Connect with us

Ongoing News

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏഴാം സീസണ്‍ നാളെ തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏഴാമത് സീസണ്‍ നാളെ തുടങ്ങും. ജി കെ എസ് എഫിന്റെ സംസ്ഥാനതല കൂപ്പണ്‍ വിതരണോദ്ഘാടനം ഇന്ന് മലപ്പുറത്ത് ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വഹിക്കും. 2014 ഫെബ്രുവരി അഞ്ചിനാണ് ജി കെ എസ് എഫ് സമാപിക്കുക. 46 ദിവസങ്ങളിലായി നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യാപരോത്സവമാണ് ജി കെ എസ് എഫ്. മേള സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയെ സജീവമാക്കുമെന്നാണ് പ്രതീക്ഷയെന്ന് അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പതിനൊന്ന് കോടി രൂപയുടെ സ്വര്‍ണ സമ്മാനങ്ങളും നാല് കോടി രൂപയുടെ ക്യാഷ് പ്രൈസുമാണ് ഇത്തവണ ജി കെ എസ് എഫിനെ ശ്രദ്ധേയമാക്കുന്നത്. മെഗാ സമ്മാനങ്ങളെല്ലാം ക്യാഷ് പ്രൈസ് ആയാണ് വിതരം ചെയ്യുക. ബംപര്‍ സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 15 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി 20 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. 50 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. ഇതിന് പുറമെ ജില്ലാതലത്തില്‍ നടക്കുന്ന പ്രതിവാര നറുക്കെടുപ്പിലൂടെ 7, 000 സ്വര്‍ണ നാണയങ്ങളും സമ്മാനമായി നല്‍കുന്നുണ്ട്. ബംപര്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹമാകുന്ന കൂപ്പണ്‍ വില്‍പ്പന ചെയ്ത വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇത്തവണ സമ്മാനങ്ങള്‍ നല്‍കും.
ഒരു ലക്ഷത്തിലധികം വ്യാപരസ്ഥാപനങ്ങള്‍ ഏഴാമത് സീസണില്‍ പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ വന്‍ തോതിലുള്ള പങ്കാളിത്തം കൂടുതല്‍ ഉപഭോക്താക്കളെ ജി കെ എസ് എഫിലേക്ക് ആകര്‍ഷിക്കും. കൂപ്പണ്‍ വിതരണം രണ്ട് കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഒരു കോടി രൂപ സമ്മാനം ലഭിക്കുന്ന കൂപ്പണ്‍ വിതരണം ചെയ്യുന്ന വ്യാപാര സ്ഥാപന ഉടമക്ക് ഒരു ലക്ഷം രൂപയും പത്ത് ലക്ഷത്തിന്റേതിന് 25, 000 രൂപയും അഞ്ച് ലക്ഷത്തിന്റെതിന് 10,000 രൂപയും ഒരു ലക്ഷം രൂപയുടെ സമ്മാനത്തിന് 5000 രൂപയുമാണ് പ്രോത്സാഹനമായി നല്‍കുക.

 

Latest