Connect with us

Gulf

ക്ലിനിക്കില്‍ കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

Published

|

Last Updated

ദുബൈ: ക്ലിനിക്കില്‍ കവര്‍ച്ച നടത്തുന്ന രണ്ടു പാക്കിസ്ഥാനികളുള്‍പ്പെട്ട സംഘത്തെ ദുബൈ പോലീസ് പിടികൂടി. ഉമ്മു സെഖീം മേഖലയില്‍ നിന്നാണ് സംശയകരമായ സാഹചര്യത്തില്‍ ഇവരെ പിടികൂടിയത്. മുഖം മൂടിയും ഗ്ലൗസും സ്ഥാപനങ്ങള്‍ കുത്തിതുറക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
സമീപത്തെ വെറ്റിനറി ക്ലിനിക്കില്‍ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷണം നടത്തിയവരെക്കുറിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് ഉപകരണങ്ങളുമായി സംശയകമായ സാഹചര്യത്തില്‍ ബസ് സ്റ്റോപ്പില്‍ കണ്ട പാക് പൗരന്മാരെ പോലീസ് പിടികൂടിയത്.
വെറ്റിനറി ക്ലിനിക്കില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ ഒരാള്‍ ക്ലിനിക്കിലേക്ക് അതിക്രമിച്ച് കയറുന്നതും പണപ്പെട്ടി തകര്‍ക്കുന്നതുമായ ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
48ഉം 38ഉം വയസുള്ള രണ്ടു പേരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ തെരച്ചലില്‍ ലാപ് ടോപ്, ക്യാമറ, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു പലയിടങ്ങളില്‍ നിന്നായി കവര്‍ച്ച ചെയ്ത ഈ വസ്തുക്കളെല്ലാം പോലീസ് കണ്ടുകെട്ടി. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ക്ലിനിക്കില്‍ മോഷണം നടത്തിയത് ഇവര്‍ സമ്മതിച്ചിരുന്നു. കേസില്‍ കോടതി വിചാരണ ആരംഭിച്ചിട്ടുണ്ട്.
സംശയകരമായ സാഹചര്യത്തില്‍ കണ്ട പാക്കിസ്ഥാനികളോട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഈ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. യാതൊരു രേഖയും ഇല്ലെന്നായിരുന്നു ഇവരുടെ മറുപടിയെന്ന് ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്‌നെന്റ് ഹമാദ് ഒബൈദ് കേസിന്റെ വിചാരണക്കിടയില്‍ കോടതയില്‍ വ്യക്തമാക്കി. ബേഗിനെക്കുറിച്ച് ചോദിച്ചെങ്കിലും സ്വന്തം ഉപയോഗത്തിനുള്ള വസ്തുക്കളായിരുന്നുവെന്ന് മറുപടി നല്‍കിയത്. രണ്ടു പേരുടെയും മുഖത്ത് പ്രകടമായ അങ്കലാപ്പിനെ തുടര്‍ന്നായിരുന്നു ബേഗ് പരിശോധിച്ചതും കവര്‍ച്ചക്കുള്ള വസ്തുക്കള്‍ കണ്ടെടുത്തതുമെന്നും ഇദ്ദേഹം ബോധിപ്പിച്ചിരുന്നു.
ഒരാള്‍ പരിസരം വീക്ഷിച്ച ശേഷം രണ്ടാമന്‍ ക്ലിനിക്കിന്റെ വേലി ചാടിക്കടന്ന് പിന്നിലെ ജനല്‍ തകര്‍ത്ത് അകത്തു കയറിയാണ് പണപ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതയില്‍ പറഞ്ഞത്. 1,000 ദിര്‍ഹമാണ് പണപ്പെട്ടിയില്‍ നിന്നും ലഭിച്ചതെന്നും ക്ലിനിക്കിന് സമീപത്തുകൂടി പോകവേയാണ് ഇത്തരം ഒരു പദ്ധതി തോന്നിയതെന്നും ഇരവരും പോലീസിന് നല്‍കിയ മൊഴിയും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. അടുത്ത മാസം ഒമ്പതിന് കേസില്‍ കോടതി വിധി പറയും.