Connect with us

Gulf

ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം: ഡി എച്ച് എ

Published

|

Last Updated

ദുബൈ: ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഏതാനും മാസത്തിനകം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഡി എച്ച് എ(ദുബൈ ഹെല്‍ത്ത് അതോറിറ്റി). ഡി എച്ച് എ നടപ്പാക്കുന്ന പുതിയ ഇന്‍ഷൂറന്‍സ് നിയമത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ദിവസം ഇന്‍ഷൂറന്‍സ് കമ്പനികളുമായി ഡി എച്ച് എ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് ഇന്‍ഷൂറന്‍സ് നടപ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

ആയിരത്തില്‍ അധികം ജീവനക്കാരുള്ള കമ്പനികളും സ്ഥാപനങ്ങളും അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പാക്കണം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്.
എമിറേറ്റില്‍ ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കുന്നത് ഈ മേഖലയില്‍ നിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ മൈദൂര്‍ അഭിപ്രായപ്പെട്ടു. പുതിയ നിയമം നിക്ഷേപകരെ എമിറേറ്റിലെ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്‍ഷൂറന്‍സ് കമ്പനിക്കൊപ്പം ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കും രോഗികള്‍ക്കും നേട്ടമാവും. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ 1,000 ജീവനക്കാരില്‍ കൂടുതല്‍ ഉള്ള കമ്പനികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 100 മുതല്‍ 999 ജീവനക്കാര്‍ വരെയുള്ള ഇടത്തരം കമ്പനികള്‍ 2016 ജൂലൈയോടെ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ഉറപ്പാക്കണം.
മൂന്നാം ഘട്ടത്തില്‍ 100ല്‍ താഴെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇത്തരം കമ്പനികള്‍ 2016 ജൂണിന് മുമ്പ് ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കണം. ഇതേ കാലയളവിനിടയില്‍ ജീവനക്കാരുടെ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍ കുട്ടികള്‍ തുടങ്ങിയ ആശ്രിതര്‍ക്കും ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.
നിയമം പ്രാബല്യത്തില്‍ വരുന്ന തിയ്യതിക്ക് ശേഷം ഇന്‍ഷൂറന്‍സ് ഉറപ്പാക്കാത്തവര്‍ക്ക് വിസ പുതുക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
നിയമം നടപ്പാവുന്നതോടെ എമിറേറ്റില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് മെഡിക്ലിനിക് മിഡില്‍ ഈസ്റ്റ് സി ഇ ഒ ഡേവിഡ് ഹെഡ്‌ലി അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് ഇതോടെ മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രവാസികളും 4,000 ദിര്‍ഹത്തില്‍ താഴെ മാസ ശമ്പളവുമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാണ് താല്‍പര്യമെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് പറഞ്ഞു. 500 മുതല്‍ 700 ദിര്‍ഹം വരെയാവും പ്രതിവര്‍ഷം ഇതിനായി കമ്പനികള്‍ ഈടാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest