Connect with us

National

ലൈംഗിക ആരോപണം: കോടതി തന്റെ വാദം പൂര്‍ണമായി കേട്ടിട്ടില്ലെന്ന് എ കെ ഗാംഗുലി

Published

|

Last Updated

കൊല്‍ക്കത്ത: ലൈംഗിക ആരോപണ കേസില്‍ സുപ്രീം കോടതി തന്റെ വാദം പൂര്‍ണമായി കേട്ടിട്ടില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി എ കെ ഗാംഗുലി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് അയച്ച കത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന മുഴുവന്‍ ആരോപണങ്ങളും ജസ്റ്റിസ് ഗാംഗുലി നിഷേധിക്കുകയും ചെയ്തു.
“അടുത്തിടെയുണ്ടായ ചില സംഭവങ്ങളില്‍ ഞാന്‍ തകര്‍ന്നിരിക്കുകയാണ്. സുപ്രീം കോടതി, കേസുമായി ബന്ധപ്പെട്ട് എന്റെ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല എന്നത് ഏറെ വേദനിപ്പിക്കുന്നു” – എട്ട് പേജുള്ള കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ കത്ത് ജഡ്ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും അയച്ചിട്ടുണ്ട്. തനിക്കെതിരെ ചില മാധ്യമങ്ങളും ഗൂഢശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തന്റെ നിശബ്ദത അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു പെണ്‍കുട്ടിയെയും ഉപദ്രവിച്ചിട്ടില്ല. ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ തന്റെ വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പിന് എത്തുന്നവര്‍ക്കും വലിയ സഹായങ്ങള്‍ നല്‍കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും കത്തില്‍ ഗാംഗുലി വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ മൊഴി ചോര്‍ന്നതില്‍ അദ്ദേഹം അസംപ്തൃതി പ്രകടിപ്പിച്ചു.
ഇന്റേണ്‍ഷിപ്പിനെത്തിയ അഭിഭാഷകയെ ലൈംഗികമായി അവഹേളിക്കാന്‍ ജസ്റ്റിസ് ഗാംഗുലി ശ്രമിച്ചുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.