Connect with us

Education

പതിമൂന്ന് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കാന്‍ ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പതിമൂന്ന് കോളജുകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കാന്‍ ശിപാര്‍ശ. പതിനൊന്ന് എയ്ഡഡ് കോളജുകള്‍ക്കും രണ്ട് സര്‍ക്കാര്‍ കോളജുകള്‍ക്കുമാണ് സ്വയംഭരണാവകാശം നല്‍കാന്‍ യു ജി സിക്ക് ശിപാര്‍ശ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. അക്കാദമികവും ഭരണപരവുമായ സ്വാതന്ത്ര്യം ലഭിക്കാന്‍ അര്‍ഹതയുള്ള പതിമൂന്ന് കോളജുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. ഉന്നത വിദ്യാഭ്യാസം, നിയമം, ധനകാര്യം വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങുന്ന സമിതിയാണ് അന്തിമ അംഗീകാരം നല്‍കിയത്.

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവയാണ് പട്ടികയിലിടം നേടിയ സര്‍ക്കാര്‍ കോളജുകള്‍. സെന്റ് ജോസഫ് കോളജ് ദേവഗിരി, എം ഇ എസ് കോളജ് മമ്പാട്, ഫാറൂഖ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, രാജഗിരി കളമശ്ശേരി, തേവര സേക്രഡ് ഹാര്‍ട്‌സ്, സെന്റ് തെരേസാസ് കൊച്ചി, മാര്‍ ഇവാനിയോസ് തിരുവനന്തപുരം, ഫാത്വിമ മാതാ കോളജ് കൊല്ലം, എസ് ബി കോളജ് ചങ്ങനാശ്ശേരി, സെന്റ് തോമസ് കോളജ് തൃശ്ശൂര്‍ എന്നിവയാണ് എയ്ഡഡ് കോളജുകള്‍.
പട്ടികയുടെ കാര്യത്തില്‍ അവസാന തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം യു ജി സിക്കാണ്. കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്തി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരും. യോഗ്യതയുള്ള കോളജുകള്‍ തിരഞ്ഞെടുത്ത് സ്വയംഭരണാധികാരം നല്‍കുന്നതിന് യു ജി സിയോട് ശിപാര്‍ശ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉപാധ്യക്ഷനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറുമായ സ്വയംഭരണ അനുമതി സമിതി (അപ്രൂവല്‍ കമ്മിറ്റി) രൂപവത്കരിക്കാന്‍ വ്യവസ്ഥയുണ്ടാകും.
സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകള്‍ക്ക് അക്കാദമിക് കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാം. സ്വയംഭരണ കോളജുകളുടെ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുന്ന മാര്‍ക്ക് ലിസ്റ്റിനു സര്‍വകലാശാല അംഗീകാരം നല്‍കും. തുടര്‍ന്ന് ബിരുദമോ ഡിപ്ലോമയോ സര്‍വകലാശാല നല്‍കും. സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകള്‍ക്ക് ചോദ്യക്കടലാസ് സ്വയം തയ്യാറാക്കി പരീക്ഷ നടത്താം. അവര്‍ തന്നെ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി സര്‍വകലാശാലക്ക് സമര്‍പ്പിക്കണം. ഇത് സര്‍വകലാശാല അംഗീകരിക്കുകയും സ്വയംഭരണ കോളജ് ശിപാര്‍ശ ചെയ്യുന്നവര്‍ക്കു ബിരുദവും ഡിപ്ലോമയും നല്‍കുകയും ചെയ്യും. ക്രമക്കേട് കാട്ടിയാല്‍ ഇത്തരം കോളജുകളുടെ സ്വയംഭരണാധികാരം സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം.
വൈസ് ചാന്‍സലര്‍ നിയമിക്കുന്ന വിദഗ്ധരും സിന്‍ഡിക്കറ്റ് അംഗങ്ങളും അടങ്ങുന്ന ഉപ സമിതിക്ക് യു ജി സി കൊണ്ടുവന്ന വ്യവസ്ഥകളും മറ്റും സ്വയംഭരണ കോളജുകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാം.
സ്വയംഭരണാധികാര ചട്ടലംഘനം, മോശം അക്കാദമിക് നിലവാരം, പ്രവേശനത്തിലെ ക്രമക്കേട്, ഫീസ് ക്രമക്കേട്, പരീക്ഷാ നടത്തിപ്പ് എന്നിവ സംബന്ധിച്ച പരാതികള്‍ സമിതിക്കു നല്‍കണം.
പതിമൂന്ന് കോളജുകള്‍ക്ക്
സ്വയംഭരണം നല്‍കാന്‍ ശിപാര്‍ശ