Connect with us

Articles

അപ്പോള്‍ ദക്ഷിണ സുഡാന്‍ നല്‍കുന്ന പാഠമതാണ്

Published

|

Last Updated

2011 ജൂലൈ ഒന്‍പത്. അന്നാണ് ലോകത്തെ ഏറ്റവും പുതിയ രാജ്യമായി തെക്കന്‍ സുഡാന്‍ പിറന്നത്. ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യ സുഡാന്‍ വെട്ടിമുറിച്ചാണ് ദക്ഷിണ സുഡാന്‍ ഉണ്ടാക്കിയത്. പുതിയ രാഷ്ട്രത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും മുഴച്ചു നിന്നത് ശോഭനമല്ലാത്ത ഭാവിയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. പ്രശ്‌നങ്ങള്‍ തീരാന്‍ പോകുന്നില്ല. മുറിച്ചപ്പോള്‍ ഒഴുകിയ ചോര നിലക്കില്ല. ഉണങ്ങാത്ത മുറിവായി അതങ്ങനെ തുടരും. സാമ്രാജ്യത്വം ഉപേക്ഷിച്ചുപോയ എല്ലാ ജനപഥങ്ങളിലും ഇത്തരം നിതാന്ത വ്രണങ്ങള്‍ അവശേഷിക്കപ്പെട്ടിട്ടുണ്ട്. എണ്ണ സമ്പന്ന മേഖലയായ അബേയിയുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. അതുമാത്രം മതി പരസ്പരം പോരടിക്കാന്‍. പിന്നെയും എത്ര എത്ര കാരണങ്ങള്‍. മറ്റേതൊരു ആഫ്രിക്കന്‍ രാജ്യത്തെയും പോലെ സുഡാനും സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ നിന്ന് മോചനമില്ല. ഇതൊക്കെ പറയുമ്പോഴും എണ്ണ സമ്പത്തിന്റെ സമാധാനപരമായ പങ്ക് വെക്കല്‍ ഇരു സുഡാനുകളെയും ശാന്തിയിലേക്ക് നയിക്കുമെന്ന നേര്‍ത്ത പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ പക്ഷേ ഈ നേര്‍ത്ത വെളിച്ചവും അസ്തമിക്കുന്നതിന്റെതാണ്. ഇടക്കാലത്ത് ദക്ഷിണ- ഉത്തര സുഡാനുകള്‍ ചില നീക്കുപോക്കുകള്‍ക്ക് തയ്യാറായിരുന്നു. ഉമര്‍ അല്‍ ബാശിറും സല്‍വാ കിറും തമ്മിലുള്ള ചില ഒത്തുതീര്‍പ്പുകള്‍. താബോ എംബക്കിയുടെയും ആഫ്രിക്കന്‍ യൂനിയന്റെയും ഇടപെടലുകള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരുന്നു.
പുതിയ സംഘര്‍ഷം ഉത്തര, ദക്ഷിണ സുഡാനുകള്‍ തമ്മിലല്ല. ദക്ഷിണ സുഡാനിലെ വിരുദ്ധ ചേരികള്‍ തമ്മിലാണ്. പുതിയ രാഷ്ട്രത്തിന്റെ പിറവി തന്നെ അപ്രസക്തമാക്കുന്ന അരാജകത്വമാണ് അവിടെ ഇപ്പോള്‍ നടമാടുന്നത്. ക്രൂരമായ വിഘടന പ്രവണതകള്‍ ആ കൊച്ചു രാഷ്ട്രത്തെ ദുരന്തഭൂമിയാക്കുകയാണ്. നൂറുകണക്കിനാളുകള്‍ മരിച്ചു വീണിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ യു എന്‍ ക്യാമ്പില്‍ അഭയം തേടി. ഒരു തരം ജയില്‍ തന്നെയാണത്. സുരക്ഷയൊരുക്കാനാകാത്ത സര്‍ക്കാര്‍ സ്വന്തം ജനതയെ ജയിലിലടച്ചിരിക്കുന്നു.
ദക്ഷിണ സുഡാനില്‍ ഭരണം കൈയാളുന്ന സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റി (എസ് പി എല്‍ എം) ലെ ഉള്‍പ്പോരാണ് പുതിയ ചോരക്കളിക്ക് കാരണം. ഐക്യ സുഡാനില്‍ നിന്ന് വേര്‍പെടാനായി ദശകങ്ങള്‍ നീണ്ട ഗറില്ലാ ആക്രമണങ്ങളും രക്തരൂഷിത പോരാട്ടങ്ങളും നടത്തിയ എസ് പി എല്‍ എമ്മിന് അധികാരം കൈവന്നപ്പോള്‍ സംഘടനക്കകത്തെ ഗ്രൂപ്പുകള്‍ക്കിടയില്‍ അത് എങ്ങനെ വീതിക്കണമെന്ന് അറിയാതെ പോയതാണ് അടിസ്ഥാന പ്രശ്‌നം. പാശ്ചാത്യ സഹായത്തോടെ ഉമര്‍ ബാശിര്‍ ഭരണകൂടത്തിനെതിരെ ജോണ്‍ ഗാരംഗിന്റെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ രണ്ടാം നിരക്കാരായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് സല്‍വാ കിറും പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റീക് മച്ചറും. ദക്ഷിണ സുഡാന്റെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാരംഗിന്റെ കാലത്ത് തന്നെ ഈ രണ്ടാം നിരക്കാര്‍ തമ്മില്‍ വടംവലി ശക്തമായിരുന്നു. ഗോത്ര വൈജാത്യം തന്നെയായിരുന്നു കാരണം. ദിങ്കാ ഗോത്രക്കാരനാണ് സല്‍വാ കിര്‍. മച്ചര്‍ നുവര്‍ ഗോത്രക്കാരനും. ദിങ്കാ വിഭാഗമാണ് ഭൂരിപക്ഷം. എന്നാല്‍, സൈനിക ബലം കൊണ്ടും സമ്പത്ത് കൊണ്ടും ( കന്നുകാലികളാണ് പ്രധാന സമ്പത്ത്) ഒട്ടും പിറകിലല്ല നുവറുകള്‍. സംഘടനക്കകത്ത് അര്‍ഹമായ സ്ഥാനം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് ഗാരംഗിനെതിരെ ഉള്‍ക്കലാപം നയിച്ചയാളാണ് മച്ചര്‍. ഒരു ഘട്ടത്തില്‍ ഉമര്‍ അല്‍ ബാശിറുമായി കൈകോര്‍ക്കാന്‍ വരെ തയ്യാറായി. പക്ഷേ, 2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗാരംഗ് കൊല്ലപ്പെട്ടതോടെ സംഘടനക്കകത്തെ വിമത പ്രവര്‍ത്തനം അവസാനിപ്പിച്ച മച്ചര്‍, സല്‍വാ കിറുമായി കൈകോര്‍ക്കാന്‍ തയ്യാറായി. 2005ല്‍ തന്നെ ഉമര്‍ ബാശിറുമായി കരാറുണ്ടാക്കി. ആ കരാറിന്റെ അടിസ്ഥാനത്തിലാണ് 2011ല്‍ ഹിതപരിശോധന നടന്നതും നേരത്തേ സ്വയംഭരണം മാത്രമുണ്ടായിരുന്ന ദക്ഷിണ സുഡാന്‍ സ്വതന്ത്ര രാഷ്ട്രമാകുന്നതും.
സ്വയംഭരണം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രസിഡന്റ് സല്‍വാ കിറും വൈസ് പ്രസിഡന്റ് റീക് മച്ചറുമായിരുന്നു. പ്രധാന സര്‍ക്കാര്‍ സ്ഥാനങ്ങളെല്ലാം ഇരു കൂട്ടരും പങ്കിട്ടെടുത്തു. സമ്പൂര്‍ണ രാഷ്ട്രമായപ്പോഴും ഈ അധികാര ശ്രേണി തുടര്‍ന്നു. പക്ഷേ, ഭരണം മുന്നോട്ടു പോകവേ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. സല്‍വാ കിര്‍ തങ്ങളുടെ ഗോത്രത്തെ പരിഗണിക്കുന്നില്ലെന്ന് നുവര്‍ പ്രമുഖര്‍ പരാതിപ്പെട്ടു. ഈ അസ്വസ്ഥതക്ക് വളം വെച്ചു കൊടുക്കാന്‍ മച്ചര്‍ തയ്യാറായതോടെ തൊഴുത്തില്‍ക്കുത്ത് മുറുകി. ഒടുവില്‍ കഴിഞ്ഞ ജൂലൈയില്‍ മച്ചറിനെ സല്‍വാ കിര്‍ നിഷ്‌കരുണം പുറത്താക്കി. അന്ന് തൊട്ട് മച്ചര്‍ തുടങ്ങിയ തന്ത്രപരമായ നീക്കങ്ങളാണ് സൈനിക കലാപത്തില്‍ കലാശിച്ചിരിക്കുന്നത്. സൈന്യം നെടുകെ പിളര്‍ന്നിരിക്കുന്നു. ബോര്‍ പോലുള്ള തന്ത്രപ്രധാനവും എണ്ണ സമ്പന്നവുമായ പ്രദേശങ്ങള്‍ വിമതര്‍ പിടിച്ചടക്കിക്കഴിഞ്ഞു. മച്ചര്‍ അജ്ഞാത കേന്ദ്രത്തിലാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും യു എന്‍ ഇടപെടണമെന്നും സല്‍വാ കിര്‍ ആവശ്യപ്പെട്ടിരിക്കുന്നു. മറ്റൊരു വിഭജനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാനിടയുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഓര്‍മ്മകള്‍ വേണം
അറബ് സ്വാധീനഫലമായുണ്ടായ സാമൂഹിക മുന്നേറ്റത്തിന്റെ അന്തഃസത്ത തകര്‍ക്കുന്ന തരത്തിലുള്ള കലഹങ്ങള്‍ക്ക് തിരികൊളുത്തിയത് ഗോത്രപരമായ ഘടകങ്ങളായിരുന്നില്ല. ഈജിപ്തും ബ്രിട്ടനും നടത്തിയ അധിനിവേശമാണ് സംഘര്‍ഷഭരിതമായ ആധുനിക സുഡാന്റെ പിറവിക്ക് അടിസ്ഥാന ഹേതു. 1820 ല്‍ മുഹമ്മദ് അലി പാഷാ ഇന്നത്തെ ഉത്തര സുഡാന്റെ അധികാരം പിടിച്ചു. അദ്ദേഹം ഈജിപ്തിന്റെ സ്വയംപ്രഖ്യാപിത ഭരണാധികാരി ആയിരുന്നു. ഈ ഭരണത്തില്‍ അതൃപ്തരായ ഗോത്ര ഗ്രൂപ്പുകള്‍ ഭരണത്തിനെതിരെ തലപൊക്കിത്തുടങ്ങി. ഒടുവില്‍ കലാപകാരികളെ നേരിടാന്‍ ബ്രിട്ടീഷ് സഹായം തേടിയത് ഈജിപ്ഷ്യന്‍ ഭരണാധികാരികളാണ്. ബ്രിട്ടന് രാഷ്ട്രീയ അധികാരമായിരുന്നില്ല ലക്ഷ്യം. അവര്‍ക്ക് പ്രകൃതിവിഭവങ്ങളിലായിരുന്നു കണ്ണ്. അത്യാര്‍ത്തി മൂത്ത ബ്രിട്ടന്‍ ഈജിപ്തിനെ പുറന്തള്ളാന്‍ കരുക്കള്‍ നീക്കി. ഈ നീക്കം തിരിച്ചറിഞ്ഞ ഈജിപ്ത്, സുഡാന് സ്വയംഭരണാവകാശം നല്‍കിക്കൊണ്ടാണ് തിരിച്ചടിച്ചത്.
1956ല്‍ സ്വതന്ത്ര സുഡാന്‍ പിറന്നു. പക്ഷേ, അന്തഃഛിദ്രത്തിന്റെ വിത്തുകള്‍ പാകിയാണ് സാമ്രാജ്യത്വം വിടവാങ്ങിയത്. ഈജിപ്തിന് വേണ്ടി ബ്രിട്ടന്‍ ഭരിച്ചിരുന്നപ്പോള്‍ ഭരണ സൗകര്യത്തിനെന്ന പേരില്‍ ദക്ഷിണ സുഡാെനയും ഉത്തര സുഡാനെയും രണ്ട് യൂനിറ്റുകളായാണ് കണ്ടിരുന്നത്. ഉത്തര സുഡാന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം. ദക്ഷിണ സുഡാനാകട്ടെ ക്രിസ്ത്യാനികളുടെ നാട്. ഇതൊരു വൈരുധ്യവും ഏച്ചുകെട്ടലുമാണെന്ന് പാശ്ചാത്യര്‍ നിരന്തരം ആവര്‍ത്തിച്ചപ്പോള്‍ പിളരാതെ വയ്യെന്നായി.
പുതിയ രാഷ്ട്രം പുതിയ സ്വപ്നം
ഉമര്‍ ബാശിര്‍ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ പൗരാവകാശത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ പോകുന്നു, ആനന്ദിപ്പിന്‍ എന്ന മട്ടിലായിരുന്നു ദക്ഷിണ സുഡാന്റെ പിറവി പാശ്ചാത്യ മാധ്യമങ്ങള്‍ കൊണ്ടാടിയത്. എണ്ണ സമ്പത്ത് യുക്തിപൂര്‍വം വിനിയോഗിച്ച് വികസനത്തിലേക്ക് കുതിക്കാന്‍ സാധിക്കുമെന്ന് അവര്‍ ആത്മവിശ്വാസം നല്‍കി. തെക്കുള്ള സാധാരണക്കാര്‍ വാഗ്ദത്ത ഭൂമി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ മതിമറന്നു. ആഘോഷ രാവുകള്‍ അവസാനിച്ചപ്പോള്‍ അവര്‍ യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നു. വിമോചന പോരാട്ടത്തേക്കാള്‍ കഠിനമാണ് ഭരണമെന്ന് നേതാക്കള്‍ മനസ്സിലാക്കി. ഓരോ ഗോത്ര വിഭാഗവും സ്വന്തം നിലക്ക് അധികാരത്തിന്റെ തുരുത്തുകളായി. അഴിമതി കൊടികുത്തി വാണു. ഒരുമിച്ച് നിന്നപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആഫ്രിക്കന്‍ രാജ്യമായിരുന്നു സുഡാന്‍. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മാതൃ, ശിശു മരണ നിരക്കുള്ള രാജ്യമാണ് ദക്ഷിണ സുഡാന്‍. വല്ലാത്തൊരു ഇച്ഛാഭംഗത്തില്‍ ജനങ്ങള്‍ അകപ്പെട്ടു. വിദേശ കമ്പനികള്‍ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നത് നോക്കി നില്‍ക്കാനേ സര്‍ക്കാറിന് സാധിക്കുന്നുള്ളൂ. സ്വന്തമായി എണ്ണ ശുദ്ധീകരണ സംവിധാനങ്ങള്‍ വികസിപ്പിക്കാമെന്ന് പറഞ്ഞ് പിരികയറ്റിയ പാശ്ചാത്യ ശക്തികളൊന്നും ഇന്ന് തിരിഞ്ഞു നോക്കുന്നില്ല. ഉത്തര സുഡാനുമായി ഉണ്ടാക്കിയ എണ്ണ ശുദ്ധീകരണ കരാര്‍ മാത്രമാണ് ഒരു ആശ്വാസം.
ജനങ്ങളുടെ അതൃപ്തിയും നിരാശയും ഏത് വിധത്തിലാണ് പുറത്തു വരികയെന്ന് പറയാനാകില്ല. അത് ഗോത്രാഭിമാന പ്രദര്‍ശനത്തിന്റെ രൂപത്തില്‍ വന്നതാണ് ഇപ്പോള്‍ കാണുന്നത്. റീക് മച്ചര്‍ ഈ അതൃപ്തിയുടെ ഒരു പ്രതീകം മാത്രമാണ്. അദ്ദേഹത്തെയും കൂടെ നില്‍ക്കുന്ന വിമത സൈനികരെയും വിഘടനവാദികള്‍ എന്നും അട്ടിമറിക്കാര്‍ എന്നും തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. പക്ഷേ, വിമതസ്വരങ്ങള്‍ക്ക് ശക്തി പകരുന്ന അമര്‍ഷങ്ങള്‍ ഭരണകൂടങ്ങള്‍ അഭിസംബോധന ചെയ്‌തേ തീരൂ. പുറത്തു നിന്നുള്ള പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ ഉപദേശങ്ങളുമാകരുത് ഒരു രാഷ്ട്രത്തെ നയിക്കേണ്ടത് എന്ന പാഠമാണ് ദക്ഷിണ സുഡാന്‍ നല്‍കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest