Connect with us

Gulf

സഊദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നു

Published

|

Last Updated

റിയാദ്: സഊദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് നിയന്ത്രിച്ച് നിയമം വരുന്നു. സഊദിയുടെ സ്വദേശിവത്കരണത്തിനായുള്ള നിതാഖാത്ത് നിയമം വിശാലമാക്കുന്നതിന്റെ ഭാഗമാണിത്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ് പുതിയ നിയമ നിര്‍ദേശം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.
ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് തൊഴില്‍ മന്ത്രാലയം തയ്യാറാക്കി. സ്വദേശികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കണമെന്നതാണ് സര്‍ക്കാറിന് എന്നും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കൂടുതല്‍ വിദേശികളെ നിയന്ത്രിച്ചാല്‍ ഇതിന് പരിഹാരമാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
പ്രത്യേക പോയിന്റ് സമ്പ്രദായത്തിലൂടെയാണ് വിദേശ തൊഴിലാളികളെ നിയന്ത്രിക്കുക. ഒരു വിദേശ തൊഴിലാളിക്ക് മൂന്ന് പോയിന്റ് ആകുന്നത് വരെ മാത്രമേ രാജ്യത്ത് ജോലി ചെയ്യാനാകൂ. അഞ്ച് വര്‍ഷം വരെ സഊദിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ പോയിന്റ് ഒന്നായിരിക്കും. അഞ്ച് വര്‍ഷം കഴിയുന്നതോടെ ഇത് രണ്ടായി ഉയരും.
ആറ് വര്‍ഷമാകുമ്പോള്‍ രണ്ടരയാകും പോയിന്റ്. എട്ട് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പോയിന്റ് മൂന്നാകും. ഇതോടെ തൊഴിലാളിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
കുടുംബത്തോടൊപ്പം സഊദിയില്‍ താമസിക്കുന്ന വിദേശികളെ നിയന്ത്രിക്കുകയെന്നതാണ് കരട് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ നിയമ പ്രകാരം തൊഴിലാളിയും ഭാര്യയും കുട്ടിയും സഊദിയിലുണ്ടെങ്കില്‍ അവര്‍ക്കാകെ 1.5 പോയിന്റ് എന്ന കണക്കിലാണ് രേഖപ്പെടുത്തുക. ഓരോ വര്‍ഷവും ഇവര്‍ക്ക് 0.5 വെച്ച് കൂട്ടും. മാത്രമല്ല ഓരോ കുട്ടിക്കും 0.25 പോയിന്റും രേഖപ്പെടുത്തും. എന്നുവെച്ചാല്‍ കുടുംബത്തിന്റെ വലിപ്പം കൂടുകയാണെങ്കില്‍ സഊദിയില്‍ താമസിക്കാനുള്ള കാലാവധി ചുരുങ്ങുമെന്നര്‍ഥം. പുതിയ നിയമം ഫലസ്തീനികളെപ്പോലെയുള്ള അഭയാര്‍ഥികളായി എത്തിയവര്‍ക്ക് ബാധകമാകില്ല.
ആറായിരം റിയാലില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളയാള്‍ക്കും 1.5 പോയിന്റ് കണക്കാക്കും. പക്ഷേ, സഊദിയുടെ വിവിധ മന്ത്രാലയങ്ങള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുള്ള വിദേശ പ്രൊഫഷനലുകള്‍ക്ക് ഇത് ബാധകമാകില്ല.
അവിദഗ്ധ തൊഴിലാളികളാണ് സഊദിയില്‍ ഏറെക്കാലം താമസിക്കുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം സൂചന നല്‍കുന്നു. വ്യവസായികളുമായും നിക്ഷേപകരുമായും തൊഴില്‍ മന്ത്രാലയം പുതിയ നിയമത്തെ കുറിച്ച് ആശയ വിനിമയം നടത്തും. തൊഴില്‍ മന്ത്രാലയം നിയമം വിശദമായി പഠിച്ച ശേഷമാകും ഭരണകൂടത്തിന്റെ അനുമതിക്ക് അയക്കുക.