Connect with us

Ongoing News

ബയേണ്‍ മ്യൂണിക്കിന് തോല്‍വി: ജുവെന്റസ് പുറത്ത്

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഇറ്റാലിയന്‍ കരുത്തരായ ജുവെന്റസ് പുറത്ത്. ഇസ്താംബൂളില്‍, മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഗലാത്‌സരെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ജുവെന്റസിനെ അട്ടിമറിച്ചത്. ഗ്രൂപ്പ് ബിയില്‍ റയല്‍മാഡ്രിഡിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് ഗലാത്‌സരെയുടെ നോക്കൗട്ട് റൗണ്ട് പ്രവേശം. എഫ് സി കോപന്‍ഹേഗനേക്കാള്‍ രണ്ട് പോയിന്റ് മുകളിലുള്ള ജുവെന്റസിന് യൂറോപ ലീഗില്‍ കിരീടം ലക്ഷ്യമിടാം.

ഗ്രൂപ്പ് എയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ബയെര്‍ലെവര്‍കുസനും ഗ്രൂപ്പ് സിയില്‍ പാരിസ് സെയിന്റ് ജെര്‍മെയിനൊപ്പം ഒളിമ്പ്യാകോസും പ്രീക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് വിക്‌ടോറിയ പ്ലിസെന്‍ യൂറോപ ലീഗക്ക് യോഗ്യത നേടി. ഡി ഗ്രൂപ്പിലെ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ മറിച്ചിട്ടു. പതിനഞ്ച് പോയിന്റോടെ ഒപ്പത്തിനൊപ്പമെങ്കിലും ബയേണ്‍ ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍മാഡ്രിഡ് ടീമുകളും ജയം കണ്ടു. ജയിച്ചിട്ടും പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വന്നു പോര്‍ച്ചുഗലില്‍ നിന്നുള്ള ബെന്‍ഫിക്കക്ക്.
മഞ്ഞില്‍ വിരിഞ്ഞ ഗലാത്‌സരെ
ഗ്രൂപ്പ് ബിയില്‍ നിന്ന് റയല്‍മാഡ്രിഡ് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. രണ്ടാം സ്ഥാനത്തിനായി ജുവെന്റസും ഗലാത്‌സരെയും തമ്മില്‍ മുഖ്യ പോരാട്ടം. ഇറ്റാലിയന്‍ ടീമിന് സമനില മതിയായിരുന്നു യോഗ്യത നേടാന്‍. എന്നാല്‍, തുര്‍ക്കിയില്‍ ഗലാത്‌സരെക്ക് മുന്നില്‍ എണ്‍പത്തഞ്ചാം മിനുട്ടില്‍ ജുവെന്റസിന് മേല്‍ പരാജയത്തിന്റെ ആണി തുളച്ചു കയറി. ഡച്ച് മിഡ്ഫീല്‍ഡര്‍ വെസ്‌ലെ സ്‌നൈഡറാണ് നിര്‍ണായകമായ ഗോള്‍ നേടിയത്. ചൊവ്വാഴ്ച 32 മിനുട്ട് നേരമാണ് മത്സരം നടന്നത്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. മഞ്ഞ് നീക്കം ചെയ്‌തെങ്കിലും ഗ്രൗണ്ടിലെ പല ഭാഗവും മത്സരയോഗ്യമായിരുന്നില്ല. കളിക്കാര്‍ തെന്നി വീഴുന്ന അവസ്ഥ. ജുവെന്റസ് കോച്ച് അന്റോണിയോ കോന്റെ തന്റെ അതൃപ്തി അറിയിക്കാന്‍ മറന്നില്ല.
ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്
എഫ് സി കോപന്‍ഹേഗന്റെ തട്ടകത്തില്‍ റയല്‍ മാഡ്രിഡിന്റെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. ക്രൊയേഷ്യന്‍ താരം ലൂക മോഡ്രി (25)ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (48)യുമാണ് സ്‌കോര്‍ ചെയ്തത്. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് റൗണ്ടില്‍ ഒമ്പത് ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ മാറി. ഗ്രൂപ്പ് റൗണ്ടില്‍ റയല്‍ മാഡ്രിഡ് ഇരുപത് ഗോളുകളോടെ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച റയല്‍ ഒരു മത്സരത്തില്‍ സമനില വഴങ്ങി. അഞ്ച് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നറിയിപ്പ്
നേരത്തെ തന്നെ യോഗ്യത നേടിയതെങ്കിലും തുല്യശക്തികളുടെ പോരാട്ടമെന്ന നിലക്ക് ബയേണ്‍ മ്യൂണിക്-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹോംഗ്രൗണ്ടില്‍ പന്ത്രണ്ട് മിനുട്ടിനുള്ളില്‍ 2-0ന് ലീഡെടുത്ത് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ചവെച്ചു. ഡേവിഡ് സില്‍വയിലൂടെ ഇരുപത്തെട്ടാം മിനുട്ടില്‍ ആദ്യ ഗോള്‍ മടക്കിയ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പകുതിയില്‍ മൂന്ന് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി ജര്‍മന്‍ ക്ലബ്ബിനെ ഞെട്ടിച്ചു. അമ്പത്തൊമ്പതാം മിനുട്ടില്‍ കൊളറോവ് പെനാല്‍റ്റിയിലൂടെ സമനിലയും അറുപത്തിരണ്ടാം മിനുട്ടില്‍ മില്‍നര്‍ വിജയഗോളും നേടി. പ്രതിരോധ നിരയിലെ അവസാനക്കാരനായ ഡാന്റെക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് മില്‍നറുടെ ഗോളിനാധാരം.
തന്റെ ടീമിനെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ ബയേണ്‍ കോച്ച് പെപ് ഗോര്‍ഡിയോള അഭിനന്ദിച്ചു. ഇടക്ക് ഇങ്ങനെയൊരു തോല്‍വി നല്ലതാണ്. കളിക്കാര്‍ക്ക് പാഠമുള്‍ക്കൊള്ളാം – ഗോര്‍ഡിയോള പറഞ്ഞു.
സാവിയോള രക്ഷകന്‍
അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജാവിയര്‍ സാവിയോളയുടെ ഇരട്ട ഗോളുകളില്‍ ഒളിമ്പ്യാകോസ് 3-1ന് ആന്‍ഡര്‍ലെറ്റിനെ തോല്‍പ്പിച്ചു. ഗ്രീക്ക് കരുത്തരായ ഒളിമ്പ്യാകോസിന് ഹോംഗ്രൗണ്ടില്‍ മൂന്ന് പെനാല്‍റ്റികള്‍ ലഭിച്ചതും ആന്‍ഡര്‍ലെറ്റിന്റെ മൂന്ന് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും മത്സരത്തിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍. ജയത്തോടെ പത്ത് പോയിന്റെടുത്ത ഒളിമ്പ്യാകോസ് പി എസ് ജിയെ തോല്‍പ്പിച്ച ബെന്‍ഫിക്കക്കൊപ്പമെത്തി. ഇവിടെ ഹെഡ് ടു ഹെഡ് പരിഗണിച്ചപ്പോള്‍ ഒളിമ്പ്യാകോസ് നോക്കൗട്ടിലേക്ക് മുന്നേറി. 2010ന് ശേഷം ഇതാദ്യമായാണ് ഒളിമ്പ്യാകോസ് പ്രീക്വാര്‍ട്ടറിലെത്തുന്നത്. ഗ്രീക്ക് ക്ലബ്ബിന്റെ രക്ഷകനായ സാവിയോള മത്സരത്തില്‍ ഒരു പെനാല്‍റ്റി പാഴാക്കി. 2010 ല്‍ ബെന്‍ഫിക്കക്ക് രണ്ട് ആഭ്യന്തര കിരീടങ്ങള്‍ നേടിക്കൊടുത്ത താരമാണ് സാവിയോള. മുന്‍ ക്ലബ്ബിനെതിരെ തകര്‍പ്പന്‍ ഫോമിലായിരുന്നു അര്‍ജന്റീനയുടെ മുന്‍ ദേശീയ താരം. പി എസ് ജിക്കെതിരെ ലിമയും (പെനാല്‍റ്റി) ഗെയ്താനുമാണ് ബെന്‍ഫിക്കയുടെ ഗോളുകള്‍ നേടിയത്. എഡിന്‍സന്‍ കവാനി പി എസ് ജിയുടെ ഗോള്‍ നേടി.
മാഞ്ചസ്റ്ററിന് ആശ്വാസം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ പരാജയം രുചിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ട് അപരാജിതരായി പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ ഷാക്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ ആറ് കളികളില്‍ നാല് ജയം ഉറപ്പാക്കി. പതിനാല് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുകയും ചെയ്തു. ഷാക്തര്‍ എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് യൂറോപ ലീഗിലേക്ക് താഴ്ന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കുസന്‍ പത്ത് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി, പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

Latest