Connect with us

National

വിധിന്യായങ്ങളില്‍ ലിംഗ വിവേചനം പാടില്ല: ഡല്‍ഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീ കേസുകളിലെ വിധിന്യായങ്ങളില്‍ ലിംഗ വിവേചനത്തോടെയും ഹൃദയശൂന്യമായുമുള്ള പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അതിവേഗ കോടതി നടത്തിയ ഇത്തരം രണ്ട് പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഒഴിവാക്കുകയും ചെയ്തു.
ഒരു ബലാത്സംഗ കേസില്‍ വിചാരണാ കോടതി നടത്തിയ അഭിപ്രായങ്ങള്‍ പ്രഥമദൃഷ്ട്യാ ഹൃദയശൂന്യമാണെന്ന് ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗ്, വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. വിധിന്യായത്തില്‍ പെണ്‍കുട്ടിയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലല്ല. വിധിയില്‍ ജഡ്ജി സ്ത്രീകളെ സംബന്ധിച്ച വ്യക്തിപരമായ അറിവ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 19നും 24നും ഇടയിലുള്ള പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് സ്വമേധയാ ആണെന്ന നിരീക്ഷണം ഏതെങ്കിലും ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ചല്ല. ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീകളെ ധര്‍മസങ്കടത്തിലാക്കുന്നതാണ് ഇത്. ഇഷ്ടത്തിനുസരിച്ച് ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ആഗ്രഹത്തിനും സമൂഹത്തിന്റെ സമ്മര്‍ദത്തിനും ഇടയില്‍ പെണ്‍കുട്ടികള്‍ വലിച്ചുകീറപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ അനുകമ്പയും സംരക്ഷണവും നല്‍കുകയാണ് വേണ്ടത്. അല്ലാതെ മനഃസംഘര്‍ഷം അനുഭവിക്കുന്ന വ്യക്തിയെന്ന് ചിത്രീകരിച്ച് പരിഹസിക്കുകയല്ല. ബഞ്ച് ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന നീണ്ട സുവിശേഷമാണ് രണ്ടാമത്തെ നിരീക്ഷണമെന്ന് കോടതി സൂചിപ്പിച്ചു. “ഇഷ്ടപ്പെട്ട ജീവിതം നയിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. ഇതിന് ആരെങ്കിലും വിഘാതമുണ്ടാക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ ഒരു ജീവിതം തിരഞ്ഞെടുത്ത സ്ഥിതിക്ക് നിങ്ങളുടെ കരച്ചില്‍ കേള്‍ക്കരുതെന്ന് വ്യവസ്ഥിതിയോട് പറയാന്‍ ഒരു കോടതിക്കും കഴിയില്ല.” ഇതാണ് വിചാരണ കോടതിയുടെ രണ്ടാമത്തെ നിരീക്ഷണം. സ്ത്രീ പീഡന കേസുകളോട് അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന നിരീക്ഷണമാണ് ഇത്. ഹൃദയശൂന്യമായ അന്വേഷണത്തിനും മുഴുവന്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കാതിരിക്കാനും ഇത് ഇടയാക്കും. ബഞ്ച് ചൂണ്ടിക്കാട്ടി.
വിചാരണാ കോടതി ജഡ്ജിക്കെതിരെ ഭരണപരമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ലിംഗവിവേചനപരമായ വിധിന്യായങ്ങള്‍ പോലീസുകാരെയും പ്രോസിക്യൂട്ടര്‍മാരെയും സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Latest