Connect with us

Business

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമെന്ന് ആര്‍ ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വന്നില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്.
അടുത്ത പൊതു തിരഞ്ഞെടുപ്പ് അനിശ്ചിതാവസ്ഥക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും. സ്ഥിരതയുള്ള സര്‍ക്കാര്‍ മാത്രമാകും ഇതിന് പരിഹാരം- ആര്‍ ബി ഐ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് -2013ന്റെ ആമുഖത്തില്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നു. രാജ്യത്തെ നിക്ഷേപക ആത്മവിശ്വാസം ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലല്ല. രാഷ്ട്രീയ അസ്ഥിരതയുണ്ടായാല്‍ ഈ ആത്മവിശ്വാസം ഇനിയും ഇടിയും. സാമ്പത്തിക വളര്‍ച്ചയെയാകും ഇത് ഗുരുതരമായി ബാധിക്കുകയെന്ന് ആമുഖത്തില്‍ പറയുന്നു.
ജി ഡി പി യിലെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് നാല് ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്ക് കൂട്ടല്‍.
2014ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭയായിരിക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനത്തിനിടെയാണ് ആര്‍ ബി ഐയുടെ മുന്നറിയിപ്പ്.