Connect with us

Sports

ലിവര്‍പൂളിന് ഹാപ്പി ക്രിസ്മസ്‌

Published

|

Last Updated

ലണ്ടന്‍: ലിവര്‍പൂളിന് ഹാപ്പി ക്രിസ്മസ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ചെല്‍സി ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ ലിവര്‍പൂള്‍ അടിച്ച ഗോളുകളുടെ ബലത്തില്‍ ക്രിസ്മസ് ചാമ്പ്യന്‍മാരായി. പതിനേഴ് മത്സരങ്ങളില്‍ 36 പോയിന്റ് വീതമാണ് ലിവര്‍പൂളിനും ആഴ്‌സണലിനും. സീസണില്‍, വ്യക്തമായ മുന്‍തൂക്കവുമായി മുന്നേറിയ ആഴ്‌സണലിന് മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ കനത്ത പരാജയവും ചെല്‍സിക്ക് മുന്നില്‍ സമനില വഴങ്ങിയതും തിരിച്ചടിയായിരിക്കുകയാണ്. 35 പോയിന്റുകളുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. 34 പോയിന്റ് വീതമുള്ള ചെല്‍സിയും എവര്‍ട്ടണും തൊട്ടുപിറകില്‍. 30 പോയിന്റ് വീതമുള്ള ന്യൂകാസിലിനും ടോട്ടനം ഹോസ്പറിനും പിറകിലായി 28 പോയിന്റോടെ ചാമ്പ്യന്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാമത്.
മുമ്പെങ്ങുമില്ലാത്ത വിധം കിരീടപ്പോരില്‍ നാലിലേറെ ടീമുകള്‍ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കാഴ്ചയാണ് പ്രീമിയര്‍ ലീഗില്‍.
ഹോംഗ്രൗണ്ടില്‍ വിജയപ്രതീക്ഷയോടെ ഇറങ്ങിയ ആഴ്‌സണലിന് ചെല്‍സി പ്രതിരോധമതില്‍ തീര്‍ത്തു. ജോസ് മൗറിഞ്ഞോയുടെ ടീമിനെതിരെ മുമ്പൊരിക്കലും ജയിച്ചിട്ടില്ലാത്ത ആര്‍സെന്‍ വെംഗറുടെ ആഴ്‌സണലിന് സമനില പുതിയ നിരാശ സമ്മാനിച്ചു. തന്ത്രപ്രധാനമായ മത്സരമായിരുന്നതിനാല്‍, ആഴ്‌സണലിനെതിരെ പ്രതിരോധ തന്ത്രങ്ങളിലൂടെ മത്സരം നിയന്ത്രിക്കാനാണ് ചെല്‍സി ശ്രമിച്ചത്. 4-5-1 ശൈലിയായിരുന്നു മൗറിഞ്ഞോ സ്വീകരിച്ചത്. ആഴ്‌സണല്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്തു.
ഫ്രാങ്ക് ലംപാര്‍ഡും ടോറസും ആദ്യ പകുതിയില്‍ ആഴ്‌സണല്‍ ഗോള്‍മുഖം വിറപ്പിച്ചു. ഇതിനിടെ അര്‍ടെറ്റയെ ചെല്‍സി താരം മിഖേല്‍ ഫൗള്‍ ചെയ്തതിന് റെഡ് കാര്‍ഡ് കാണിക്കാഞ്ഞത് ആഴ്‌സണല്‍ കോച്ചിനെ രോഷാകുലനാക്കി. ഇതിന് പിന്നാലെ തിയോ വാല്‍ക്കോട്ടിനെ ബോക്‌സിനുള്ളില്‍ വില്ല്യന്‍ വീഴ്ത്തിയതും റഫറി കാണാതെ പോയി. റഫറി മൈക് ഡീനിനെ ആഴ്‌സണല്‍ കളിക്കാര്‍ അല്പനേരം ഉപരോധിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
ഇതിനെ പരിഹസിച്ചു കൊണ്ട് ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ പതിവു പോലെ വിവാദത്തിന് തിരികൊളുത്തി. കുട്ടികളുടെ കരച്ചിലായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു മൗറിഞ്ഞോ പറഞ്ഞത്. ഇംഗ്ലീഷ് ഫുട്‌ബോളെന്ന് പറയുന്നത് തന്നെ വേഗമാണ്. പരസ്പരം തട്ടാതെയും വീഴ്ത്താതെയുമൊന്നും ഫുട്‌ബോള്‍ നടക്കില്ല. ഇതൊക്കെ ഫുട്‌ബോളില്‍ പറഞ്ഞതാണ് – ഫൗളിനെ ന്യായീകരിച്ച് മൗറിഞ്ഞോ.
അവസാന മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന്റെ ഗോളെന്നുറച്ച ഷോട്ട് പുറത്തേക്ക് പോയത് ഞെട്ടലോടെയാണ് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ ഗ്യാലറിയിലെ ജനക്കൂട്ടം ഉള്‍ക്കൊണ്ടത്.