Connect with us

Kozhikode

അല്‍ അസ്ഹര്‍ സര്‍വകലാശാലക്ക് തീവെച്ച സംഭവം: അന്താരാഷ്ട്ര സമൂഹം അപലപിക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ഈജിപ്തിലെ ചരിത്രപ്രസിദ്ധമായ വിജ്ഞാന ഗേഹം അല്‍ അസ്ഹര്‍ സര്‍വകലാശാലക്ക് തീവെച്ച ബ്രദര്‍ഹുഡിന്റെ നടപടിയെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തലസ്ഥാനമായ കൈറോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി കെട്ടിടത്തിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ കഴിഞ്ഞ ദിവസം തീയിടുകയായിരുന്നു. വിശ്വോത്തര ഇസ്‌ലാമിക വിജ്ഞാന കേന്ദ്രവും ലോക പ്രസിദ്ധ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും ചെയ്ത സര്‍വകലാശാലയെ രാഷ്ട്രീയ പകപോക്കലിന് വേദിയാക്കുന്നത് ഹീനവും ക്രൂരവുമായ നടപടിയാണ്. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയില്‍ ചരിത്ര പൈതൃകങ്ങളും സാംസ്‌കാരിക ശേഷിപ്പുകളും ലക്ഷ്യം വെക്കുന്നത് അപലപനീയമാണ്. ബ്രദര്‍ഹുഡ് എന്ന രാഷ്ട്രീയ സംഘടനയെ ഭരണകൂടം നിരോധിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അക്രമാസ്‌കത പ്രക്ഷോഭം ആരംഭിച്ചതും അസ്ഹര്‍ കലാലയ വളപ്പിലേക്ക് ഇത് വ്യാപിപ്പിച്ചതും. ലോക പണ്ഡിതന്മാരുടെ പാദസ്പര്‍ശമേറ്റ ഇത്തരം വിജ്ഞാന ഗേഹത്തെ ആക്രമിക്കാനും തീവെക്കാനും അക്ഷരങ്ങളെ വെറുക്കുന്നവര്‍ക്കും അന്ധകാരത്തെ പുണരുന്നവര്‍ക്കും മാത്രമേ സാധിക്കുകയുള്ളൂവെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.