Connect with us

Kottayam

എം ജി ഫീസ് വര്‍ധന: തീരുമാനം അടുത്ത സിന്‍ഡിക്കേറ്റില്‍

Published

|

Last Updated

കോട്ടയം: എം ജി സര്‍വകലാശാലാ കഴിഞ്ഞ ഒരു ദശകമായി തുടര്‍ന്നു വന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളിലെ വര്‍ധന കുറക്കണമെന്ന വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നിര്‍ദ്ദേശം അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തിന്റെ പരിഗണനക്ക് വിടാന്‍ ഇന്നലെ സര്‍വകലാശാലാ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. നിലവിലുള്ള നിരക്ക് വര്‍ധന 15 ശതമാനം മുതല്‍ 35 ശതമാനം വരെ മാത്രമെ ആകാവൂ എന്ന നിലപാടാണ് വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിച്ചത്. സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പിന് ശേഷം കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനമായി. വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല നല്‍കുന്ന വിവിധ സേവനങ്ങളിലെ കാലതാമസം കുറച്ച് കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും യോഗം ശിപാര്‍ശ ചെയ്തു. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. സോമശേഖരനുണ്ണി, പി കെ ഫിറോസ്, ഡോ. സി എച്ച് അബ്ദുല്‍ ലത്തീഫ്, ഡോ. സി വി തോമസ്, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാര്‍ മോളി കുര്യന്‍, ധന്യ വിജയന്‍, ജെയ്ക്ക് സി തോമസ് (എസ് എഫ് ഐ), ജോബിന്‍ ജേക്കബ്, വിഷ്ണു മോഹന്‍ (കെ എസ് യു), സിറിയക് ചാഴിക്കാടന്‍, അില്‍ ബേബി (കെ എസ് സി എം) ഷബീര്‍ ഷാജഹാന്‍, സജല്‍ പി ഇബ്‌റാഹിം(എം എസ് എഫ്), അഭിജിത് എസ് കുമാര്‍, ബാലു നായര്‍, ജിഷ്ണു ജി (എ ബി വി പി), ഇ എസ് അനുമോന്‍ (എ ഐ എസ് എഫ്) പങ്കെടുത്തു.