Connect with us

National

മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത് തെറ്റ്: മണിശങ്കര്‍ അയ്യര്‍

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലിടത്തും കനത്ത പരാജയം ഏറ്റുവാങ്ങിയ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ കലഹം തുടങ്ങി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത് തെറ്റായെന്ന അഭിപ്രായവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. അടുത്ത വര്‍ഷം ആദ്യം നടക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ഗൗരവമായി എടുത്തില്ലെന്നും അയ്യര്‍ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലേറ്റ പരാജയത്തോടെ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തെ സ്വാഗതം ചെയ്തുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ അതില്‍ ദുഃഖമില്ലെന്നും അയ്യര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വരും. പാര്‍ട്ടി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുകൂല നിലപാടാണ്. എന്നാല്‍, ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തത്രപ്പാടില്‍ അതിനാകുന്നില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

Latest