Connect with us

Kerala

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ലീഗ് നേതൃത്വം എം എസ് എഫിനെ തഴഞ്ഞു

Published

|

Last Updated

കോഴിക്കോട്: എം എസ് എഫിനെ അവഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് പദവി കെ എസ് യുവിന് നല്‍കിയ ലീഗ് നേതൃത്വത്തിന്റെ നടപടി വിവാദമാകുന്നു. സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിലാണ് ലീഗ് നേതൃത്വം എം എസ് എഫിനെ തഴഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിന്‍ഡിക്കേറ്റ് പദവി വഹിക്കുന്ന എം എസ് എഫിന് ഇത്തവണ അവസരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ എം എസ് എഫിന്റെ ഭാഗത്ത് നി്ന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

രാജ്യസഭാ സീറ്റിന് വേണ്ടിയുള്ള കരുനീക്കത്തിന്റെ ഭാഗമായാണ് സ്വന്തം വിദ്യാര്‍ഥിസംഘടനയെ ബലിയാടാക്കി ലീഗ് കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്തുന്നത് എന്നാണ് വിവരം. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ നേതൃത്വത്തിലാണ് ഇതിന് വേണ്ടി ചരടുവലി നടത്തിയതെന്നും ആരോപണമുയരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ കെ പി എ മജീദുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് പദവി കെ എസ് യു വിന് അടിയറവ് വെക്കാന്‍ ലീഗ് സമ്മതിച്ചത്. ഇതിന് ബദലായി ഒരു രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിട്ടുണ്ടത്രെ.

യു ഡി എഫ് തീരുമാനത്തിന്റെ ഭാഗമായാണ് കെ എസ് യു വിന് സിന്‍ഡിക്കേറ്റ് പദവി നല്‍കിയതെന്ന് കെ പി എ മജീദ് സിറാജ്‌ലൈവിനോട് പറഞ്ഞു. സിന്‍ഡിക്കേറ്റില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് യു ഡി എഫാണ്. പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ ആളുകളെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാനാണ് സിന്‍ഡിക്കേറ്റ് പദവി കെ എസ് യുവിന് നല്‍കിയതെന്നും ലീഗ് നേതൃത്വം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം ശരിയാണെങ്കില്‍ കെ പി എ മജീദിന്റെ ബന്ധുവും കഴിഞ്ഞ സിന്‍ഡിക്കേറ്റിലെ അംഗവുമായ ഒരാളെ ഇത്തവണയും നിലനിര്‍ത്തിയത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് എം എസ് എഫ് നേതൃത്വം ചോദിക്കുന്നു. വി സിയുടെ വിദ്യാര്‍ഥിവിരുദ്ധ നടപടികളെ എം എസ് എഫ് ചോദ്യം ചെയ്തതും പുതിയ നീക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന.

എം എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി, വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന സെക്രട്ടറി ഫാത്തിമ സുഹീല, മലപ്പുറം ജില്ലാ പ്രസിഡന്റ് എന്‍ എ കരീം, തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അസ്ഹറുദ്ദീന്‍, വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ലുഖ്മാനുല്‍ ഹഖീം എന്നീ നീണ്ടനിരയെ വെട്ടിമാറ്റിയാണ് ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്തിയത്. ലീഗിന്റെ നിലപാടില്‍ എം എസ് എഫിന്റെ താഴെതട്ടുമുതല്‍ പ്രതിഷേധം ശക്തമാണ്. ഈ പ്രതിഷേധം ലീഗ് നേതൃത്വത്തെ അറിയിച്ചെങ്കിലും അവര്‍ മുഖവിലക്കെടുത്തില്ലെന്നും എം എസ് എഫ് നേതാക്കള്‍ പറയുന്നു. എം എസ് എഫ് നേതാക്കള്‍ക്ക് പുറമെ ലീഗിലെ ചില നേതാക്കളും ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest