Connect with us

Wayanad

നഞ്ചന്‍കോട്-വയനാട് റെയില്‍വേ: ഫണ്ട്- ഷാനവാസിനെ വെള്ളപൂശാനുള്ള ശ്രമം: സി പി ഐ

Published

|

Last Updated

കല്‍പറ്റ: വയനാട്-നഞ്ചന്‍കോട് റെയില്‍വേക്കായി സംസ്ഥാന സര്‍ക്കാര്‍ പകുതി തുക വഹിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതായി വന്ന പ്രഖ്യാപനം എല്ലാ മേഖലയിലും തികഞ്ഞ പരാജയമായ എം ഐ ഷാനവാസ് എം പിയെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രസ്താവിച്ചു. വയനാട് മണ്ഡലത്തോട് ചേര്‍ന്ന് കിടക്കുന്ന മലപ്പുറം, നീലഗിരി, ചാമരാജനഗര്‍ മണ്ഡലങ്ങളിലെ ലോക്‌സഭാംഗങ്ങള്‍ കേന്ദ്രത്തില്‍ മന്ത്രിമാരായിരുന്നിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത ആളാണ് ഷാനവാസ്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വയനാടന്‍ ജനതയെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണ് ബത്തേരിയിലെ തട്ടിക്കൂട്ട് ആക്ഷന്‍ കമ്മിറ്റിയുടെ വക്കാലത്തോടെ ഇപ്പോള്‍ നടത്തുന്നത്. ഈ കപട നാടകം വയനാട്ടുകാര്‍ തിരിച്ചറിയുന്നുണ്ട്. കേന്ദ്രത്തില്‍ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെ ഇടതുപക്ഷ എം പിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ പാതക്ക് വേണ്ടി സ്വീകരിച്ച നടപടികള്‍ പോലും ഇല്ലാതാക്കുകയാണ് ഷാനവാസ് ചെയ്തിട്ടുള്ളത്. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാത വന്നാല്‍ മാത്രമെ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കൂ. പാതയില്‍ പകുതി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുമെന്ന പ്രഖ്യാപനത്തില്‍ തന്നെ ഇതിന്റെ പൊരുത്തക്കേട് പ്രകടമാവുന്നുണ്ട്. വയനാട് പാക്കേജ്, ദേശീയപാതയിലെ രാത്രി യാത്രാ നിരോധനം ഒഴിവാക്കല്‍, ചുരം ബദല്‍ പാത, ശ്രീചിത്തിര സെന്റര്‍ എന്നിവയെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതില്‍ തന്നെ ഷാനവാസിന്റെ ആത്മാര്‍ഥത ജനം തിരിച്ചറിയുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഇനി ഷാനവാസ് ഇടപെടേണ്ട ആവശ്യമില്ലെന്നും വിജയന്‍ ചെറുകര പറഞ്ഞു.