Connect with us

National

രാഹുലിന്റെ ഇടപെടല്‍: കര്‍ണാടക എം എല്‍ എമാരുടെ ഉല്ലാസ യാത്ര റദ്ദാക്കുന്നു

Published

|

Last Updated

ബംഗളൂരു: എം എല്‍ എമാരുടെ ലാറ്റിനമേരിക്കന്‍ ഉല്ലാസ യാത്ര കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കുമെന്ന് സൂചന. സംസ്ഥാനം വരള്‍ച്ച മൂലം പൊറുതിമുട്ടുമ്പോള്‍ എം എല്‍ എമാര്‍ വിദേശത്തേക്ക് ഉല്ലാസ യാത്ര നടത്തുന്നതിലെ അനൗചിത്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഇത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ഉല്ലാസ യാത്ര അനുചിതമാണെന്ന് സിദ്ധരാമയ്യ വെള്ളിയാഴ്ച ഡല്‍ഹിയില്‍ വെച്ച് പറഞ്ഞു. രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കാനെത്തിയതാണ് അദ്ദേഹം. പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യം വിവാദമാക്കിയ ശേഷം കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം വിഷമസന്ധിയിലാണ്. ആം ആദ്മി പാര്‍ട്ടി രാജ്യത്ത് പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ ഇത്തരമൊരു ഉല്ലാസ യാത്ര മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാര്‍ട്ടി ഭയക്കുന്നത്. ഇക്കാര്യമാണ് സിദ്ധരാമയ്യയെ രാഹുല്‍ ഓര്‍മപ്പെടുത്തിയത്. സ്പീക്കറുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം പരിഹരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, യാത്ര റദ്ദാക്കാനുള്ള നീക്കത്തെ എം എല്‍ എമാര്‍ ശക്തമായി എതിര്‍ക്കുകയാണ്. ഇത്തരമൊരു സുപ്രധാന “പഠന യാത്ര” റദ്ദാക്കുന്നത് അനുചിതമാണെന്നും ഇത് മാധ്യമ പ്രചാരണത്തിന്റെ ഫലമാണെന്നും സംഘത്തിലുള്ള എം എല്‍ എമാര്‍ പ്രതികരിച്ചു.
ബ്രസീല്‍, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. വിവാദമായതിനെ തുടര്‍ന്ന് ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. നിയമസഭാ സമിതിയാണ് യാത്ര തീരുമാനിച്ചതെന്നും ഇതില്‍ സര്‍ക്കാറിന് ചെയ്യാനൊന്നുമില്ലെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇതാദ്യമായല്ല വിദേശയാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ഇതൊരു വലിയ വിഷയമായി എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
“തങ്ങളുടെത് വലിയ പാതകമൊന്നുമല്ല. അവധിക്ക് മക്കളുമായി വിനോദയാത്രക്ക് പോകാറില്ലേ? അതുപോലെ എം പിമാരും എം എല്‍ എമാരും പോകുന്നു. ഓരോ എം എല്‍ എക്കും ഏഴ്- ഏഴര ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കുന്നത്. അല്ലാതെ കോടികളല്ല. മറ്റ് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും ഇത്തരത്തില്‍ വിനോദ യാത്ര നടത്താറുണ്ട്. ഈ ആചാരം കോണ്‍ഗ്രസല്ല തുടങ്ങിവെച്ചത്. ബി ജെ പിയുടെ ഭരണകാലത്തും വിദേശയാത്രകള്‍ നടന്നിട്ടുണ്ട്.” എന്നാണ് എസ്റ്റിമേറ്റ്‌സ് സമിതിക്ക് നേതൃത്വം നല്‍കുന്ന മല്ലികയ്യ ഗുതെഡര്‍ യാത്രയെ ന്യായീകരിച്ചത്.
12 ദിവസം നീളുന്ന യാത്രയില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള എം എല്‍ എമാരുണ്ട്. റിയോ ഡി ജനീറോ, മനാനോസ്, ഇഗ്വാസ്സു, ലിമ, ക്യൂസ്‌കോ, ബയേണസ് അയേഴ്‌സ് തുടങ്ങിയ വിനോദയാത്രാ കേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കും. കഴിഞ്ഞ വര്‍ഷം, നൂറ് എം എല്‍ എമാര്‍ അടങ്ങിയ സംഘം വിദേശായാത്ര നടത്താനുള്ള നീക്കം വന്‍വിവാദമായിരുന്നു.

 

---- facebook comment plugin here -----

Latest