Connect with us

Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ നിലപാടിനെ തള്ളി കെ.എം ഷാജി

Published

|

Last Updated

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളി മുസ്ലിംലീഗ് എംഎല്‍എ കെ.എം ഷാജി രംഗത്ത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്ക് പറയേണ്ടിവരുമെന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഷാജി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിനെതിരെ ഉറഞ്ഞുതുള്ളുന്ന മത-സാമുദായിക ശക്തികളെ വരുംതലമുറ നേരിചുമെന്നും കെ.എം ഷാജിയുടെ ലേഖനത്തില്‍ പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം….

1992ല്‍ ബ്രസീലില്‍വെച്ച് നടന്ന ഭൗമ ഉച്ചകോടിയില്‍ അന്ന് പന്ത്രണ്ടുവയസ്സ് മാത്രമുണ്ടായിരുന്ന സെവേണ്‍ സുസൂക്കി എന്ന കനേഡിയന്‍ ബാലിക വെറും ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം നടത്തി. ചരിത്രപ്രസിദ്ധമായ ആ പ്രസംഗം പരിസ്ഥിതി പ്രേമികളെങ്കിലും മറന്നുകാണാനിടയില്ല. അന്നവിടെ ഒത്തുകൂടിയവരെ പൊതുവിലും ലോകരാഷ്ട്രത്തലവന്മാരെ പ്രത്യേകിച്ചും സ്തബ്ധരാക്കിയ, ഒരുവേള കുറ്റബോധത്തിന്റെ ഗര്‍ത്തത്തിലേക്ക് തള്ളിയ ആ പ്രസംഗത്തില്‍ സെവേണ്‍ സുസൂക്കി തന്റെ വേദനയും രോഷവും നിസ്സഹായതയും മറച്ചുവെക്കാതെ പറഞ്ഞു””ഞാനിവിടെ വന്നത് വരുംതലമുറകള്‍ക്കുവേണ്ടി സംസാരിക്കാനാണ്. ലോകത്ത് എണ്ണമറ്റ ജന്തുജാലങ്ങള്‍ അകാലത്തില്‍ ചത്തുമണ്ണടിയുന്നു. കാരണം അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. എനിക്ക് പകല്‍ പുറത്തിറങ്ങി സൂര്യപ്രകാശമേല്‍ക്കാന്‍ ഭയമാണ്. കാരണം നിങ്ങള്‍ സൃഷ്ടിച്ച ഓസോണ്‍ സുഷിരങ്ങള്‍… എനിക്ക് ശ്വസിക്കാന്‍പോലും പേടിയാണ്. കാരണം വായുവിലലിഞ്ഞുചേര്‍ന്ന അന്തമില്ലാത്ത രാസവസ്തുക്കള്‍. വാന്‍കൂവറില്‍ അച്ഛനോടൊപ്പം മീന്‍പിടിക്കാന്‍ ഞാന്‍ പോകാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവിടെയുള്ള മത്സ്യങ്ങള്‍ക്കെല്ലാം അര്‍ബുദമാണ്. ലോകത്തെ സസ്യജന്തുജാലങ്ങളൊക്കെ ഇങ്ങനെ ഒടുങ്ങുകയാണ്. ഓസോണ്‍ പാളിയിലെ ഓട്ടകള്‍ എങ്ങനെ അടയ്ക്കാന്‍ കഴിയുമെന്ന് നമുക്കറിയില്ല. വറ്റിവരണ്ട പുഴയിലേക്ക് സാല്‍മണ്‍ മത്സ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള മാന്ത്രികവിദ്യയും നമുക്ക് വശമില്ല. വംശനാശം സംഭവിച്ച സസ്യജന്തുക്കളെയും നാം അപ്രത്യക്ഷമാക്കിയ നിബിഢവനങ്ങളെയും തിരികെ കൊണ്ടുവരാനും നമുക്ക് കഴിയില്ല. ഇതൊന്നും നമുക്ക് കഴിയില്ലെങ്കില്‍ ഈ പ്രകൃതിധ്വംസനം നിര്‍ത്തിയേ മതിയാകൂ.””

തന്റെ തലമുറയ്ക്കും വരുംതലമുറകള്‍ക്കും സ്വസ്ഥവും സൈ്വരവും സമാധാനവുമായി ജീവിക്കാന്‍ ഈ ഭൂമിയെ ബാക്കിവെച്ചേക്കണമെന്ന് അഭ്യര്‍ഥിച്ചാണ് സുസൂക്കി തന്റെ ഹ്രസ്വപ്രഭാഷണം അവസാനിപ്പിച്ചത്. അവര്‍ ഇന്ന് അറിയപ്പെടുന്ന പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തകയത്രെ.

വന്‍പാരിസ്ഥിതികവിനാശത്തിന്റെ ചരിത്രം മുതലാളിത്തത്തിന്റെ രംഗപ്രവേശത്തോടെ ആരംഭിക്കുന്നുവെന്നും എന്തിലും ഏതിലും ലാഭേച്ഛമാത്രം ദര്‍ശിക്കുന്ന വന്യമുതലാളിത്തമാണ് പരിസ്ഥിതി ധ്വംസനത്തിലെ ഒന്നാംപ്രതിയുമെന്ന് മാര്‍ക്‌സിസ്റ്റുകള്‍ പറയും. മുതലാളിത്തത്തോടുള്ള സമരം അതിനാല്‍ത്തന്നെ പരിസ്ഥിതിധ്വംസനത്തിനെതിരെയുള്ള സമരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. വൈപരീത്യമെന്നു പറയട്ടെ, മുന്‍ സോവിയറ്റ് യൂണിയനടക്കമുള്ള എല്ലാ മണ്‍മറഞ്ഞ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സോഷ്യലിസമെന്ന ഓമനപ്പേരിലറിയപ്പെട്ട ഭരണകൂടമുതലാളിത്തം (സ്‌റ്റേറ്റ് ക്യാപിറ്റലിസം) അമേരിക്കയെപ്പോലുള്ള തനി മുതലാളിത്തരാജ്യങ്ങള്‍ അനുവര്‍ത്തിച്ച പരിസ്ഥിതി ഹനനം കൂടപ്പിറപ്പായ വികസനപാതതന്നെയാണ് പിന്തുടര്‍ന്നത്.

450 കോടിവര്‍ഷം പ്രായമുള്ള ഈ ഭൂമിയില്‍ മനുഷ്യരുള്‍പ്പെടെ 30 ദശലക്ഷം സ്?പീഷീസുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ത്തന്നെ മനുഷ്യനാണ് ഇവിടത്തെ നവാഗതനായ അന്തേവാസി. നമുക്കുചുറ്റുമുള്ള പല്ലിക്കും പൂച്ചയ്ക്കും പാമ്പിനും പുലിക്കും പുല്ലിനുമെല്ലാം നമ്മേക്കാള്‍ ഭൗമചരിത്രപൈതൃകമുണ്ട്. പക്ഷേ, ഈ ഭൂമി നമുക്കുവേണ്ടിമാത്രം സൃഷ്ടിച്ചതാണെന്ന ഭ്രാന്തമായ ഭ്രമകല്പനയുടെ പിടിയിലായിരുന്നു മനുഷ്യരാശി അടുത്തകാലംവരെ. നേത്രഗോചരമല്ലാത്ത ബാക്ടീരിയകള്‍ മുതല്‍ നീലത്തിമിംഗലങ്ങള്‍ക്കുവരെ തുല്യാവകാശമുള്ളതാണ് ഈ ഭൂമിയെന്നും അവയെല്ലാം തമ്മിലുള്ള പരസ്?പരാശ്രിതത്വവും പരസ്?പരപൂരകത്വവുമാണ് ജീവന്റെ ആധാരമെന്നുമുള്ള പരമാര്‍ഥത്തിലേക്ക് നാം ഇനിയും ഉണര്‍ന്നുകഴിഞ്ഞിട്ടില്ല. ഈ സങ്കീര്‍ണ ജൈവആവാസവ്യവസ്ഥ നിലനില്‍ക്കാന്‍ മണ്ണും തോടും പുഴയും കാടും കുന്നുമെല്ലാം ഇനിയെങ്കിലും പോറലേല്‍ക്കാതെ നിലനിന്നേ മതിയാകൂ. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തില്‍ ആകാശത്തിലേക്കും ഭൂമിയിലേക്കും പര്‍വതങ്ങളിലേക്കും നോക്കാനുള്ള ഖുര്‍ആന്‍ വചനങ്ങള്‍ വെറുതെ ചുണ്ടനക്കി അര്‍ഥം ഗ്രഹിക്കാതെ ഉരുവിടാനുള്ളതല്ല. വിശ്വാസപരമായി ഈ മണ്ണും പുഴയും പ്രകൃതിയും സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന ഓര്‍മപ്പെടുത്തലാണ്.

ഇത്രയും ആമുഖമായി കുറിച്ചത് കേരളത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളുടെ അഗ്‌നിസ്ഫുലിംഗങ്ങള്‍ ഉയര്‍ത്തി ഇതിനകം പൊള്ളുന്ന വിഷയമാക്കിക്കഴിഞ്ഞ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ്. പശ്ചിമഘട്ട ഗിരിനിരകളുടെ സത്വരവും സുഭദ്രവും ദീര്‍ഘകാല ഫലദായകവുമായ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കുറിപ്പടി ഗാഡ്ഗില്‍ സമിതി തയ്യാറാക്കി നല്‍കിയ ശുപാര്‍ശകള്‍ തന്നെയാണ്. 2010 മാര്‍ച്ചിലാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ 14 അംഗ സമിതിയെ പരിസ്ഥിതിലോല മേഖലകള്‍ തിരഞ്ഞെടുത്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചത്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഗാഡ്ഗില്‍ സമിതിയുടെ മുഖ്യശുപാര്‍ശ. പിന്നീടാണ് കേന്ദ്രസര്‍ക്കാര്‍ 2012 ആഗസ്തില്‍ ബഹിരാകാശശാസ്ത്രജ്ഞനായ ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ പത്തംഗസമിതിയെ നിയോഗിക്കുന്നത്. ഗാഡ്ഗില്‍കമ്മിറ്റി സ്വീകരിച്ച മാനദണ്ഡങ്ങള്‍ അഗണ്യകോടിയില്‍ തള്ളിയ കസ്തൂരിരംഗന്‍ സമിതി പുതിയൊരു റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. പശ്ചിമഘട്ടത്തെ വനമേഖലയും സംരക്ഷിതപ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്വാഭാവികഭൂപ്രദേശമെന്നും ടൗണ്‍ഷിപ്പുകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാംസ്‌കാരിക ഭൂപ്രദേശമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് രണ്ടായിത്തിരിച്ചു. പശ്ചിമഘട്ടത്തിന്റെ 41.56 ശതമാനം സ്വാഭാവികഭൂപ്രദേശമായും സമിതി കണ്ടെത്തി. സ്വാഭാവികഭൂപ്രദേശത്തിന്റെ 90 ശതമാനം സ്ഥലത്തെ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കണം. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം വരുന്ന സാംസ്‌കാരികഭൂപ്രദേശം നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. കേരളത്തിലെ 123 വില്ലേജുകള്‍ അടക്കം പശ്ചിമഘട്ടമലനിരകളുള്ള ആറ് സംസ്ഥാനങ്ങളിലെ 4156 വില്ലേജുകള്‍ സ്വാഭാവികഭൂപ്രദേശത്താണുള്ളത്.

ഈ ശുപാര്‍ശകള്‍ ആരെയാണ് വിറളിപിടിപ്പിക്കുന്നത്…? പശ്ചിമഘട്ടം ഇടിച്ചുനിരത്തുന്ന ക്വാറി മാഫിയയെയും മണലൂറ്റി കൊഴുത്ത ഗുണ്ടാ സംഘങ്ങളെയും അനധികൃതമായി വനഭൂമി വെട്ടിപ്പിടിച്ച് നവജന്മിമാരായിത്തീര്‍ന്ന പുത്തന്‍ പ്രമാണിവര്‍ഗത്തെയുമല്ലാതെ…? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഏറെ മയപ്പെടുത്തിയ ഒരു രൂപമാണ്. ഇതും അംഗീകരിക്കാനാവില്ലെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ പശ്ചിമഘട്ടത്തിലെ സാധാരണക്കാരോ കൃഷിക്കാരോ കര്‍ഷകത്തൊഴിലാളികളോ ഇല്ല. ഈ റിപ്പോര്‍ട്ടിനെതിരെ ഉറഞ്ഞുതുള്ളുന്നവര്‍ ആരായാലും അവര്‍ക്ക് കുട പിടിക്കുന്ന മത, സാമുദായികശക്തികള്‍ ഏതായാലും അവരെ വരുംതലമുറ നിര്‍ദയമായി വിചാരണചെയ്യുക തന്നെ ചെയ്യും.

പരിസ്ഥിതിപോലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഗൗരവം കാണേണ്ട വിഷയങ്ങളെ ഹ്രസ്വകാല രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ബലികൊടുക്കുന്ന, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും പിന്നീട് കണക്കു പറയേണ്ടിവരും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കിയില്ലെങ്കില്‍ ഇടിച്ചുനിരത്തിയും വെട്ടിവെളുപ്പിച്ചും ചെയ്യുന്നത് പശ്ചിമഘട്ടം ബലാല്‍ക്കാരം അഭംഗുരം തുടരും. വരുംതലമുറയില്‍നിന്ന് നാം കടംകൊണ്ട ഭൂമിയെ പിച്ചിച്ചീന്തിയ അവസ്ഥയിലായിരിക്കും നാം തിരിച്ചുകൊടുക്കുക. അപ്പോള്‍ ഒരു സുസൂക്കിയല്ല, ആയിരക്കണക്കിന് സുസൂക്കിമാര്‍ രോഷാകുലരായി രംഗത്തുവരും.