Connect with us

National

അഴിമതിയാരോപണ വിധേയരെ ഉള്‍പ്പെടുത്തി കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു

Published

|

Last Updated

ബംഗളൂരു: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് നേതാക്കളെ ഉള്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ വികസിപ്പിച്ചു. അഴിമതി ആരോപണവിധേയരെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞ ഏഴ് മാസമായി പാടുപെടുകയായിരുന്ന മുഖ്യമന്ത്രി ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡി കെ ശിവകുമാര്‍, ആര്‍ റോഷന്‍ ബെയ്ഗ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് ശിവകുമാറിനെതിരെ ആരോപണങ്ങളുള്ളത്. ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ടാണ് രോഷന്‍ ബെയ്ഗിനെതിരായ കേസ്. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക പി സി സി അധ്യക്ഷന്‍ ജി പരമേശ്വര, നിരവധി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതോടെ മന്ത്രിസഭയുടെ അംഗബലം 31 ആയി. നിയമസഭയുടെ അംഗബലമനുസരിച്ച് കര്‍ണാടകക്ക് 34 അംഗ മന്ത്രിസഭ വരെ ആകാം. രാമനഗരം ജില്ലയിലെ കനകപുര മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശിവകുമാറും ബംഗളൂരുവിലെ ശിവജിനഗര്‍ മണ്ഡലത്തിന്റെ പ്രതിനിധിയായ ബെയ്ഗും ആറ് തവണ നിയമസഭാംഗളായിട്ടുണ്ട്. തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ശിവകുമാറും ബയ്ഗും അവകാശപ്പെട്ടു. തങ്ങള്‍ മന്ത്രിസഭാംഗങ്ങളാകുന്നത് തടയാന്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇരുവരും വിശദീകരിച്ചു.