Connect with us

Gulf

നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന്‌

Published

|

Last Updated

ദുബൈ: അന്യായമായി വാടക വര്‍ധിപ്പിക്കുന്നതിനെതിരെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ച നടപടി നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വഴിവെക്കുമെന്ന് വിദഗ്ധര്‍. ദുബൈയുടെ ഈ നീക്കം ക്രിയാത്മകമായ ഫലം സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്ന് എസ് പി എഫ് റിയല്‍റ്റി ഡയറക്ടര്‍ രഞ്ജിത് ജൗഹാന്‍ അഭിപ്രായപ്പെട്ടു.

വാടക കരാര്‍ പുതുക്കുമ്പോള്‍ പരമാവധി എത്ര ശതമാനം വരെ വാടക വര്‍ധിപ്പിക്കാമെന്ന് ഈ ഉത്തരവ് വിശദമാക്കുന്നുണ്ടെന്നതാണ് ഏറ്റവും വലിയ നേട്ടം. പുതുതായി നഗരത്തില്‍ നിക്ഷേപത്തിനായി വരുന്നവരെ ഇത് തീര്‍ച്ചയായും ക്രിയാത്മകമായി സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിട ഉടമക്കും വാടകക്കാരനും ഇടയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും നടപടി സഹായകമാവും. ഓരോ മേഖലയിലും എത്ര ശതമാനം വര്‍ധനവ് വരുത്താമെന്നതിനെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉത്തരവിലുണ്ടെന്നതും ഏവര്‍ക്കും അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈയുടെ റിയല്‍ എസ്‌റ്റേറ്റ് മേഖല പക്വത കൈവരിച്ചുവെന്നതിലേക്കാണ് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് ഫ്ഌഷ് പ്രോപര്‍ട്ടീസ് സി ഇ ഒ തന്‍സീല്‍ ഗാഡെര്‍ പറഞ്ഞു. സെന്‍ട്രല്‍ ബേങ്കും ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റും സ്വീകരിച്ച നടപടിയും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഇതോടെ ഉടമക്കും വാടകക്കാരനും ഇടയില്‍ എല്ലാ കാര്യത്തിലും വ്യക്തത ഉണ്ടായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും 11 മുതല്‍ 20 ശതമാനം വരെ വാടക കുറവാണെങ്കിലേ കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും വാടക വര്‍ധിപ്പിക്കാന്‍ അധികാരമുള്ളൂവെന്ന് പുതിയ ഉത്തരവിലൂടെ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഇത്തരം കേസുകളില്‍ അഞ്ചു ശതമാനം മാത്രമേ വാടക വര്‍ധിപ്പിക്കാവൂ. വാടക കരാര്‍ പുതുക്കേണ്ടുന്ന സാഹചര്യത്തില്‍ മാത്രമേ വാടക വര്‍ധനവ് ഉത്തവിന് അനുസൃതമായി നടപ്പാക്കാനാവൂ.
ഓരോ പ്രദേശത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതിലും വാടക പത്തു ശതമാനത്തില്‍ കുറവാണെങ്കില്‍ വര്‍ധനവ് പാടില്ലെന്നും ഉത്തരവ് നിഷ്‌കര്‍ശിച്ചിരുന്നു.സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും 21 ശതമാനം മുതല്‍ 30 വരെ കുറവാണ് കെട്ടിടത്തിന് വാടകയെങ്കില്‍ പരമാവധി വര്‍ധനവ് 10 ശതമാനമേ പാടുള്ളു. 31 മുതല്‍ 40 ശതമാനം വരെ കുറവാണെങ്കില്‍ 15 ശതമാനം. പരമാവധി വര്‍ധിപ്പിക്കാവുന്ന വാടകയുടെ ശതമാനം 20 ആക്കിയും നിജപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ഫ്രീ സോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ബാധകമായിരിക്കും.