Connect with us

Kozhikode

മത ചിഹ്നങ്ങളെ അവഗണിച്ചുള്ള സാംസ്‌കാരിക മുന്നേറ്റം സാധ്യമാകില്ല - കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സ്‌നേഹ ജീവിതത്തിലൂടെ മാനവിക സംസ്‌കൃതിയുടെ ധാര്‍മിക പാഠങ്ങളാണ് മുഹമ്മദ് നബി ലോകത്തിന് സമര്‍പ്പിച്ചതെന്നും നവലോക സമൂഹത്തിന്റെ ബൗദ്ധിക വികാസത്തിന് പ്രവാചക ദര്‍ശനങ്ങളും പാഠങ്ങളും വഴിതെളിച്ചമായി സ്വീകരിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
മര്‍കസില്‍ നടന്ന ഹുബ്ബുല്‍ ഹബീബ് മീലാദ് സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ സമൂഹ പുരോഗതിക്ക് വിഘ്‌നം സൃഷ്ടിക്കുകയാണ്. സാംസ്‌കാരികവും വൈജ്ഞാനികവുമായ പുരോഗതി ആര്‍ജിക്കുമ്പോഴും നവസമൂഹം സ്വാര്‍ഥ താല്‍പര്യങ്ങളുടെയും സങ്കുചിത നിലപാടുകളുടെയും അടിമകളാകുകയാണ്.
വിശ്വാസ മൂല്യങ്ങളില്‍ നിന്നും ചരിത്ര സത്യങ്ങളില്‍ നിന്നും അകന്ന് അനുമാനശാസ്ത്രങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ ക്കുമൊപ്പമാണ് യുവതലമുറയുടെ സഞ്ചാരം. മതം കല്‍പ്പിച്ച ജീവിതരീതിശാസ്ത്രങ്ങള്‍ പ്രാമാണികമായി ഉള്‍ക്കൊണ്ട് ജീവിക്കുമ്പോഴാണ് ലക്ഷ്യം പ്രാപിക്കാന്‍ കഴിയുന്നത്. മുഹമ്മദ് നബി ലോകത്തിന് കാഴ്ചവെച്ച ജീവിതരീതിയും സിദ്ധാന്തവും അനുമാനമായിരുന്നില്ല. ലക്ഷ്യവും മാര്‍ഗവും വ്യക്തമായി അടയാളപ്പെടുത്തിയ ജീവശാസ്ത്രമായിരുന്നു തിരുനബി സിദ്ധാന്തിച്ചതും പ്രവര്‍ത്തിപദത്തിലൂടെ വരച്ചുകാണിച്ചതും ആ ദര്‍ശനവും സന്ദേശവും കാലാതിവര്‍ത്തിയാണ്. ആധുനിക ജീവിത സമസ്യകള്‍ക്കും രാഷ്ട്രീയ അസ്ഥിരതക്കും ഏക പോംവഴി പ്രവാചക പാഠങ്ങളിലേക്ക് മടങ്ങുകയാണെന്നും കാന്തപുരം പറഞ്ഞു.
മീലാദ് ദിനം ഇസ്‌ലാമിക ചരിത്രത്തിന്റെ പൈതൃക ദിനം കൂടിയാണ്. മുഹമ്മദ് നബിയുടെ ജീവിതത്തെ അനുസ്മരിക്കാതെയും ആഘോഷിക്കാതെയും ഇസ്‌ലാം സംസ്‌കൃതിക്കും ദര്‍ശനത്തിനും നിലനില്‍പ്പില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. ഡോ. ഹുസൈന്‍ സഖാഫി, വി പി എം ഫൈസി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest