Connect with us

Kerala

ജയിലില്‍ നിന്ന് എട്ട് ഫോണുകള്‍ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ ജയില്‍ വാര്‍ഡര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഒരു ഫോണും വൈകുന്നേരം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഫോണുകളുമാണ് കണ്ടെത്തിയത്. ഇതോടെ ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഫോണുകളുടെ എണ്ണം ഒമ്പതായി. ടി പി വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചത് വിവാദമായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
രാവിലെ ജയില്‍ വാര്‍ഡര്‍മാര്‍ നടത്തിയ തിരച്ചിലില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. വൈകുന്നേരം ജയിലിലെ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്ത് നടത്തിയ പരിശോധനയിലാണ് ഏഴ് ഫോണുകള്‍ കണ്ടെടുത്തത്. രാവിലെ കണ്ടെടുത്തത് എം ടി എസ് കമ്പനിയുടെ മൊബൈലും വൈകുന്നേരം ലഭിച്ച ഏഴും നോക്കിയ കമ്പനിയുടെതുമാണ്. രണ്ട് സിം കാര്‍ഡുകള്‍, മൂന്ന് മെമ്മറി കാര്‍ഡ്, ഒരു ഹെഡ് സെറ്റ്, ഏഴ് ബാറ്ററികള്‍ എന്നിവയാണ് ഇതിനോടൊപ്പം കണ്ടെടുത്തത്. നോക്കിയ സി 2, എക്‌സ് 2 എന്നീ രണ്ട് മോഡലുകള്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ആധുനിക സംവിധാനങ്ങളുള്ളവയാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, കസബ സി ഐ ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വൈകുന്നേരം രണ്ട് മണിക്കൂര്‍ ജയിലില്‍ പരിശോധന നടത്തിയത്. ജയിലിലെ എല്ലാ ഭാഗങ്ങളിലും ഇതോടെ പരിശോധന പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. ടി പി വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ചതാണോ പിടിച്ചെടുത്ത മൊബൈലുകള്‍ എന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
അതേസമയം, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ പതിനാലാം പ്രതി പി മോഹനന്റെ ഭാര്യ കെ കെ ലതിക എം എല്‍ എ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. ലതിക വന്നതിന്റെയും തിരികെ പോയതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും ലതിക കൊണ്ടു വന്ന കവറില്‍ വസ്ത്രങ്ങള്‍ അല്ലാതെ ഒന്നുമില്ലെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പോലീസ് അറിയിച്ചു. പി മോഹനന്റെ സെല്ലിനു സമീപത്തുള്ള സി സി ടി വിയിലെ ദൃശ്യങ്ങളും പരിശോധിച്ചു. പി മോഹനനും ലതികയും കൂടിക്കാഴ്ച നടത്തിയ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ ക്യാമറ ഉണ്ടായിരുന്നില്ല. എന്നാല്‍, അവിടെ വെച്ച് ഒന്നും കൈമാറിയിട്ടില്ലെന്ന് വെല്‍ഫെയര്‍ ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. ഈ മാസം രണ്ടിന് ഫേസ്ബുക്ക് വാര്‍ത്ത ടി വി ചാനല്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് കെ കെ ലതിക എം എല്‍ എയും മകന്‍ ജൂനിയസ് നികിതാസ്, ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ സന്ദര്‍ശിച്ചത്.

Latest