Connect with us

National

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; കെജ്‌രിവാളിന്റെ കോലം കത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് (എ എ പി) സര്‍ക്കാറുണ്ടാക്കുന്നതിനായി പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പിക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. മന്ത്രിസഭ രൂപവത്കരിക്കാന്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ നാളെ രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് മുദ്രാവാക്യവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ കോലം കത്തിച്ചു. “അന്നാ ഹസാരെ വഞ്ചിക്കപ്പെട്ടു. കെജ്‌രിവാളിന് ഞങ്ങള്‍ അവസരം നല്‍കില്ല” എന്ന് മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തു വന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അഭിപ്രായപ്പെട്ടു. എ എ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് പുറമെ നിന്ന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മന്ത്രിമാരെ യോഗത്തില്‍ തീരുമാനിച്ചതിന് പിന്നാലെ എ എ പിയില്‍ നിന്ന് വിമത ശബ്ദം ഉയര്‍ന്നു. മന്ത്രിസഭയില്‍ ഇടം നേടുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്ന വിനോദ് കുമാര്‍ ബിന്നി അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്ന് ഉച്ചയോടെ ബിന്നി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.