Connect with us

Ongoing News

മധുരപ്പതിനേഴ്‌

Published

|

Last Updated

റാഞ്ചി: ദേശീയ സ്‌കൂള്‍ കായിക കിരീടം തുടര്‍ച്ചയായ 17ാം തവണയും കേരളത്തിന്റെ മണ്ണിലേക്ക്. റാഞ്ചിയിലെ കൊടും തണുപ്പ് വകവെക്കാതെ മലയാളത്തിന്റെ ചുണക്കുട്ടികള്‍ ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞാടിയപ്പോള്‍ കേരളത്തിന് അഭിമാനത്തിന്റെ മറ്റൊരു പൊന്‍തൂവല്‍ കൂടി. 38 സ്വര്‍ണവും 26 വെള്ളിയും 15 വെങ്കലവും വാരിക്കൂട്ടി 309 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ നേടിയ 33 സ്വര്‍ണം എന്ന സ്വന്തം നേട്ടവും ഇതിനിടെ കേരളം മറികടന്നു. 90 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത്. കേരളത്തിന്റെ പി യു ചിത്ര, വി വി ജിഷ, മഹാരാഷ്ട്രയുടെ സ്വപ്‌ന ബര്‍മന്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
മീറ്റിന്റെ ആദ്യ സ്വര്‍ണവും അവസാന സ്വര്‍ണവും കേരളം സ്വന്തമാക്കിയതും ആവേശമായി. അവസാന ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 4+400 മീറ്ററിലും സ്വര്‍ണം നേടിയാണ് കേരളം സുവര്‍ണ നേട്ടം അവസാനിപ്പിച്ചത്. അവസാന ദിനമായ ഇന്നലെ 32 ഫൈനലുകളാണ് നടന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ പി യു ചിത്ര, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി ബബിത, സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസി ജോസഫ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിസ്‌ന മാത്യു, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഷാനി ഷാജി, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ രുക്മ ഉദയന്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 200, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി വി ജിഷ, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സി വി സുഹൈല്‍ എന്നിവരാണ് സമാപന ദിവസം കേരളത്തിന്റെ സുവര്‍ണ നേട്ടക്കാര്‍.
റാഞ്ചി ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചത് അവസാന സ്‌കൂള്‍ മീറ്റിനെത്തിയ കേരളത്തിന്റെ നാളെയുടെ പ്രതീക്ഷയായ പി യു ചിത്രയാണ്. ദേശീയ റെക്കാര്‍ഡ് പ്രകടനം അടക്കം നാല് സ്വര്‍ണമാണ് ഈ പാലക്കാട്ടുകാരി വാരിക്കൂട്ടിയത്. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം സ്വര്‍ണം എന്ന പതിവ് ചിത്ര ആവര്‍ത്തിച്ചു. പാലക്കാടുകാരിയായ വി വി ജിഷയുടെ ട്രിപ്പിള്‍ സ്വര്‍ണവും ശ്രദ്ധേയ നേട്ടമായി.
ആറ് ദേശീയ റെക്കാര്‍ഡുകളും റാഞ്ചിയില്‍ കേരള താരങ്ങള്‍ തിരുത്തിക്കുറിച്ചു. ഇതില്‍ മൂന്നെണ്ണം ഹൈജംപ് പിറ്റില്‍ നിന്നാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസ് എസിലെ എന്‍ പി സംഗീതയാണ് മീറ്റിലെ ആദ്യ ദേശീയ റെക്കാര്‍ഡ് (1.66 മീറ്റര്‍) കുറിച്ചത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ കെ എസ് അനന്തു (1.89 മീറ്റര്‍) ദേശീയ റെക്കാര്‍ഡിന് ഉടമയായി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ എറണാകുളം എളമക്കര സര്‍ക്കാര്‍ സ്‌കൂളിലെ ശ്രീനിത് മോഹനന്‍ (2.11 മീറ്റര്‍), ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലാ ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസ് എസിലെ ഡൈബി സെബാസ്റ്റ്യന്‍ (14.59 സെക്കന്‍ഡ്), സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ എം എന്‍ നാസിമുദ്ദീന്‍ (14.37 ) എന്നിവരും റെക്കോര്‍ഡ് ബുക്കില്‍ പേരു കുറിച്ചു.
നൂറ് മീറ്ററില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച മലപ്പുറം വളയംകുളം എം വി എം ആര്‍ എച്ച് എസ്എസിലെ കെ പി അശ്വിന്റെ കുതിപ്പും ശ്രദ്ധേയം.
അഞ്ച് ദിവസം നീണ്ടുനിന്ന കായികമേളയില്‍ 66 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമടക്കം 117 അംഗങ്ങളാണ് കേരളത്തിനായി ട്രാക്കിലും ഫീല്‍ഡിലും അണിനിരന്നത്.

Latest