Connect with us

Kerala

സംസ്ഥാനത്ത് 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നെന്ന് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നതായി ഗവര്‍ണര്‍ നിഖില്‍കുമാര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാമേഖലകളിലും സംസ്ഥാനം വികസനം കൈവരിച്ചു. പൊതുമേഖലാസ്ഥാപനങ്ങള്‍ മികച്ച രിതിയില്‍ പ്രവര്‍ത്തിക്കുന്നു. കാരുണ്യ ലോട്ടറി സാമൂഹ്യസേവനത്തിന് മികച്ച മാതൃകയാണ്. സംസ്ഥാനത്ത് 98 ശതമാനം പേര്‍ ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

നിര്‍ദ്ദിഷ്ട സ്മാര്‍ട്ടി സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍ ആരംഭിക്കും. സ്മാര്‍ട്ടി സിറ്റി സ്ഥാപിതമാവുന്നതോടെ 12,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചയില്‍ രണ്ട് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം കൊച്ചിയില്‍ അന്താരാഷ്ട്ര സംരഭക സമ്മേളനം സംഘടിപ്പിക്കും.

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. നെതര്‍ലാന്റിന്റെ സഹായത്തോടെ ടെക്‌നോളജി സെന്ററുകള്‍ സ്ഥാപിക്കും. ജൈവകൃഷിയെ പ്രത്യേക പദ്ധതികളിലൂടെ പ്രോത്സാഹിപ്പിക്കും. പോലീസുകാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. തീവ്രവാദ ഭീഷണി നേരിടാന്‍ പുതിയ പോലീസ് സേനയെ നിയോഗിക്കും. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ പോലീസുമാരെ നിയമിക്കും.

കോളജുകളില്ലാത്ത നിയമസഭാമണ്ഡലങ്ങളില്‍ കോളജുകള്‍ സ്ഥാപിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനം നടപ്പാക്കും. കാന്‍സര്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും മിനി ആര്‍ സി സി സികള്‍ തുടങ്ങും.

പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്തും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യു ഐ ഡി നമ്പര്‍ നല്‍കും. ക്ഷീരമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് സഭ ഇനി സമ്മേളിക്കുക.

നേരത്തെ നയപ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചിരുന്നു. സോളാര്‍, പാചകവാതകതത്തിന്റെ വില വര്‍ധന എന്നിവ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണര്‍ നയപ്രഖ്യാപം പ്രസംഗം തുടങ്ങി കുറച്ചുകഴിഞ്ഞതിനുശേഷം പ്രതിഷേധം നിര്‍ത്തുകയായിരുന്നു.