Connect with us

Kerala

സംസ്ഥാനത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ഉടന്‍: ചെന്നിത്തല

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷിതത്വത്തിനും ജനങ്ങളുടെ സുരക്ഷക്കുമായി സംസ്ഥാനത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടുത്ത ബജറ്റില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡേ അറിയിച്ചതായി അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളന്തില്‍ പറഞ്ഞു. ഇന്ത്യാ റിസര്‍വ് ബറ്റാലിയനായി കേരളം നിരവധി തവണ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു.

മയക്കുമരുന്ന് മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിനായി കേരളത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കും. കഞ്ചാവ് കൃഷിയും മയക്കുമരുന്നത് കടത്തും പൂര്‍ണമായും തടയും.

സംസ്ഥാനത്തെ നാല് ജില്ലകളിലുള്ള മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗുമായി ചര്‍ച്ച നടത്തിയതായി ചെന്നിത്തല അറിയിച്ചു. ഇത് തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. ഇതിന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഗൗരവത്തില്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി നിര്‍ഭയ കേരളം പദ്ധതി നടപ്പാക്കും. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നിര്‍വഹിക്കും. പദ്ധതിക്കാനായ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. ആയിരം വനിതാ പോലീസുകാരെ പുതുതായി നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി ചെന്നിത്തല പറഞ്ഞു.