Connect with us

Gulf

ഒമാന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ പതിനൊന്നു പത്രികകള്‍

Published

|

Last Updated

മസ്‌കത്ത്: അടുത്ത മാസം 18ന് നടക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പത്രിക നല്‍കിയത് പതിനൊന്നു പേര്‍. ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ റജിമോന്‍ കെ, മലയാളം വിംഗ്, കൈരളി പ്രവര്‍ത്തകന്‍ വില്‍സണ്‍ ജോര്‍ജ്, മസ്‌കത്ത് ടെക്‌നിക്കല്‍ കോളജ് അധ്യാപകന്‍ ബഷീര്‍, ട്രാന്‍സ്‌പോര്‍ട്ട് രംഗത്തു പ്രവര്‍ത്തിക്കുന്ന രാജീവ്, നിലവിലെ ബി ഒ ഡി അംഗം അരുള്‍ മൈക്കിള്‍ തുടങ്ങിയവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരിലെ പ്രധാനികള്‍. അതിനിടെ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ (സെന്റര്‍ ഫോര്‍ സെപെഷ്യല്‍ എഡ്യുക്കേഷന്‍-സി എസ് ഇ) രക്ഷിതാക്കള്‍ക്കും വോട്ടവകാശം അനുവദിച്ചു. ഈ വിഭാഗത്തില്‍ 66 രക്ഷിതാക്കള്‍ക്കുകൂടി വോട്ടവകാശം അനുവദിച്ച് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു.
സി എസ് ഇയില്‍ പഠിക്കുന്ന കുട്ടികളെയും മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായി പരിഗണിക്കണമെന്നും രക്ഷിതാക്കള്‍ക്ക് വോട്ടകവാശം വേണമെന്നുമുള്ള ആവശ്യം ശക്തമായതിനെത്തുടര്‍ന്നാണ് പരിഗണിച്ചതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അംഗം ജയസേനന്‍ പറഞ്ഞു. 66 രക്ഷിതാക്കളെയാണ് ഈ വിഭാഗത്തില്‍ പുതുതായി ഉള്‍പെടുത്തിയത്. ഈ രക്ഷിതാക്കള്‍ക്കും ജി ആര്‍ നമ്പറും പാരന്റ് കോഡും അനുവദിച്ചിട്ടുണ്ടെന്നും സി എസ് ഇ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നതും അധ്യാപകര്‍ക്ക് വിസയും ശമ്പളവും നല്‍കുന്നതുമെല്ലാം ഐ എസ് എമ്മില്‍ നിന്നായതിനാല്‍ അവരെ രക്ഷിതാക്കളിള്‍ ഉള്‍പെടുത്തുന്നതില്‍ അപാകതയില്ലെന്നും പേരു വിട്ടു പോയ രക്ഷിതാക്കള്‍ക്ക് വിവരം അറിയിക്കാമെന്ന് പ്രഥമ വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോള്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സി എസ് ഇ രക്ഷിതാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള ഒരു സ്ഥാനാര്‍ഥിയുടെ താത്പര്യാര്‍ഥമാണ് 66 രക്ഷിതാക്കളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ചില രക്ഷിതാക്കള്‍ പരാതിപ്പെട്ടു. നിലവിലെ ബി ഒ ഡിയില്‍ അംഗമായ ഒരാളുടെ താത്പര്യാര്‍ഥമാണ് ഈ നീക്കമെന്നും പരാതിയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു പരാതിയും ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സി എസ് ഇ രക്ഷിതാക്കള്‍ ഐ എസ് എം രക്ഷിതാക്കളല്ലെന്ന് പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച 11 പേരില്‍ ഏതാനും ഡമ്മി സ്ഥാനാര്‍ഥികള്‍ കൂടി ഉണ്ടെന്നാണ് വിവരം. ഇവരുള്‍പെടെ മത്സര രംഗത്തു നിന്നും ഏതാനും പേര്‍ പിന്മാറുന്നതോടെ ഈ വര്‍ഷം ഏഴോ ഒമ്പതോ പേര്‍ മാത്രമേ മത്സരരംഗത്തുണ്ടാകൂ എന്നാണ് സൂചനകള്‍. അഞ്ചു സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ 14 പേര്‍ മത്സരിച്ചിരുന്നു. പത്രികകളുടെ സൂക്ഷ്മ പരിശോധന അടുത്ത ദിവസം നടക്കും. അന്തിമ പട്ടിക തിരഞ്ഞെടുപ്പിനു പതിനഞ്ചു ദിവസം മുമ്പാണ് പ്രസിദ്ധപ്പെടുത്തുക.
സ്ഥാനാര്‍ഥികള്‍ക്ക് പരസ്യ പ്രചാരണം പാടില്ലെന്ന് തിരഞ്ഞെടുപ്പു നിയമം അനുശാസിക്കുന്നുണ്ട്. രക്ഷിതാക്കളെ നേരില്‍ കണ്ടും സാമൂഹിക സംഘടനകള്‍, കൂട്ടായ്മകള്‍ എന്നിവ മുഖേനയും വോട്ടഭ്യര്‍ഥിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതോടെയേ വോട്ടഭ്യര്‍ഥന ചൂടു പിടിക്കൂ. നിലവിലെ ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്‌സാന്‍ഡര്‍ ഉള്‍പെടെ ഏതാനും പേര്‍ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അരുള്‍ മൈക്കിള്‍ മാത്രമാണ് പത്രിക നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ഇന്ത്യന്‍ സ്‌കൂളുകളുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന പൊതു പ്രവര്‍ത്തകന്‍ വില്‍സണ്‍ ജോര്‍ജിന്റെയും മാധ്യമ പ്രവര്‍ത്തകന്‍ റജിമോന്റെയും സ്ഥാനാര്‍ഥിത്വമാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

---- facebook comment plugin here -----

Latest