Connect with us

Kerala

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

Published

|

Last Updated

കൊച്ചി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷക്കെതിരായ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ തള്ളിയാണ് കോടതി വധശിക്ഷ ശരിവെച്ചത്. ജസ്റ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രത്യേക കോടതി വിധി റദ്ദാക്കാന്‍ നിര്‍വാഹമില്ലെന്ന് കോടതി നിരീക്ഷിച്ചു. സഹയാത്രക്കാര്‍ ഇടപെടാത്തത് നിര്‍ഭാഗ്യകരമാണ്. ദുരന്തത്തേക്കാള്‍ ഭയാനകരമാണ് സഹയാത്രക്കാരുടെ അനാസ്ഥ. റെയില്‍വേയുടെ ഭാഗത്തുനിന്നും സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ട്. സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റണം. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കണം. കോടതി വിധിയുടെ പകര്‍പ്പ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കണമെന്നും കോടതി പറഞ്ഞു.

കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്നും അര്‍ഹിക്കുന്ന നീതി കിട്ടിയെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രക്കാരിയായിരുന്ന സൗമ്യയെ തമിഴ്‌നാട് കടലൂര്‍ ജില്ലക്കാരനായ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ആ വര്‍ഷം നവംബറില്‍ തന്നെ കേസിന്റെ വിധിയും വന്നു. പല വകുപ്പുകളില്‍ 2,0100 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിരുന്നു. കേസില്‍ 86 സാക്ഷികളെയായിരുന്നു പ്രൊസിക്യൂഷന്‍ വിസ്തരിച്ചത്.

Latest