Connect with us

International

ചാവേറിനെ തടയുന്നതിനിടെ കൊല്ലപ്പെട്ട 15 കാരന് വീരപരിവേഷം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സ്‌കൂളിലേക്ക് കടക്കുകയായിരുന്ന ചാവേറിനെ തടയുന്നതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 15കാരന് വീരപരിവേഷം. ഖൈബര്‍ പക്ത്വുന്‍ഖ്വാ പ്രവിശ്യയിലാണ് സംഭവം. കുട്ടിയെ മരണാനന്തര സിവിലിയന്‍ അവാര്‍ഡിന് പോലീസ് ശിപാര്‍ശ ചെയ്തു. ധീരകൃത്യത്തിനിടെ കൊല്ലപ്പെട്ട ഇഅ്തിസാസ് ഹസന് മരണാനന്തര അവാര്‍ഡ് നല്‍കണമെന്ന് കാണിച്ച് പ്രവിശ്യാ പോലീസ് തലവന്‍ നാസിര്‍ ദുറാനി മുഖ്യമന്ത്രി പര്‍വേസ് ഖട്ടക്കിന് കത്തയച്ചതായി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്‌കൂളിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ ധീരതയോടെയും സാഹസികമായും തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഹസന് ജീവന്‍ ബലികൊടുക്കേണ്ടിവന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
നിരപരാധികളായ നൂറു കണക്കിന് വിദ്യാര്‍ഥികളുടെ ജീവന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത് രക്ഷിച്ച കുട്ടി ഇപ്പോള്‍ വീരനായകനാണ്. ഹന്‍ഗു ജില്ലയിലെ ഇബ്‌റാഹിംസായി സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഹസന്‍ സ്‌കൂളില്‍ സ്‌ഫോടനം നടത്താനായി വന്ന ചാവേറിനെ ഗേറ്റില്‍ തടയവെ ചാവേര്‍ സ്വയം സ്‌ഫോടനം നടത്തിയതിനെത്തുടര്‍ന്നാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചാവേറിന് നേരെ ആദ്യം കല്ലെടുത്തെറിഞ്ഞ ഹസന്‍ പിന്നീട് ഓടിയടുത്ത് ഇയാളെ കടന്നു പിടിക്കുകയായിരുന്നു.
2000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലശ്കറെ ജാംഗ്‌വി ഏറ്റെടുത്തു. മനുഷ്യത്വത്തെ രക്ഷിക്കാനാണ് തന്റെ സഹോദരന്‍ ജീവന്‍ കൊടുത്തതെന്ന് ഹസന്റെ സഹോദരന്‍ മുജ്തബ പറഞ്ഞു. “എന്റെ മകന്‍ അവന്റെ മാതാവിനെ കരയിപ്പിച്ചെങ്കിലും നൂറ് കണക്കിന് മാതാക്കളെ അവരുടെ മക്കളെയോര്‍ത്ത് കരയുന്നതില്‍ നിന്ന് രക്ഷപ്പെടുത്തി”യെന്ന് ഹസന്റെ യു എ ഇയിലുള്ളപിതാവ് മുജാഹിദ് അലി പറഞ്ഞു.

---- facebook comment plugin here -----

Latest