Connect with us

Ongoing News

അബ്ബാസ് സേട്ടിന്റെ മരണം അന്വേഷിക്കണമെന്ന ഹരജി തള്ളി

Published

|

Last Updated

തിരുവനന്തപുരം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണം അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളി. ഒരു വാര്‍ത്താ സമ്മേളനത്തിലും തുടര്‍ന്ന് സ്വകാര്യ ചാനലിലുമായുള്ള അഭിമുഖത്തിലും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് അബ്ബാസ് സേട്ടിന്റെ മരണം ദുരൂഹമാണെന്ന് ആരോപിച്ച് ആദ്യം രംഗത്ത് വന്നത്.
ഇതില്‍ ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ പ്രതിചേര്‍ത്ത് അനേ്വഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്തു.
ഈ ഹരജിയാണ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കെ വിഷ്ണു തീര്‍പ്പ് കല്‍പ്പിച്ചത്. ഹരജിക്കാരന് ആരോപണ വിഷയവുമായി യാതൊരു നേരിട്ടറിവുമില്ലെന്നും സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ നിന്നുള്ള കേട്ടറിവുമാത്രമാണുള്ളതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എതിര്‍കക്ഷികളെ ആരോപണവുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഹാജരാക്കിയിട്ടില്ല. ഇത്തരമൊരു കാര്യത്തില്‍ അടിസ്ഥാനമില്ലാതെ പോലീസ് അനേ്വഷണത്തിന് ഉത്തരവിടുന്നത് ബന്ധപ്പെട്ടവര്‍ക്ക് അകാരണമായ കളങ്കത്തിനു കാരണമാകും. ഉന്നത സ്ഥാനിയരെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഉപകരണമായി കോടതി നടപടിക്രമങ്ങള്‍ ദുര്‍വിനിയോഗം ചെയ്യാന്‍ ആരെയും അനുവദിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.