Connect with us

Gulf

രാജ്യത്ത് താമസിക്കുന്നവരില്‍ 67 ശതമാനവും വാര്‍ധക്യ കാലത്തേക്ക് ഒന്നും കരുതുന്നില്ലെന്ന്‌

Published

|

Last Updated

ദുബൈ: രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 67 ശതമാനവും വാര്‍ധക്യ കാലത്തേക്ക് ഒന്നും കരുതുന്നില്ലെന്ന് സര്‍വേ. ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള ശിഷ്ടജീവിതത്തിനായി ഒന്നും കരുതുന്നില്ലെന്നാണ് യു ഗോവ് സംഘടിപ്പിച്ച സര്‍വേ ഫലം വ്യക്തമാക്കുന്നത്.
സൂറിച്ച് ഇന്റര്‍നാഷനല്‍ ലൈഫാണ് സര്‍വേക്ക് യു ഗോവിനെ ചുമതലപ്പെടുത്തിയത്. 33 ശതമാനത്തിന് മാത്രമാണ് ഇത്തരത്തില്‍ ശിഷ്ടജീവിതം സുഖകരമാക്കാന്‍ പദ്ധതിയുള്ളത്. ഒട്ടുമിക്കവരും ജോലി അവസാനിച്ച് പിരിയുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റിവിറ്റിയില്‍ ശിഷ്ടകാലം ജീവിക്കാമെന്ന മിഥ്യാധാരണയിലാണെന്ന് സൂറിച്ച് ഇന്റര്‍നാഷനലിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേഖലയുടെ സി ഇ ഒ ജാവേദ് ബര്‍ണ വ്യക്തമാക്കി.
വിരമിക്കലിന് ശേഷമുള്ള ജീവിതത്തിലേക്ക് കരുതിവെക്കാന്‍ രാജ്യത്ത് താമസിക്കുന്ന ജോലിചെയ്യുന്നവര്‍ ഉത്സാഹിക്കണം. പലരും വിരമിക്കുന്നതിനെ സന്തോഷത്തോടെയാണ് കാത്തിരിക്കുന്നത്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം, സമയത്തിന്റെ പരിമിതിയില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാം എന്നെല്ലാമാണ് കണക്കുകൂട്ടല്‍. ജോലി ചെയ്യുന്ന കാലത്ത് നിശ്ചിത തുക വിരമിക്കലിന് ശേഷമുള്ള കാലത്തേക്കായി മാറ്റിവെച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിഞ്ഞ ശേഷമുള്ള ജീവിതം പേടിസ്വപ്‌നമായി മാറുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 40 വയസിന് മുകളില്‍ പ്രായമുള്ള 60 ശതമാനവും ഭാവിയിലേക്കായി ഒരു പെന്‍ഷന്‍ പദ്ധതിയും ഇല്ലെന്നാണ് പ്രതികരിച്ചത്.

Latest