ സ്റ്റെയില്‍ മൂന്നുവിക്കറ്റും മോര്‍ക്കല്‍ രണ്ട് വിക്കറ്റും വീഴത്തി. ശേഷിച്ച ഒരു വിക്കറ്റ് ഫിലാന്‍ഡര്‍ കീശയിലാക്കി.
നേരത്തെ ടോസ് നേടി ഇന്ത്യന്‍ നായകന്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. ഒപണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിന്റെയും (106) ഹാഷിം ആംലയു (100)ടെയും സെഞ്ച്വറികളുടെ ബലത്തിലാണ് ആറ് വിക്കറ്റിന് 281 റണ്‍സെടുത്തത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത് പടുത്തയര്‍ത്തിയത് 194 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ആതിഥേയരുടെ ആദ്യ വിക്കറ്റ് 194ലാണ് ഇന്ത്യക്ക് വീഴ്ത്താനായത്. അത്രക്ക് ആധികാരികമായാണ് ഇന്ത്യന്‍ ബൗളര്‍മാരെ ഇരുവരും നേരിട്ടത്.
പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ കോക്കാണ് കളിയിലെ കേമന്‍. 118 പന്തില്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പടെയാണ് ഡി കോക്ക് കരിയറിലെ മൂന്നാം സെഞ്ച്വറി നേടിയത്. 117പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയുമായാണ് അംല തന്റെ ശതകം പിന്നിട്ടത്. പിന്നീടെത്തിയവരെ അധികം നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിക്കാഞ്ഞത് സ്‌കോര്‍ 280ല്‍ ഒതുങ്ങാന്‍ സഹായിച്ചു.
മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അശ്വിന്‍, ജഡേജ ഒരോ വിക്കറ്റ് നേടി. മൂന്നാം ഏകദിനം ഈ മാസം 11ന് സെഞ്ചൂറിയനില്‍ നടക്കും.