Connect with us

Malappuram

ഫെഡറേഷന്‍ കപ്പ് മഞ്ചേരിയില്‍ സൂപ്പറാകും

Published

|

Last Updated

Federation Cup

മഞ്ചേരി: ചരിത്ര നഗരി മറ്റൊരു ചരിത്രമെഴുതാന്‍ വെമ്പല്‍ കൊള്ളുന്നു. ഏറനാടിന്റെ വീരേതിഹാസം രചിച്ച മഞ്ചേരിയില്‍ ഇതാദ്യമായി വിരുന്നെത്തുന്ന ഫെഡറേഷന്‍ കപ്പിനെ വരവേല്‍ക്കാന്‍ നഗരം പാല്‍പുഞ്ചിരി പൊഴിക്കുന്നു. പത്ത് ഹൈമാസ്റ്റ് ടവറുകളില്‍ ഏഴും പതിനാലാം രാവുദിക്കുന്നതു പോലെ നഗരത്തില്‍ പ്രകാശം പരത്തും.
പാണ്ടിക്കാട് റോഡില്‍ ബൈപാസ് ജംഗ്ഷന്‍, സീതിഹാജി ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, ജസീല ജംഗ്ഷന്‍, ജനറല്‍ ആശുപത്രി, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് മുമ്പായി ഹൈമാസ്റ്റ് വിളക്കുകള്‍ പ്രഭ ചൊരിയും. ചെങ്ങണ ബൈപാസ് ജംഗ്ഷന്‍, കച്ചേരിപ്പടി ജംഗ്ഷന്‍, തുറക്കല്‍ ജംഗ്ഷന്‍, നെല്ലിപ്പറമ്പ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും താമസിയാതെ ഹൈമാസ്റ്റ് ടവറുകള്‍ ഉയരും. ക്രോംപ്ടന്‍ കമ്പനിയുടേതാണ് ഹൈമാസ്റ്റ് വിളക്കുമാടം. കെ എസ് ഇ ബി, പി ഡബ്ല്യു ഡി, റവന്യൂ, പോലീസ് നഗരസഭ എന്നിവയുടെ അനുമതിയോടെയാണ് ഇവ സ്ഥാപിക്കുന്നത്. 30 ലക്ഷം രൂപ ചെലവില്‍ ആറ് ഹൈമാസ്റ്റുകള്‍ നഗരസഭയാണ് സ്ഥാപിക്കുന്നത്. സീതിഹാജി ബസ് സ്റ്റാന്‍ഡില്‍ സോളാര്‍ ഹൈമാസ്റ്റ് സ്ഥാപിക്കുന്നത് സ്വകാര്യ കമ്പനിയാണ്. ഇവരുടെ പരസ്യം പ്രദര്‍ശിപ്പിക്കും. പതിനൊന്നിന് ഇവയുടെ ട്രയല്‍ റണ്‍ നടക്കും.
ഫെഡറേഷന്‍ കപ്പിന് മുന്നോടിയായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി പറഞ്ഞു. സ്റ്റേഡിയത്തിലേക്കുള്ള മൂന്നു റോഡുകള്‍ നന്നാക്കുകയും സ്റ്റേഡിയത്തിന് കവാടം സ്ഥാപിക്കുകയും ചെയ്തതായും ചെയര്‍മാന്‍ പറഞ്ഞു. കോട്ടക്കുന്നിലേക്ക് ജനം ഒഴുകുന്നതു പോലെയാണ് പയ്യനാട് സ്റ്റേഡിയം കാണാന്‍ കളിപ്രേമികള്‍ എത്തുന്നത്.

പീടികമുറി ലേലം
ചെയ്തു

പൊതുജനങ്ങളുടെ അമിതാവേശങ്ങള്‍ക്കൊടുവില്‍ ഗ്യാലറിയിലെ 12 മുറികള്‍ ലേലം ചെയ്തു. പയ്യനാട് സ്റ്റേഡിയം ഉദ്ഘാടനത്തിനും ഫെഡറേഷന്‍ കപ്പ് കാണാനുമെത്തുന്ന കായിക പ്രേമികള്‍ക്ക് കുളിരു പകരാന്‍ സ്റ്റേഡിയത്തിന് സമീപമുള്ള 12 പീടികമുറികള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്നലെ ലേലം ചെയ്തു കൊടുത്തു. ചായ, കാപ്പി, സ്‌നാക്‌സ്, ശീതള പാനീയങ്ങള്‍, ഫ്രൂട്ട്‌സ്, ഇളനീര്‍, സോഡ തുടങ്ങിയവ ഇവിടെ ലഭിക്കും.

പാര്‍ക്കിംഗ് സൗകര്യം

സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഒട്ടേറെ കാര്‍ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കി.
പുല്ലഞ്ചേരി, പിലാക്കല്‍, പുഴങ്കാവ് എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഉദ്ഘാടന വേദിയുടെയും വി ഐ പി ലോഞ്ചിന്റെയും ഗ്യാലറിയുടെയും സുരക്ഷയും പാര്‍ക്കിംഗ് സൗകര്യങ്ങളും ജില്ലാ പോലീസ് മേധാവിയും മറ്റും അവലോകനം നടത്തി. ഫഌഡ്‌ലിറ്റ് ടവറുകള്‍ സ്ഥാപിച്ചു. നാളെ ആറു ടവറുകളിലും ലൈറ്റുകള്‍ മിന്നിത്തെളിയും.

മിഴിവേകാന്‍
കലാരൂപങ്ങള്‍

ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരവും സ്റ്റേഡിയം ഉദ്ഘാടനവും ഒരുമിച്ചുവരുന്നത് ആഘോഷമാക്കാന്‍ മഞ്ചേരി ഒരുങ്ങി. പത്ത് ബാന്‍ഡ് സെറ്റുകള്‍, ശിങ്കാരിമേളം, വെടിക്കെട്ടുകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, ഒപ്പന, കോല്‍ക്കളി തുടങ്ങി നാടന്‍ കലാരൂപങ്ങളും ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ സംഘാടകര്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. പുഴങ്കാവ്, ചീരക്കുഴി, മുക്കം, പിലാക്കല്‍, പയ്യനാട്, പുല്ലഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകള്‍ ഏഴ് ബാന്‍ഡ് സെറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
സംഘാടക സമിതി വക ശിങ്കാരി മേളവും മറ്റു കലാരൂപങ്ങളും അണിനിരക്കും. വിവിധ സന്നദ്ധ യുവജന സംഘടനകളും ആഘോഷപൊലിമക്ക് സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട്, അക്കമഡേഷന്‍, റിസപ്ഷന്‍, പ്രോഗ്രാം കമ്മിറ്റി എന്നിവയുടെ യോഗം കലക്ടറേറ്റില്‍ നടന്നു.

പരിശീലന ഗ്രൗണ്ടുകള്‍ പരിശോധിക്കും

ടീമുകള്‍ക്കുള്ള പ്രാക്റ്റീസ് ഗ്രൗണ്ടുകള്‍ ഇന്ന് പരിശോധിക്കും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാവും പരിശോധന നടത്തുക. ടീമുകളുടെ താമസ സ്ഥലത്തിനടുത്ത് പരിശീലന മൈതാനങ്ങള്‍ നല്‍കാനാണ് തീരുമാനം. എം എസ് പി ഗ്രൗണ്ട്, മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, നിലമ്പൂര്‍ പൊലീസ് മൈതാനം എന്നിവയാണ് പ്രധാനമായും പരിശീലന ഗ്രൗണ്ടായി നല്‍കുക.
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ടീമുകള്‍ ജനുവരി 11 മുതല്‍ എത്തും. ഉച്ചക്ക് ഒന്നിന് ഡെംപോ ഗോവയും 1.30ന് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗും കരിപ്പൂരില്‍ വിമാനമിറങ്ങും. ആദ്യമെത്തുന്ന ടീമുകളെ ജനപ്രതിനിധികളും സബ് കമ്മിറ്റി കണ്‍വീനര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. ബാന്‍ഡ് മേളം, കഥകളി, അറബന മുട്ട് എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിക്കുക.

Latest