Connect with us

National

മുസാഫര്‍നഗര്‍ സ്വദേശികളെ ലശ്കര്‍ ബന്ധപ്പെട്ടതായി ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ മുസാഫര്‍നഗര്‍ സ്വദേശികളായ രണ്ട് പേരെ ബന്ധപ്പെട്ടതായി ഡല്‍ഹി പോലീസ്. മുസാഫര്‍നഗര്‍ കലാപ ഇരകളെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് വന്‍വിവാദമുയര്‍ത്തിയിരുന്നു. അതേസമയം, ഡല്‍ഹി പോലീസിന്റെ അവകാശവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
എന്നാല്‍ ലശ്കര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച രണ്ട് പേര്‍ കലാപബാധിതരായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഹരിയാനയിലെ മേവത് മേഖലയില്‍ നിന്ന് ഈയടുത്ത് അറസ്റ്റിലായ മുഹമ്മദ് ശാഹിദ്, മുഹമ്മദ് റാശിദ് എന്നിവര്‍ മുസാഫര്‍നഗര്‍ സ്വദേശികളായ ലിയാഖത്, ശമീര്‍ എന്നിവരെ പള്ളി നിര്‍മാണത്തിന് ധനസഹായം നല്‍കാമെന്ന് പറഞ്ഞാണ് കണ്ടതെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയിച്ചു. മേവത് സ്വദേശികളായ ശാഹിദിന്റെയും റാശിദിന്റെയും ജീവിത പശ്ചാത്തലവും ആരെയൊക്കെ ഇവര്‍ ബന്ധപ്പെട്ടുവെന്നതും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇതിലാണ് മുസാഫര്‍നഗര്‍ മേഖലയിലെ ആള്‍ക്കാരുമായി ബന്ധപ്പെട്ടത് അറിഞ്ഞത്. ലിയാഖതിനെയും ശമീറിനെയും കണ്ടതിനു ശേഷം ഇവര്‍ ദയൂബന്ദിലേക്ക് പോകുകയും തിരികെ വന്ന് ഒരു രാത്രി ലിയാഖതിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു. പിറ്റേന്ന് പല്‍വാലിലേക്ക് പോയി. ലിയാഖതിനെയും ശമീറിനെയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മുസാഫര്‍നഗര്‍ കലാപബാധിതരെ ഐ എസ് ഐ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒക്‌ടോബറിലാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മുസാഫര്‍നഗറില്‍ വെച്ച് പറഞ്ഞ ഇക്കാര്യം രാജസ്ഥാനിലെ ചുരുവിലും ആവര്‍ത്തിച്ചു. ഇന്റലിജന്‍സ് വിവരങ്ങള്‍ ഒരു രാഷ്ട്രീയക്കാരന് ലഭിച്ചത് വന്‍വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.