Connect with us

Articles

നവ കൊളോണിയലിസത്തിന്റെ മാപ്പ് സാക്ഷികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

Published

|

Last Updated

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പശ്ചിമഘട്ട സംരക്ഷണവും കേരളം വിവാദപരമായി ചര്‍ച്ചചെയ്യുകയാണല്ലോ. മാധ്യമങ്ങളും എന്‍ ജി ഒ ബുദ്ധിജീവികളും ഇത്തരം ചര്‍ച്ചകളില്‍ കൗശലപൂര്‍വം മറച്ചുപിടിക്കുന്നത്, മനുഷ്യന്‍ കൂടി ഉള്‍പ്പെട്ട ജീവന്റെ സമ്പൂര്‍ണതയാണ് പരിസ്ഥിതി എന്ന യാഥാര്‍ഥ്യത്തെയാണ്. ജന അധിവാസ മേഖലകളില്‍ ഈ ശിപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗൗരവപൂര്‍വമായൊരു പഠനം ഗാഡ്ഗില്‍ കമ്മിറ്റിയുടെ പരിഗണനാവിഷയങ്ങളില്‍ ഉണ്ടായിട്ടില്ല. പാരിസ്ഥിതിക ലോലപ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങള്‍ വേര്‍തിരിച്ച് കാണിക്കുമ്പോള്‍ ഈ മേഖലകളില്‍ താമസിക്കുന്ന ആദിവാസികളും കൃഷിക്കാരുമടങ്ങുന്ന സമൂഹത്തിന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുക എന്ന കാര്യം ഗാഡ്ഗില്‍ പരിഗണിച്ചില്ല. അതിന് ഗാഡ്ഗിലിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിഗണനാവിഷയങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ല. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും ശിപാര്‍ശകളും രൂപവത്കരിക്കുന്ന നടപടികളില്‍ നിന്ന് യു പി എ സര്‍ക്കാര്‍ ജനങ്ങളേയും ജനപ്രതിനിധിസഭകളേയും ഒഴിച്ചു നിര്‍ത്തുകയായിരുന്നു.
ഗാഡ്ഗില്‍ കമ്മിറ്റിയുടെ ഈ പോരായ്മ പരിഹരിക്കാനാണ് ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഉന്നതതല വര്‍ക്കിഗ് ഗ്രൂപ്പ് നിയോഗിക്കപ്പെട്ടത് എന്ന പ്രതീതിയാണ് സര്‍ക്കാറുകള്‍ സൃഷ്ടിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിസ്ഥിതി പ്രദേശങ്ങളും സാംസ്‌കാരിക പ്രദേശങ്ങളുമായി പശ്ചിമഘട്ടത്തെ വേര്‍തിരിച്ചു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനങ്ങളില്‍ തന്നെയാണ് ഊന്നിനിന്നത്. ഗാഡ്ഗില്‍ ശുപാര്‍ശകളിലെ ഭൂവിനിയോഗത്തെയും കൃഷിയേയും മൃഗപരിപാലനത്തെയും പശ്ചാത്തല സൗകര്യ വികസനത്തെയും സംബന്ധിച്ച നിലപാടുകള്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ആഗോളതാത്പര്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനായി ആ മേഖലയിലെ തദ്ദേശീയ ജനസമൂഹങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആലോചനകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഗാട്ട് കരാറിന്റെയും 2005ല്‍ ബുഷും മന്‍മോഹന്‍ സിംഗും ഒപ്പ് വെച്ച കൃഷി, ജൈവവൈവിധ്യ രംഗത്തെ വിജ്ഞാന മുന്‍കൈ കരാറിന്റെയും തുടര്‍ച്ചയായാണ് പശ്ചിമ ഘട്ടത്തിലെ ജൈവ കലവറ സംരക്ഷിക്കാനെന്ന വ്യാജേനയുള്ള ആഗോള ഇടപെടലുകളെ കാണേണ്ടത്. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള പൈതൃക സംരക്ഷണ കേന്ദ്രം (World Heritage Centre) ഉഷ്ണമേഖലാ രാജ്യങ്ങളിലെ സസ്യജാലങ്ങളും ജന്തുവര്‍ഗങ്ങളും സൂക്ഷ്മ ജീവികളും ഉള്‍ക്കൊള്ളുന്ന ജൈവകലവറ കൈയടക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അതിനു പിറകില്‍ പ്രവര്‍ത്തിക്കുന്നത് ജനിതകസാങ്കേതിക രംഗത്തെ അഗ്രി ബിസിനസ് കമ്പനികളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പര്‍വത മേഖലകളും പശ്ചിമ ഘട്ട മേഖലയും സാന്ദ്രമായ ജൈവവൈവിധ്യ മേഖലകളായിട്ടാണ് ആഗോള പൈതൃക കേന്ദ്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം മേഖലകളുടെ നിയന്ത്രണമാണ് ആഗോള പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ 9,10 മാനദണ്ഡങ്ങളനുസരിച്ച് ഏറ്റെടുക്കപ്പെടുന്നത്.
2009ല്‍ പശ്ചിമഘട്ട മേഖലയിലെ വെല്ലുവിളി നേരിടുന്ന ജൈവ കലവറ സംരക്ഷിക്കാനായി പാരീസിലെ ആഗോള പൈതൃക കേന്ദ്രത്തെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഏല്‍പ്പിക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് ഈ മേഖലയിലെ തദ്ദേശീയ ജനസമൂഹങ്ങളുടെ ഇടപെടലുകളില്‍ നിന്ന് പശ്ചിമ ഘട്ടത്തിലെ ജൈവസമ്പത്തിനെ മുക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആഗോള പൈതൃക കേന്ദ്രം നിര്‍ദേശിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സന്നദ്ധ സംഘടനാ ശ്രൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമ ഘട്ട സംരക്ഷണ ഗ്രൂപ്പുകളിലൂടെയാണ് ഇതിനാവശ്യമായ നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്. 2010ല്‍ ഇത്തരം എന്‍ ജി ഒ ഗ്രൂപ്പുകള്‍ നീലഗിരിയില്‍ സംഘടിപ്പിച്ച ഒരു യോഗത്തിലാണല്ലോ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി തന്നെ പ്രഖ്യാപിക്കപ്പെടുന്നത്.
ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മേഖലയുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണായകമായൊരു തീരുമാനം എന്തുകൊണ്ട് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല? ഈ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ ചര്‍ച്ച ചെയ്തില്ല? ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തില്ല? പശ്ചിമ ഘട്ട മേഖലയിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബഹുജനസംഘടനകളും കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്തില്ല? 2006ലെ വനാവകാശനിയമത്തെ ഗുരുതരമായി ബാധിക്കുന്ന ഈയൊരു നീക്കം എന്തുകൊണ്ട് ആദിവാസി സംഘടനകളുമായി ചര്‍ച്ച ചെയ്തില്ല?
ഇതിന് ഉത്തരം തേടുമ്പോഴാണ് ഗാഡ്ഗില്‍ കമ്മിറ്റിക്ക് പിറകിലുള്ള ആഗോളതാത്പര്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. വന്‍കിട മരുന്നു നിര്‍മാണ കമ്പനികളും ജനിതക സാങ്കേതിക രംഗത്തെ കുത്തകകളുമാണ് പശ്ചിമ ഘട്ടം കൈയടക്കാന്‍ അദൃശ്യമായ നീക്കങ്ങളിലൂടെ ആഗോള പൈതൃകകേന്ദ്രത്തിന് പിറകില്‍ നിന്ന് കരുക്കള്‍ നീക്കിയത്. യഥാര്‍ഥത്തില്‍ ഗാഡ്ഗില്‍ ശിപാര്‍ശകള്‍ ആഗോളപൈതൃക സംരക്ഷണത്തിനായുള്ള “ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ നേച്വര്‍” മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മുഴുവന്‍ പാലിച്ചുകൊണ്ടുള്ളതാണ്. ആഗോള പൈതൃക കേന്ദ്രം ആവശ്യപ്പെട്ട പ്രകാരമുള്ള രേഖകളും സ്‌കെച്ചുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് ഇന്ത്യ യുനസ്‌കോക്ക് നല്‍കിയത്. 2012 ഫെബ്രുവരിയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേര്‍ന്ന ആഗോള പൈതൃക കേന്ദ്ര സമിതി ഇതംഗീകരിച്ചാണ് പശ്ചിമഘട്ടത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമ ഘട്ടത്തിലെ വന ശോഷണത്തെയും പാരിസ്ഥിതിക തകര്‍ച്ചയേയും ചരിത്രപരമായി നോക്കിക്കാണാന്‍ തയാറായിട്ടില്ല. കൊളോണിയല്‍ നയങ്ങളും സ്വാതന്ത്ര്യാനന്തരം ഭരണാധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ നടന്ന വനം കൊള്ളയുമാണ് പശ്ചിമ ഘട്ട പരിസ്ഥിതിയെ ദുര്‍ബലമാക്കിയത്. ബ്രിട്ടീഷ് ഫോറസ്റ്റ് നയങ്ങള്‍ കപ്പല്‍ വ്യവസായത്തിനുള്ള മരത്തടികള്‍ വെട്ടിയെടുക്കാനും സ്വാഭാവിക വനങ്ങള്‍ നശിപ്പിച്ച് തേക്ക് പ്ലാന്റേഷന്‍ നടത്താനും ലക്ഷ്യം വെച്ചുള്ളതായിരുന്നു. കോളനിക്കാലത്താരംഭിച്ച നാണ്യവിള കൃഷിയും വനം നശിപ്പിക്കുന്നതായിരുന്നു. കൊളോണിയല്‍ നയങ്ങള്‍ സൃഷ്ടിച്ച ക്ഷാമവും പട്ടിണിയുമാണ് പശ്ചിമ ഘട്ടത്തിലേക്കുള്ള കുടിയേറ്റത്തിന്റെ ഗതിവേഗം കൂട്ടിയത്. ഗ്രോ മോര്‍ ഫുഡ് പോലുള്ള സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായിട്ടാണ് പട്ടിണിക്കാരായ മനുഷ്യര്‍ കൃഷി ചെയ്യാന്‍ മലമ്പ്രദേശങ്ങളിലേക്ക് എത്തിപ്പെട്ടത്. കാട്ടുമൃഗങ്ങളോടും വിഷപ്പാമ്പുകളോടും മലമ്പനിയോടും പ്രകൃതിയുടെ എല്ലാ കഠിനഘടകങ്ങളോടും ഏറ്റുമുട്ടി ജീവിതം കെട്ടുപ്പടുത്ത കുടിയേറ്റ ജനതയല്ല പരിസ്ഥിതിയുടെ ശത്രുക്കള്‍.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഹ്യപര്‍വതനിരകളില്‍ 44 ശതമാനം വനമുണ്ടായിരുന്നു. 1905ല്‍ 17906 ച.കീ.മീ. ഭൂവിഭാഗം വനഭൂമിയായിരുന്നു. 1947 ആകുമ്പോഴേക്കും അത് 12,822 ച.കീ.മീ. ആയി കുറഞ്ഞു. അതായത് 33 ശതമാനമായി ചുരുങ്ങി. 1965ല്‍ 10,490 ച.കീ.മീ ആയി അത് കുറഞ്ഞു. 1973 ല്‍ 6705 ച.കി.മീ. ആയി വീണ്ടും കുറഞ്ഞു. ഭൂവിസ്തൃതിയുടെ 17 ശതമാനം 1952ലെ കേന്ദ്ര വന നയവും മലബാറിലെ സ്വകാര്യ വന ദേശാസാത്കരണവും വനഭൂമി സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. 1986ലെ വന സംരക്ഷണ നിയമവും ഏട്ടിലെ പശുവായി അവശേഷിച്ചു. ഇതിനെയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് നിയമത്തിലെ പഴുതുകളുപയോഗിച്ച് വനം കൊള്ള നടത്താനുള്ള നീക്കങ്ങളെ ജനശക്തിയാണ് തടഞ്ഞുനിര്‍ത്തിയത്. കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന വനഭൂമി ജനങ്ങളുടെ ജാഗ്രത്തായ ഇടപെടലിന്റെ ഫലമാണ്. ജീരകപ്പാറയിലും കക്കയത്തും മലമ്പുഴയിലെ അകമലവാരത്തും നടന്ന വനം കൊള്ളക്ക് പിറകില്‍ യു ഡി എഫിലെ ഉന്നതരായിരുന്നു.
നിലവിലുള്ള നിയമത്തിലെ പോരായ്മകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ അനധികൃതമായ ഖനനവും ക്വാറി നടത്തിപ്പും വനഭൂമി കൈയേറ്റവും തടയുകയാണ് വേണ്ടത്. അതിനുപകരം പശ്ചിമ ഘട്ടത്തിലെ ആദിവാസികളും കൃഷിക്കാരുമടങ്ങുന്ന ജനസമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക വികാസത്തെ തടസ്സപ്പെടുത്തുന്ന ഗാഡ്ഗില്‍ ശിപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. പശ്ചിമ ഘട്ട വനമേഖല സംരക്ഷിക്കാന്‍ അവിടെ താമസിക്കുന്ന ജനസമൂഹങ്ങളെക്കൂടി ഉള്‍പ്പെടുത്തിയും പങ്കാളിയാക്കിക്കൊണ്ടുമേ കഴിയൂ. പരിസ്ഥിതിയേയും മനുഷ്യരേയും വേര്‍തിരിക്കുന്നതിനു പകരം അവയുടെ പരസ്പരബന്ധത്തെയും അസ്തിത്വത്തെയും നിര്‍ണയിക്കുന്ന വൈരുധ്യാത്മക സമീപനമാണ് വേണ്ടത്. തെക്ക് അശാംബു കുന്നുകള്‍ മുതല്‍ വടക്ക് ആതൂര്‍ കാടുകള്‍ വരെയുള്ള പശ്ചിമഘട്ടമേഖല 70 ലക്ഷത്തോളം മനുഷ്യര്‍ താമസിക്കുന്ന ഭൂപ്രദേശം കൂടിയാണ്. മനുഷ്യരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണനടപടികള്‍ പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യം കൈയടക്കാനുള്ള കോര്‍പ്പറേറ്റ് താത്പര്യങ്ങളെ ഒളിപ്പിച്ചുവെച്ചിട്ടുള്ള ആഗോള അജന്‍ഡയുടെ ഭാഗമാണ്. ഉഷ്ണമേഖലാ രാജ്യങ്ങളിലെ ജൈവ സമ്പത്തിനു മുകളില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കും ദേശീയ സര്‍ക്കാറുകള്‍ക്കുമുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുത്തുന്ന നവ കൊളോണിയല്‍ നയങ്ങളെ തിരിച്ചറിയാതെ ഗാഡ്ഗില്‍ കമ്മിറ്റിയെ ഉദാത്തവത്‌രിക്കുന്ന പരിസ്ഥിതിവാദികളും ശാസ്ത്ര സംഘടനകളും നവലിബറലിസത്തിന്റെ മാപ്പുസാക്ഷികളായി സ്വയം അധഃപതിക്കുകയാണ്.
ഒരു പ്രദേശത്തെ പ്രാണവായുവിന്റെയും കാര്‍ബണ്‍ വാതകത്തിന്റെയും ആരോഗ്യകരമായ സന്തുലനം സാധ്യമാകണമെങ്കില്‍ ആവശ്യമായ വനങ്ങളും സസ്യജാലങ്ങളും അനിവാര്യമാണ്. ഇന്ന് അന്തരീക്ഷ മലിനീകരണത്തിനും ഭൂമിയുടെ നൈസര്‍ഗികാടിസ്ഥാനം തകര്‍ക്കുന്നതിനും കാരണമാകകുന്നത് മുതലാളിത്തത്തിന്റെ ഭ്രാന്തമായ ഉത്പാദന പ്രവര്‍ത്തനമാണ്. പാരിസ്ഥിതിക തകര്‍ച്ചയുടെ അടിസ്ഥാനം സാമ്രാജ്യത്വത്തിന്റെ ഹിംസാത്മകമായ ചൂഷണ താത്പര്യങ്ങളാണ്. ഹരിതഗൃഹവാതകങ്ങളുടെ അനിയന്ത്രിതമായ ബഹിര്‍ഗമനമാണ് ഭൗമതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം. ലോക ജനസംഖ്യയുടെ നാല് ശതമാനം വരുന്നവര്‍ മാത്രം താമസിക്കുന്ന അമേരിക്ക അന്തരീക്ഷത്തിലേക്ക് തള്ളുന്നത് ആഗോള കാര്‍ബണ്‍ വാതകത്തിന്റെ 25 ശതമാനമാണ്. 21 ശതമാനം ജനസംഖ്യയുള്ള ചൈന 13 ശതമാനവും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ 14 ശതമാനവും. ക്വോട്ടോ കാലാവസ്ഥാ ഉച്ചകോടി മുന്നോട്ടുവെച്ച ഉടമ്പടികള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്.
സാമ്രാജ്യത്വ മൂലധന വളര്‍ച്ചക്ക് മൂന്നാം ലോക രാജ്യങ്ങള്‍ വില കൊടുക്കേണ്ടിവരുന്ന സ്ഥിതിയാണ്. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും വന്‍ വികസന പദ്ധതികള്‍ക്കായി പാരിസ്ഥിതിക ഘടനകള്‍ തകര്‍ക്കുന്നതും നവ ലിബറല്‍ മൂലധന വളര്‍ച്ചയുടെ ഭാഗമായ റിയല്‍ എസ്റ്റേറ്റ് വികസനം മൂലമാണ്.
ഉത്പാദന ഉപാധികള്‍ക്ക് മുകളിലുള്ള സാമൂഹിക ഉടമസ്ഥതയും നിയന്ത്രണവും വഴി മുതലാളിയും കൂലി അടിമകളും എന്ന നിലയിലുള്ള സാമൂഹിക വൈരുധ്യങ്ങള്‍ പരിഹരിക്കുകയും സാമൂഹിക മിച്ചം എല്ലാ വിഭാഗങ്ങള്‍ക്കും സമമായി അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യമാണ് വേണ്ടത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ ലാഭപ്രചോദിതമായിക്കാണുന്ന മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനെ പ്രകൃതിയുടെ ഭാഗമായിക്കാണുന്ന വികസന സമീപനമാണ് മുന്നോട്ട് വെക്കേണ്ടത്. സാമൂഹിക അസന്തുലിതത്വങ്ങളെ പോലെ പാരിസ്ഥിതിക അസന്തുലനങ്ങളേയും പരിഹരിക്കുന്ന വികസന സമീപനം സൈദ്ധാന്തികമായി മുന്നോട്ടുവെക്കണം. കൃഷിയും വ്യവസായവും നാട്ടിന്‍പുറവും നഗരങ്ങളും പരമ്പരാഗത വ്യവസായവും ആധുനിക വ്യവസായവും പരിസ്ഥിതിയും വികസനവും സന്തുലിതമാകുന്ന രണ്ട് കാലില്‍ നടക്കുന്ന വികസനമാണ് ലക്ഷ്യമിടേണ്ടതെന്ന് ചുരുക്കം.
വികസിത രാജ്യങ്ങളേയും സമ്പന്ന വര്‍ഗങ്ങളേയും അപേക്ഷിച്ച് പാരിസ്ഥിതിക തകര്‍ച്ചയുടെ ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് മൂന്നാം ലോക രാജ്യങ്ങളും ദരിദ്ര വിഭാഗങ്ങളുമാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ധനിക ദരിദ്ര വ്യത്യാസമില്ലാതെ എല്ലാവരേയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് സര്‍വ ജീവജാലങ്ങളേയും ഗ്രസിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ലോകാരോഗ്യ സംഘടനതന്നെ ചൂണ്ടിക്കാട്ടുന്നത് ആഗോളതാപനത്തിന്റെ ദോഷഫലങ്ങള്‍ ബാധിക്കുന്ന 37.5 കോടി പേരില്‍ ഭൂരിപക്ഷവും വികസ്വര നാടുകളിലെ ദരിദ്ര ജനകോടികളായിരിക്കുമെന്നാണ്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് പാരിസ്ഥിതിക തകര്‍ച്ചയെ സംബന്ധിച്ച സമീപനം പ്രസക്തമാകുന്നത്. കേവലമായ പരിസ്ഥിതി മൗലികവാദം കൊണ്ട് സമകാലീന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനാകില്ല. പ്രകൃതിയും സമ്പത്തുമെല്ലാം സാമ്രാജ്യത്വമൂലധന അധികാരത്തിന് കീഴിലാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടും അതിനെ മാറ്റിത്തീര്‍ക്കാനുള്ള സാമൂഹിക വിപ്ലവ വീക്ഷണം മുറുകെപ്പിടിച്ചുകൊണ്ടും മാത്രമേ വര്‍ത്തമാന പാരിസ്ഥിതിക തകര്‍ച്ചയെ തടയുന്ന മുന്നേറ്റങ്ങള്‍ രൂപപ്പെടുത്താനാകൂ. പല ഉത്തരാധുനികരും എന്‍ ജി ഒകളും ഇതൊരു വര്‍ഗന്യൂനീകരണ സിദ്ധാന്തമായി ആക്ഷേപിക്കാറുണ്ട്. പ്രകൃതിയേയും മനുഷ്യ സമൂഹത്തെയും ചരിത്രപരമായും വൈരുധ്യാത്മകവുമായി മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന അത്തരം നിലപാടുകള്‍ ബൂര്‍ഷ്വാ മൂലധന വ്യവസ്ഥയേയാണ് സേവിക്കുന്നത്.