Connect with us

Kerala

കടലില്‍ മത്സ്യം കുറഞ്ഞു; ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഉത്പാദനം കൂടി

Published

|

Last Updated

കണ്ണൂര്‍: കടല്‍ താപനിലയിലെ വ്യതിയാനം മൂലം സംസ്ഥാനത്ത് കടല്‍ മത്സ്യലഭ്യത വീണ്ടും കുറയുന്നു. സമുദ്ര ഉപരിതല താപത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുണ്ടാകുന്ന താപവ്യത്യാസത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാത്തതാണ് മത്സ്യങ്ങളുടെ ലഭ്യതക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വര്‍ഷകാലത്തും അതിന് തൊട്ടു പിന്നാലെയും കേരള തീരങ്ങളിലെ കടലില്‍ ചൂട് കുറഞ്ഞതായി രേഖപ്പെടുത്താറുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങളായി ഈ കാലയളവില്‍ പോലും കടല്‍ താപനില ഉയരുന്നതായാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂടുതലായി ലഭിക്കാറുള്ള അയില, നെയ്മത്തി, മുള്ളന്‍, മാന്ത തുടങ്ങിയ മീനുകളുടെ പ്രജനനത്തെയും ഇവയുടെ വളരാനുള്ള സാഹചര്യങ്ങളെയുമെല്ലാം കടല്‍ താപനിലയിലെ മാറ്റങ്ങള്‍ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുട്ടയിടാനുള്ള അനുയോജ്യ താപനില ഇല്ലാത്തത് കാരണം മിക്ക ഇനം മത്സ്യങ്ങളും കേരള തീരങ്ങളില്‍ നിന്ന് എത്രയോ അകലേക്ക് മാറുകയും പല മത്സ്യങ്ങളും വര്‍ഷങ്ങളായി അക്കാലത്ത് മുട്ടയിടാതാവുകയും ചെയ്യുന്നതായി സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നേരത്തെ നല്ല തോതില്‍ കിട്ടാറുള്ള കിളിമീന്‍ ഉള്‍പ്പെടെയുള്ളവ അടുത്ത കാലത്തായി ചെന്നൈ തീരങ്ങളില്‍ നിന്ന് കൂടുതല്‍ ലഭിക്കുന്നതിന് ഒരു കാരണമിതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേരത്തെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെല്ലാം കേരളത്തിന്റെ കടലില്‍ ഏറ്റവും അടുത്തു നിന്ന് ലഭ്യമായിരുന്ന മത്തി ഇപ്പോള്‍ കടലില്‍ ഏറ്റവും അകലെ നിന്നു മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തീരത്താണ് ഇപ്പോള്‍ മത്തിയുടെ ചാകര കണ്ടുവരുന്നത്. മുന്‍കാലങ്ങളില്‍ വളരെ കുറച്ച് മത്തി കിട്ടിയിരുന്ന കര്‍ണാടകയിലെ കടലില്‍ നിന്ന് ഇപ്പോള്‍ ധാരാളം മത്തി ലഭിക്കുന്നു. എന്നാല്‍ കടലിലെ താപനിലയിലെ വ്യത്യാസം സംബന്ധിച്ച് കാര്യമായ ഗവേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കരയിലെ കാലാവസ്ഥാ മാറ്റം പഠനവിധേയമാക്കുന്നതുപോലെ തന്നെ കടലിലും പഠനം നടത്തേണ്ടതുണ്ടെന്ന് ഗവേഷകനായ ഡോ. എം കെ സതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ഉള്‍നാടന്‍ ജലസ്രോതസ്സുകളില്‍ നിന്നുള്ള മത്സ്യ ഉത്പാദനം സംസ്ഥാനത്ത് വന്‍തോതില്‍ കൂടി. പ്രതിദിനം 384 ടണ്‍ മത്സ്യമാണ് കിട്ടുന്നതെന്ന് ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും ഇതുസംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2007-08 വര്‍ഷത്തില്‍ 249 ടണ്ണും 2009ല്‍ 281 ടണ്ണും കഴിഞ്ഞ വര്‍ഷം 383 ടണ്ണുമായിരുന്നു ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നുള്ള പ്രതിദിന മത്സ്യലഭ്യതയുടെ കണക്ക്. ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധിപോലുള്ള പദ്ധതികള്‍ ഉള്‍നാടന്‍ മത്സ്യോത്പാദനം കൂട്ടുന്നതിന്റെ ഭാഗമായാണ് ആവിഷ്‌കരിച്ചത്. കരിമീന്‍ പോലുള്ള തനത് മത്സ്യങ്ങളുടെ വിത്തുകള്‍ ഹാച്ചറിയില്‍ ഉത്പാദിപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും ഉള്‍നാടന്‍ ജലാശയങ്ങളിലേക്ക് മറ്റനേകം നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനായിട്ടുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ പറയുന്നു. തിരുത, കറ്റ്‌ല, ചെമ്പല്ലി, പുഴനാരന്‍, വാള, മഞ്ഞുക്കുരി, ഏട്ട, കുറുവ, പള്ളതി തുടങ്ങി പല പേരുകളിലുള്ള നാടന്‍ മത്സ്യങ്ങളുടെ വിത്തുകള്‍ ഉത്പാദിപ്പിക്കാനും ഇവ കൂടുതല്‍ ജലാശയങ്ങളില്‍ നിക്ഷേപിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest