Connect with us

Kerala

എല്‍ ഡി എഫ് സമരം ശക്തിപ്പെടുത്തും, വേദി മാറ്റില്ല

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടുള്ള ക്ലിഫ്ഹൗസ് ഉപരോധം തുടരാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. സമരം പൊളിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നായിരുന്നു യോഗത്തിന്റെ പൊതുവികാരം. സി പി ഐയും ആര്‍ എസ് പിയും സമരവേദി മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും അംഗീകരിച്ചില്ല. ജനപങ്കാളിത്തം വര്‍ധിപ്പിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ പന്ന്യന്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസം 24, 25 തീയതികളില്‍ സമരമുണ്ടാകില്ല. ക്ലിഫ്ഹൗസ് ഉപരോധം തെറ്റാണെന്ന് സമര്‍ഥിക്കാനുള്ള ശ്രമമാണ് ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മന:സാക്ഷി സൂക്ഷിപ്പുകാരുമെല്ലാം കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രണ്ട് ഭൂമി തട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ് സലിം രാജ്. സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട ഫയാസിനും ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസുമായാണ്. ഉപരോധ സ്ഥലത്ത് റോഡില്‍ ബാരിക്കേഡ് വെച്ച് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് പോലീസാണ്. എന്നാല്‍, ഒരു വീട്ടമ്മ പ്രതിഷേധിക്കുകയും അതിന് മറ്റൊരാള്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. സമരങ്ങള്‍ പലതിനെയും കൈകാര്യം ചെയ്യാന്‍ സഹായിച്ച വ്യക്തിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ അപകടത്തില്‍പ്പെട്ടയാളോട് സ്വീകരിച്ച സമീപനം എന്തെന്ന് എല്ലാവര്‍ക്കുമറിയാം.
രണ്ട് റോഡുകള്‍ തടസ്സപ്പെടുത്തി ബാരിക്കേഡ് കെട്ടിയപ്പോള്‍ തന്നെ ജനങ്ങളുടെ പ്രയാസം ഡി ജി പി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചതാണ്. എന്നാല്‍ അത് പരിഗണിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും തടയുകയെന്ന ലക്ഷ്യമല്ല സമരത്തിനുള്ളത്. ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. 14957 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. ഇതില്‍ 8430 പരാതികളും എ പി എല്‍ കാര്‍ഡില്‍ നിന്ന് ബി പി എല്‍ ആക്കാന്‍ വേണ്ടിയായിരുന്നു. സ്വന്തക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമരത്തോട് ഘടകകക്ഷി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മുന്നണി ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നായിരുന്നു വൈക്കം വിശ്വന്റെ മറുപടി. എല്‍ ഡി എഫിന്റെ അടിത്തറ ശക്തിപ്പെടുത്തണമെന്ന പൊതുതീരുമാനം നേരത്തെയെടുത്തതാണ്. തെറ്റിദ്ധാരണ മൂലം മുന്നണി വിട്ടവര്‍ വസ്തുത ബോധ്യപ്പെടുമ്പോള്‍ തിരിച്ച് വരും. ജെ എസ് എസിനെ മുന്നണിയിലെടുക്കുന്ന കാര്യം അവര്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ ചര്‍ച്ച ചെയ്യും.
നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യു ഡി എഫ് ബി ജെ പിയില്‍ അഭയം പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.