Connect with us

Ongoing News

ചെന്നിത്തല രാജിവെക്കാത്തത് എം എം ഹസനെ മാറ്റി നിര്‍ത്താന്‍

Published

|

Last Updated

തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വകുപ്പ് ഏറ്റെടുത്തിട്ടും കെ പി സി സി അധ്യക്ഷസ്ഥാനം രാജിവെക്കാത്തത് എം എം ഹസന്‍ ആക്ടിംഗ് പ്രസിഡന്റ് സ്ഥാനത്ത് വരുന്നത് തടയാനെന്ന് ആക്ഷേപം. ചെന്നിത്തല രാജിവെച്ചാല്‍ പുതിയ അധ്യക്ഷന്‍ സ്ഥാനം ഏല്‍ക്കുന്നത് വരെ കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ്പ്രസിഡന്റ് എം എം ഹസന് ചുമതല നല്‍കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് മന്ത്രിയായിട്ടും പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ ചെന്നിത്തല ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം കാത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ കെ പി സി സി അധ്യക്ഷന്‍ രാജിവെക്കുകയോ, പാര്‍ലിമെന്ററി സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്താല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ് പതിവ്. തുടര്‍ന്ന് പുതിയ അധ്യക്ഷന്‍ വരുന്നതുവരെ നിലവിലെ സീനിയര്‍ വൈസ് പ്രസിഡന്റിന് ആക്ടിംഗ് പ്രസിഡന്റിന് ചുമതല നല്‍കും. നിലവിലെ സാഹചര്യത്തില്‍ സീനിയര്‍ വൈസ്പ്രസിഡന്റായ എം എം ഹസനാണ് ആക്ടിംഗ് പ്രസിഡന്റ് സ്ഥാനത്തെത്തുക.

എന്നാല്‍ ഗ്രൂപ്പ് സമാവാക്യങ്ങളുടെ പേരില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്താനാണ് മന്ത്രി സ്ഥാനമേറ്റെടുത്തിട്ടും രമേശ് ചെന്നിത്തല രാജിവെക്കാത്തത്. നിലവില്‍ എം എം ഹസനെ കൂടാതെ ലാലി വിന്‍സെന്റ്, ഭാരതീപുരം ശശി, എ കെ മണി എന്നിവരാണ് വൈസ ്പ്രസിഡന്റുമാര്‍. ഇതില്‍ ഏറ്റവും സീനിയര്‍ എം എം ഹസനാണ്. സമീപകാലത്ത് അവസാനമായി നിലവിലെ യു ഡി എഫ് കണ്‍വീനറായ പി പി തങ്കച്ചനാണ് ആക്ടിംഗ് പ്രസിഡന്റായി ചുമതല വഹിച്ചത്. കെ പി സി സി പ്രസിഡന്റായിരിക്കെ കെ മുരളീധരന്‍ വൈദ്യുതി മന്ത്രിയായതിനെ തുടര്‍ന്ന് കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചപ്പോഴാണ് പി പി തങ്കച്ചന് ആക്ടിംഗ് പ്രസിഡന്റ് പദവി നല്‍കിയത്. പിന്നീട് കഴിഞ്ഞ നിയമസഭാ തിരിഞ്ഞെടുപ്പില്‍ കെ പി സി സി അധ്യക്ഷനായ രമേശ് ചെന്നിത്തല സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങിയപ്പോഴാണ് കെ പി സി സി അധ്യക്ഷന്റെ ചുമതല തത്കാലത്തേക്ക് തലേക്കുന്നില്‍ ബഷീറിന് നല്‍കിയത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest