Connect with us

Palakkad

സുന്നിപ്രവര്‍ത്തകരുടെ വധം: വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാന്‍ ശ്രമം തുടങ്ങി

Published

|

Last Updated

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ വിദേശത്ത് കടന്നു കളഞ്ഞ പ്രതിയെ പിടി കൂടുന്നതിന് പോലീസ് ശ്രമം തുടങ്ങി.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഉന്നതരുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. ഇയാളെ പിടികൂ—ടുന്നതിന് നടപടിക്രമങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്.
കോടതി ഉത്തരവ് വരുന്നതോടെ വിദേശത്തുള്ള പ്രതിയെ പിടികൂടുന്നതിന് അന്വേഷണ സംഘം വിദേശത്ത് പോകുമെന്നാണ് സൂചന.
പ്രതി വിദേശത്ത് എവിടെയാണെന്നുളളതി—നെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
ഇതിനിടെ രണ്ട് പ്രതികളെക്കൂടി പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. ഇനിയും പത്തോളം പ്രതികളെക്കൂടി പിടികിട്ടാനുണ്ട്.——————
കേസിലെ നാലാം പ്രതിയായ കാഞ്ഞിരപ്പുഴ തൃക്കളൂര്‍ കല്ലാങ്കുഴി ചീനത്ത് വീട്ടില്‍ ഹംസപ്പ (47), 16ാം പ്രതി തൃക്കളൂര്‍ കല്ലാങ്കുഴി ചീനത്ത് നാസര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഹോദരങ്ങളാണ്.
പ്രത്യേകാന്വേഷണസംഘത്തലവന്‍ ഷൊറണൂര്‍ ഡിവൈ എസ് പി എ ഷര്‍ഫുദ്ദീന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേവസ്യ, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ ദീപകുമാര്‍, ഗോപകുമാര്‍, എസ്‌കൃഷ്ണന്‍കുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇരുവരെയും സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
മണ്ണാര്‍ക്കാട് കോടതി പ്രതികളെ റിമാന്റെ ചെയ്തു.
ഇക്കഴിഞ്ഞ നവംബര്‍ 20ന് രാത്രിയിലാണ് കല്ലാങ്കുഴിയില്‍വെച്ചുണ്ടായ സംഘര്‍ഷത്തില്‍ സുന്നി പ്രവര്‍ത്തകരായ കല്ലാങ്കുഴി പള്ളത്ത് ഹംസ (45), ഹംസയുടെ സഹോദരന്‍ നൂറുദ്ദീന്‍ (40) എന്നിവര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സഹോദരന്‍ പള്ളത്ത് കുഞ്ഞുമുഹമ്മദിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുഞ്ഞുമുഹമ്മദിന്റെ പരാതിപ്രകാരം കേസ്സെടുത്തതിലെ നാലാംപ്രതിയാണ് ഹംസപ്പ. തുടര്‍ന്ന് കുഞ്ഞുമുഹമ്മദിനെ ചോദ്യംചെയ്തതിലാണ് 16ാം പ്രതി നാസറിനെ പിടികൂടുന്നത്.
കുഞ്ഞുമുഹമ്മദിന്റെ പരാതിയിന്മേല്‍ പതിനൊന്ന് പേരെയും മറ്റ് കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെയുമായിരുന്നു നേരത്തെ പോലീസ് കൊലക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍പ്രകാരം കേസെടുത്തിരുന്നത്.
കുഞ്ഞുമുഹമ്മദിന്റെ പരാതിയില്‍ പേരെടുത്ത് പറഞ്ഞ പ്രതികളില്‍ ഹമീദ്, മുനീര്‍, സലാഹുദ്ദീന്‍ എന്നിവരുള്‍പ്പെടെയുള്ള പത്തോളം പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു