Connect with us

National

മൂന്നാം മുന്നണിക്ക് സാധ്യത ആരായുന്നു

Published

|

Last Updated

ഭുവനേശ്വര്‍: അടുത്ത വര്‍ഷാദ്യം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്നാം മുന്നണി രൂപപ്പെടാന്‍ സാധ്യത തെളിയുന്നു. മുതിര്‍ന്ന സി പി ഐ നേതാവ് എ ബി ബര്‍ധനും ഒറീസ മുഖ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നവീന്‍ പട്‌നായ്ക്കും ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് ഈ സാധ്യതക്ക് ശക്തി പകരുന്നത്. കോണ്‍ഗ്രസും ബി ജെ പിയും ഒഴിച്ചുള്ള ഒരു മുന്നണിയില്‍ ചേരാന്‍ ഇരുകക്ഷികള്‍ക്കും താത്പര്യമുണ്ടെന്ന് നവീനും ബര്‍ധനും കൂടിയാലോചനക്ക് ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
“കോണ്‍ഗ്രസിനും ബി ജെ പിക്കും ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇടതു പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു മൂന്നാം മുന്നണി രൂപവത്കരിക്കാനാകും. ഒരു മൂന്നാം ബദല്‍ രൂപപ്പെട്ടാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയെയും കോണ്‍ഗ്രസിനെയും തറപറ്റിക്കാനാകുമെന്ന് ബര്‍ധന്‍ അവകാശപ്പെട്ടു. സി പി ഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കാനാണ് അദ്ദേഹം ഹൈദരബാദിലെത്തിയത്.
കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ ഇടതു കക്ഷികള്‍ നയിക്കുന്ന ഒരു മൂന്നാം ബദലില്‍ ബി ജെ ഡിക്കും ഭാഗഭാക്കാകാമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പ്രസ്താവന വന്ന് ഒരു മാസത്തിനിടെയാണ് നവീനും ബര്‍ധനും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
കഴിഞ്ഞ ഒക്‌ടോബര്‍ 30ന് ന്യൂഡല്‍ഹിയില്‍ ഇടതുകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത രാഷ്ട്രീയ സമ്മേളനത്തില്‍ ബി ജെ ഡി പങ്കാളിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മൂന്നാം ബദല്‍ രൂപവത്കരിക്കുന്ന കാര്യം ഈ റാലിയിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബര്‍ധനുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് നവീന്‍ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും അഴിമതിയില്‍ മുങ്ങിക്കുളിച്ച യു പി എക്കെതിരെ പോരാടാനും വര്‍ഗീയ കൂട്ടുകെട്ടായ എന്‍ ഡി എയെ നേരിടാനും ഒരു ഫെഡറല്‍ മുന്നണി ആവശ്യമാണെന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ആവശ്യപ്പെടുന്ന നേതാവാണ് നവീന്‍. കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോദിക്ക് കോര്‍പറേറ്റുകളുടെ പിന്തുണ ഉണ്ടെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്നിടങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ബര്‍ധന്‍ പറഞ്ഞു. അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ സംസ്ഥാനതലത്തില്‍ സഖ്യമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2000മുതല്‍ ഒറീസ ഭരിക്കുന്ന ബി ജെ ഡിക്ക് 2009വരെ ബി ജെ പിയുമായി സഖ്യത്തിലായിരുന്നു. എന്നാല്‍ 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയുമായുള്ള ബന്ധം വിഛേദിക്കുകയായിരുന്നു.

 

Latest