Connect with us

Articles

ഡിസംബര്‍ ആറ്: രണ്ട് ചിത്രങ്ങള്‍

Published

|

Last Updated

യാദൃച്ഛികതകളുടെ ദിവസം കൂടിയാണ് ഡിസംബര്‍ ആറ് എന്ന് പറയാറുണ്ട്. ഇന്ത്യയിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ആത്മാഭിമാനവും പ്രതീക്ഷയും നല്‍കുകയും മതേതരത്വത്തെ ഭരണഘടനാപരമായി തന്നെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന തത്വമാക്കി മാറ്റാന്‍ പരിശ്രമിക്കുകയും ചെയ്ത ഭരണഘടനാ ശില്‍പ്പി ബാബാ സാഹേബ് അംബേദ്കര്‍ മരിച്ച ദിവസം തന്നെയാണ് ആ മതേതരത്വ സങ്കല്‍പ്പങ്ങളെ പ്രതീകവത്കരിച്ച ബാബരി മസ്ജിദും തകര്‍ക്കപ്പെട്ടത്. പക്ഷേ, ഇതൊരു യാദൃച്ഛികത എന്നതിനെക്കാളേറെ സമയബന്ധിതമായ ചില നടപടികളുടെ തുടര്‍ച്ചയാണ് എന്ന് വേണം കരുതാന്‍. ഇന്ത്യന്‍ മതേതരത്വം ശ്വാസം മുട്ടി ഉള്ളില്‍ അടക്കിപ്പിടിച്ചുകൊണ്ടിരുന്ന വീര്‍പ്പുമുട്ടലാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ തകര്‍ന്നുവീണത്. അതുകൊണ്ടാണ് അയോധ്യയില്‍ തകര്‍ന്നു വീണത് മുസ്‌ലിംകള്‍ ജഗന്നിയന്താവിനു മുന്നില്‍ സുജൂദ് ചെയ്തു പോന്ന ഒരു മസ്ജിദ് മാത്രമല്ല എന്ന് പറയുന്നത്. അത് മുസ്‌ലിംകളുടെ മാത്രം മസ്ജിദ് അല്ലാതാകുന്നതും അതുകൊണ്ടാണ്. സമാധാനപരവും സംഘര്‍ഷരഹിതവും ആഹ്ലാദകരവുമായ ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ ഒരു ചരിത്രത്തെയാണ്, പൂത്തുലഞ്ഞു നില്‍ക്കേണ്ട അതിന്റെ വരും കാലത്തെയാണ് സംഘപരിവാര്‍ അയോധ്യയില്‍ തച്ചുടച്ചത്. ആ തച്ചുടക്കലിന് ഡിസംബര്‍ ആറിനേക്കാള്‍ മികച്ച മറ്റൊരു ദിവസം ഇല്ലെന്നു ഏറ്റവും നന്നായി അറിയാവുന്നതും ഇന്ത്യയിലെ സംഘപരിവാറിന് തന്നെ.
ഡിസംബര്‍ ആറിന്റെ മറ്റൊരു പ്രത്യേകത അത് ഇന്ത്യയില്‍ ജീവിക്കുന്നവരെ ബാബരി മസ്ജിദിന്റെ അനുയായികള്‍ എന്നും ശത്രുക്കള്‍ എന്നും വിഭജിക്കുന്നു എന്നതാണ്. അതുകൊണ്ടാണ്, ബാബരി മസ്ജിദിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വേദനാജനകമായ ഓര്‍മകളും അതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഓര്‍മകളും ഈ രണ്ട് വിഭാഗങ്ങള്‍ക്കും പ്രധാനപ്പെട്ടതാകുന്നത്. അതോടൊപ്പം തന്നെ, അടിസ്ഥാനപരമായി ഇന്ത്യയിലെ പൗരസമൂഹങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ യഥാര്‍ഥ പക്ഷവും സ്വഭാവവും എന്താണെന്ന് ഓരോ ഡിസംബര്‍ ആറുകളും നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
ചിലര്‍ക്ക് ഡിസംബര്‍ ആറ് മുസ്‌ലിംകളുടെ സഹനശീലം മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള അവസരമാണെങ്കില്‍, മറ്റു ചിലര്‍ക്ക് സംഘപരിവാറുകാരുടെ നെഞ്ചളവും മസില്‍ പവറും മുസ്‌ലിംകളെ ബോധ്യപ്പെടുത്താനുള്ള ലക്ഷണമൊത്ത അവസരമാണ്. മറ്റു ചിലര്‍ക്കാകട്ടെ തങ്ങള്‍ ഇതില്‍ ആരുടെ സുഹൃത്തുക്കളാണ് എന്ന് ബോധ്യപ്പെടുത്താനുള്ള സന്ദര്‍ഭവും. അങ്ങനെ ഡിസംബര്‍ ആറ് മറന്നുപോകേണ്ട ദിവസമായി കരുതുന്നവരുടെയും മറന്നു പോകാതിരിക്കേണ്ട ദിവസമായി കരുതുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഇന്ദിരാ ഗാന്ധിയുടെ ചരമദിനം പോലും എഡിറ്റോറിയല്‍ പേജില്‍ ലേഖനങ്ങളുടെയും ചിത്രങ്ങളുടെയും അകമ്പടിയോടെ ആചരിക്കുന്നവര്‍ പോലും ബാബരി മസ്ജിദിനെ ഡിസംബര്‍ ആറിനു പോലും മറന്നുപോകുന്നത് ഒട്ടും യാദൃച്ഛികമല്ല തന്നെ. ഇങ്ങനെ മറന്നുപോകാന്‍ വാശി പിടിക്കുന്നവരില്‍ ബാബരി മസ്ജിദില്‍ സുജൂദ് ചെയ്യാന്‍ അവകാശവും ബാധ്യതയും ഉള്ളവരുടെ പിന്മുറക്കാരും ഉണ്ടെന്നതും യാദൃശ്ചികമല്ല. അങ്ങനെ മുസ്‌ലിംകള്‍ക്കകത്തെ സംഘപരിവാരുകാരേയും സംഘപരിവാരത്തിനകത്തെ മുസ്‌ലിംകളെയും തിരിച്ചറിയാന്‍ കൂടിയാണ് ഓരോ ഡിസംബര്‍ ആറും വിരുന്നെത്തുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന്, ബാബറി മസ്ജിദിന്റെ തകര്‍ച്ചയുടെ ഇരുപത്തൊന്നാം വാര്‍ഷികം ആചരിക്കുന്നതിനിടെ രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെ കൂടുതല്‍ വ്യക്തമാക്കിത്തരും. ആദ്യത്തെ സംഭവം നടക്കുന്നത് ആന്ധ്ര പ്രദേശ് തലസ്ഥാനമായ ഹൈദരാബാദ് നഗരത്തിലെ മക്കാ മസ്ജിദിലാണ്. സ്വാമി അസിമാനന്ദയും സംഘവും ബോംബ് പൊട്ടിച്ചു മുസ്‌ലിം ചെറുപ്പക്കാരുടെ മേല്‍ ഉത്തരവാദിത്വം കെട്ടിവെച്ച് രക്ഷപ്പെടാന്‍ നോക്കിയ അതേ മക്കാ മസ്ജിദിന്റെ പരിസരം. ഡിസംബര്‍ ആറ്, വെള്ളിയാഴ്ച്ച ദിവസം, ജുമുഅയുടെ നേരം, മക്കാ മസ്ജിദ്, ഹൈദരാബാദിലെ മുസ്‌ലിംകള്‍ എന്നീ ചേരുവകള്‍ എല്ലാം ഒത്തുചേരുമ്പോള്‍ ഒരു ബോംബെങ്കിലും പോട്ടാതിരിക്കുന്നത് എങ്ങനെ?, ബോംബില്ലെങ്കിലും മുസ്‌ലിംകള്‍ പോലീസുകാര്‍ക്കെതിരെ ഒരു കല്ലെങ്കിലും എറിയാതിരിക്കുന്നത് എങ്ങനെ? മുസ്‌ലിംകള്‍ പള്ളിയിലിരുന്നു ഇമാമിന്റെ ഖുതുബ കേട്ടുകൊണ്ടിരിക്കുന്നതിനിടെ പള്ളിയില്‍ നിന്നു കറുത്ത ഷര്‍ട്ട് ധരിച്ച, “അല്ലാഹു” എന്നടയാളപ്പെടുത്തിയ ലോക്കറ്റ് ധരിച്ച ഒരു പറ്റം ചെറുപ്പക്കാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു കല്ലേറ് തുടങ്ങി. (ഒരു കല്ലേറും കാത്ത് പുറത്ത് കാത്തിരിക്കുന്ന സ്‌പെഷ്യല്‍ ആര്‍മ്ഡ് ഫോഴ്‌സുകാര്‍ക്കും മാധ്യമങ്ങള്‍ക്കും അതോടെ സമാധാനമായിക്കാണണം).
പള്ളിക്കകത്തുണ്ടായിരുന്നവര്‍ ചെറുപ്പക്കാരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്തായത്. ആന്ധ്രയിലെ ഗൗലിപുര സ്വദേശിയായ വിജയകുമാറും സംഘവുമായിരുന്നു കല്ലെറിഞ്ഞു ഹൈദരാബാദ് മുസ്‌ലിംകളുടെ “മാനം” രക്ഷിച്ച ജിഹാദികള്‍! ഡിസംബര്‍ ആറിന്റെ മുസ്‌ലിം പ്രതിഷേധങ്ങള്‍ എങ്ങനെവേണമെന്നാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത് എന്നാണ് മക്കാ മസ്ജിദില്‍ നിന്നും പുറത്തേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞ് വിജയ്കുമാറും സംഘവും കാട്ടിത്തന്നത്. സമാധനാപരമായി മുസ്‌ലിംകള്‍ പള്ളിയിലിരുന്നു അക്രമികള്‍ക്കെതിരെ പ്രാര്‍ഥിക്കുകയും വീടുകളിലേക്ക് പോകുകയും ചെയ്തിരുന്നുവെങ്കില്‍ അതേറെ വേദനിപ്പിക്കുക വിജയ്കുമാറിനെ കല്ലും കറുത്ത ഷര്‍ട്ടും “അല്ലാഹു” എന്നടയാളപ്പെടുത്തിയ തസ്ബീഹ് മാലയും കൊടുത്ത് പറഞ്ഞയച്ച അസിമാനന്ദയുടെ കൂട്ടുകാരെയായിരുന്നു എന്ന് സാരം.
വിജയ്കുമാറും സംഘവും മുസ്‌ലിം വേഷം ധരിച്ചു പള്ളിയില്‍ നിന്ന് പുറത്തേക്ക് കല്ലെറിഞ്ഞു കൊണ്ടിരുന്ന അതേ ദിവസം അതേ സമയത്താണ് കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത പരപ്പ ക്ലായിക്കോട് മുസ്‌ലിം വേഷം ധരിച്ചെത്തിയ മറ്റൊരു സംഘം പള്ളിക്കകത്തേക്ക് മാരകായുധങ്ങള്‍ വലിച്ചെറിഞ്ഞതും. സംഘപരിവാര്‍ ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ത്ത ബാബരി മസ്ജിദിനെ കുറിച്ചുള്ള വേദനാജനകമായ ഓര്‍മകള്‍ മുസ്‌ലിംകളും മതേതര വിശ്വാസികളും പുതുക്കിക്കൊണ്ടിരിക്കുന്ന അതേ ദിവസം. പള്ളിയില്‍ ഖുത്തുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇമാം അബ്ദുല്‍ഹമീദ് സഖാഫിയെ അക്രമിച്ചു വീഴ്ത്തിയ സംഘം അക്രമം തടയാനെത്തിയ മറ്റു രണ്ട് വിശാസികളെയും അടിച്ചുവീഴ്ത്തി. ക്ലായിക്കോട് സുന്നീ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പള്ളിയും മദ്‌റസയും പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഒരു വിഭാഗം ആളുകള്‍ മാരകായുധായങ്ങളുമായി ജുമുഅ ഖുതുബയുടെ സമയത്ത് പള്ളിയിലേക്ക് ഇരച്ചു കയറി അതിക്രമം നടത്തിയത്. നേരത്തെ മദ്‌റസയില്‍ കയറി ഫര്‍ണിച്ചറുകളും പഠനോപകരണങ്ങളും തകര്‍ത്ത സംഘം തന്നെയാണ് ഖുതുബ നിര്‍വഹിക്കുന്നതിനിടെ ഖത്തീബിനെ ആക്രമിക്കുകയും പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് എന്ന് ജുമുഅ നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയ വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. മറ്റു വിശ്വാസികള്‍ നിസ്‌കാരം പൂര്‍ത്തിയാകുമ്പോള്‍ പള്ളിയുടെ അകത്ത് ഓരം ചേര്‍ന്ന് നിന്ന് വിശ്വാസികള്‍ക്കെതിരെ കൊലവിളി ഉയര്‍ത്തിയവര്‍ മുസ്‌ലിംകള്‍ തന്നെയായിരുന്നു. ക്ലായിക്കോട് സുന്നീ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പള്ളിയും മദ്‌റസയും പിടിച്ചെടുക്കലായിരുന്നുവത്രേ ഈ അക്രമി സംഘത്തിന്റെ ലക്ഷ്യം. ഈ സംഘത്തെ അക്രമത്തിനു സജ്ജരാക്കിയതും പറഞ്ഞയച്ചതുമാകട്ടെ ഇസ്‌ലാമിന്റെയും അതിലെ പണ്ഡിതന്മാരുടെയും പേരില്‍ ചേളാരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഭാരവാഹികളും!
ഒരു മുസ്‌ലിം സംഘടന ബാബരി മസ്ജിദിനെ കുറിച്ചുള്ള ഓര്‍മ പുതുക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗം ഡിസംബര്‍ ആറിനു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പള്ളിയില്‍ എത്തിയ വിശ്വാസികള്‍ക്ക് നേരെ മിഹ്‌റാബിലേക്ക് മാരകായുധങ്ങളുമായി ഇരച്ചെത്തെലാണ് എന്നത് ഏറ്റവുമധികം സന്തോഷിപ്പിച്ചിട്ടുണ്ടാകുക മക്കാ മസ്ജിദിലേക്ക് വിജയ്കുമാറിനെ കൈയില്‍ കല്ലും കൊടുത്ത് പറഞ്ഞയച്ചവരായിരിക്കും. വിജയ്കുമാറിനെ വേഷം കെട്ടിച്ചു മുസ്‌ലിമാക്കുന്നതിനെക്കാളും എളുപ്പവും മികച്ചതുമായ മാര്‍ഗം മുസ്‌ലിംകള്‍ക്കിടയിലെ വിജയ്കുമാറുമാരെ കണ്ടെത്തി വളര്‍ത്തലാണ് എന്ന് ഈ ഡിസംബര്‍ ആറിന് ശേഷമെങ്കിലും സംഘപരിവാര്‍ പാഠം പഠിച്ചിട്ടുണ്ടാകണം. ഓണപ്പറമ്പിനും പരപ്പ ക്ലായിക്കോടിനും ശേഷം പള്ളിക്കകത്തേക്ക് കല്ലെറിയാന്‍ പരിശീലനം ലഭിച്ച മികച്ച “വിജയകുമാറുമാര്‍” മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ എമ്പാടും ഉണ്ടെന്ന തിരിച്ചറിവ് സംഘപരിവാരത്തിന്റെ രാഷ്ട്രീയ രീതിശാസ്ത്രത്തെ തന്നെ മാറ്റിമറിച്ചേക്കാം. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനവും മറ്റു അതിക്രമങ്ങളും നടത്തി ഉത്തരവാദിത്വം പാവപ്പെട്ട മുസ്‌ലിംകളുടെ മേല്‍ കേട്ടിവെക്കുന്നതിനു പകരം മുസ്‌ലിംകളെ കൊണ്ട് തന്നെ ഈ അതിക്രമങ്ങള്‍ ചെയ്യിക്കാം എന്നാകുമ്പോള്‍ സംഘ്പരിവാരത്തിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. ഇത്തരം അതിക്രമങ്ങള്‍ എല്ലാം സ്വാഭാവികമാണ്, സംഭവിക്കേണ്ടതാണ് എന്നൊക്കെ അണികളെ സമാശ്വസിപ്പിക്കാനുള്ള പണ്ഡിത ശിരോമണികള്‍ സമുദായത്തിനകത്തു തന്നെ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.
ഹൈദരാബാദ് മക്കാ മസ്ജിദില്‍ വേഷം മാറിയെത്തിയ, സംഘപരിവാര്‍ പറഞ്ഞയച്ച വിജയ്കുമാര്‍ ജുമുഅ നേരത്ത് പള്ളിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കല്ലും കാഞ്ഞങ്ങാടിനടുത്ത പരപ്പ ക്ലായിക്കോട് പള്ളി മിഹ് റാബിലേക്ക്, ചേളാരി സംഘം പറഞ്ഞയച്ച സുലൈമാനും ഹസൈനാറും അബ്ദുര്‍റഹ്മാന്‍മാരും ജുമുഅ നേരത്ത് എറിഞ്ഞ കല്ലും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

pmshamsu80@gmail.com