Connect with us

International

ദക്ഷിണ സുഡാനില്‍ വിമതരും സൈന്യവും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടല്‍

Published

|

Last Updated

ജൂബ: ആഭ്യന്തര കലാപം വ്യാപിക്കുന്ന ദക്ഷിണ സുഡാനില്‍ വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. 20,000 ത്തോളം പേര്‍ ഇപ്പോള്‍ യു എന്നിന്റെ അഭയാര്‍ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. ദക്ഷിണ സുഡാനിലെ പ്രധാന നഗരമായ ബോറിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായി സൈന്യം സ്ഥിരീകരിച്ചു.
തങ്ങളുടെ സൈന്യത്തിന് ബോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി സൈന്യത്തിന്റെ വക്താവ് ഫിലിപ്പ് അഗുര്‍ പറഞ്ഞു. അട്ടിമറിക്ക് മുന്നോടിയായി നടന്ന ആക്രമണമാണെന്നും ഇതിന് പിന്നില്‍ ജൂലൈയില്‍ പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് മച്ചറാണെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാറിനെതിരെ സൈനിക അട്ടിമറിക്ക് ശ്രമിച്ചുവെന്ന ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ കീറിന്റെ ആരോപണം പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്റ് റിയാക് മച്ചര്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
തലസ്ഥാനമായ ജൂബയില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കലാപകാരികള്‍ വ്യാപക കൊള്ളിവെപ്പ് നടത്തി. മുന്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബോറിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം.
എണ്ണ നിക്ഷേപമുള്ള പ്രദേശമാണ് ദക്ഷിണ സുഡാന്‍ എന്നതിനാല്‍ ഇവിടെ നേരത്തെയും സംഘര്‍ഷമുണ്ടാകാറുണ്ട്.
അട്ടിമറി നടത്താന്‍ മച്ചറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സൈനികര്‍ ശ്രമിച്ചെന്നും സര്‍ക്കാര്‍ അത് പരാജയപ്പെടുത്തിയെന്നും ഞായറാഴ്ചയാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാല്‍ ഇതിനുപിന്നാലെ തലസ്ഥാനത്തെ പ്രസിഡന്റ് ആസ്ഥാനത്തിന് സമീപം സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി. സൈനിക അട്ടിമറിക്ക് ശ്രമിച്ച മച്ചറിന്റെ അനുയായികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മച്ചര്‍ ഒളിവിലാണെന്നും ദക്ഷിണ സുഡാന്‍ സൈനിക മേധാവികള്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി സായുധ വിമത ഗ്രൂപ്പുകള്‍ ദക്ഷിണ സുഡാന് വേണ്ടി പോരടിച്ചിട്ടുണ്ട്. ബോറിനെ തലസ്ഥാനമാക്കി പ്രത്യേക രാജ്യം രൂപവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
രാജ്യത്തെ രണ്ട് വംശീയ ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ യു എന്‍ ആശങ്ക രേഖപ്പെടുത്തി. കിറിന്റെ നേതൃത്വത്തിലുള്ള ദിനക ഗ്രൂപ്പും, മച്ചറിന്റെ നേതൃത്വത്തിലുള്ള നൗര്‍ ഗ്രൂപ്പുമാണ് ഏറ്റുമുട്ടുന്നത്.
1991 ല്‍ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് എന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നയാളാണ് മച്ചര്‍. ഈ പാര്‍ട്ടിയാണ് ഇപ്പോള്‍ ദക്ഷിണ സുഡാന്‍ ഭരിക്കുന്നത്. ദക്ഷിണ സുഡാനിലെ യൂനിറ്റി, അപ്പര്‍ നൈല്‍ സംസ്ഥാനങ്ങളിലാണ് എണ്ണ നിക്ഷേപമുള്ളത്.
പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ചര്‍ച്ചകളാണ് വേണ്ടതെന്ന് യു എന്‍ ആവശ്യപ്പെട്ടു. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചക്ക് യു എന്നിനെ മധ്യസ്ഥരാക്കാന്‍ പ്രസിഡന്റ് യു എന്നിനോട് ആവശ്യമുന്നയിക്കണമെന്ന് ഉഗാണ്ട സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ആഫ്രിക്കന്‍ വിദേശകാര്യ മന്ത്രി മധ്യസ്ഥ ചര്‍ച്ചക്കായി ജൂബയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വിവിധ പ്രദേശങ്ങളില്‍ അഭയാര്‍ഥി ക്യാമ്പ് തുറന്നതായി യു എന്‍ അറിയിച്ചു. ബോര്‍, ബെന്‍ടിയു, ജൂബ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനും, യു എസും ദക്ഷിണ സുഡാനിലേക്ക് പ്രത്യേക വിമാനങ്ങയച്ചു.
തങ്ങളുടെ പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ ഈ വിമാനങ്ങളുപയോഗിക്കും. തങ്ങളുടെ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാനും യു എസും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest