Connect with us

International

തായ്‌ലാന്‍ഡില്‍ വീണ്ടും കൂറ്റന്‍ റാലി

Published

|

Last Updated

ബാങ്കോക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ബാങ്കോക്കില്‍ പ്രക്ഷോഭകര്‍ വീണ്ടും കൂറ്റന്‍ പ്രകടനം നടത്തി. ചെറിയ ഇടവേളക്ക് ശേഷം പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പ്രക്ഷോഭകര്‍ ഇന്നലെ തെരുവിലിറങ്ങിയത്. സര്‍ക്കാര്‍വിരുദ്ധ പ്രകടനത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളും രംഗത്തെത്തി. തലസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളും മറ്റും ഉപരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രക്ഷോഭകര്‍ ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി രാജിവെച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ചു.
രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ച് കഴിഞ്ഞ മാസം അവസാനത്തില്‍ ആരംഭിച്ച പ്രക്ഷോഭം തായ്‌ലാന്‍ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ മാസം ഒമ്പതിന് ഷിനാവത്ര പാര്‍ലിമെന്റ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, പാര്‍ലിമെന്റ് പിരിച്ചുവിട്ടതു കൊണ്ടോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ടോ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും പ്രധാനമന്ത്രി രാജിവെച്ച് ഭരണം പീപ്പിള്‍ കൗണ്‍സിലിന് നല്‍കി തിരഞ്ഞെടുപ്പ് നടത്തിയാലേ പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളുവെന്നും പ്രക്ഷോഭക നേതൃത്വം വ്യക്തമാക്കി. മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം വ്യാപിച്ചതോടെ സുദേബിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തുകയായിരുന്നു.
തായ്‌ലാന്‍ഡ് ജനതക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഇല്ലാതായിട്ടുണ്ടെന്നും രാജ്യത്തെ രാഷ്ട്രീയം പരാജയപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് അഭിസിത് വെജ്ജാജിവ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി രാജിവെച്ചിട്ടില്ലെങ്കില്‍ തലസ്ഥാന നഗരം പ്രക്ഷോഭകര്‍ സ്തംഭിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച ഷിനാവത്ര, താന്‍ രാജിവെക്കണമോ വേണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിക്ക് അനുകലൂമായ പ്രകടനങ്ങളും കൂടുതല്‍ ശക്തമായിട്ടുണ്ട്. ഭരണപക്ഷ പാര്‍ട്ടിയുടെ നേതാക്കളും അനുയായികുളും രൂക്ഷമായ ഭാഷയിലാണ് പ്രക്ഷോഭത്തെ വിമര്‍ശിച്ചത്. അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest