Connect with us

Articles

കെജ്‌രിവാളിനെ എനിക്ക് പേടിയാണ്

Published

|

Last Updated

തൊപ്പിയും ചര്‍ക്കയുമായിരുന്നു ഒരു കാലത്ത് പ്രതീകങ്ങള്‍. ഈസ്റ്റ് ഇന്ത്യാ കമ്പനിയായെത്തി, അധികാരമുറപ്പിച്ച ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകങ്ങള്‍. ചര്‍ക്കയില്‍ നൂറ്റ നൂല്, കടല്‍ കടന്നെത്തുന്ന തുണിയെ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന ഒന്നായി വീക്ഷിക്കപ്പെട്ടു. പൂര്‍ണമായ സ്വദേശിവത്കരണത്തിലൂടെ വിദേശിയെ ഒറ്റപ്പെടുത്തുകയും അതുവഴി ബ്രിട്ടന് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുകയുമായിരുന്നു ഉദ്ദേശ്യം. നികുതികള്‍ ഒടുക്കാതിരിക്കുന്നതിലൂടെ സര്‍ക്കാറിന്റെ വരുമാന മാര്‍ഗം കൂടി തടയുന്നതോടെ ബ്രിട്ടന് നില്‍ക്കക്കള്ളിയില്ലാതാകും. അഹിംസാമാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം. ഇതിലേക്ക് ജനതയെ ആകെ ഒന്നിപ്പിക്കുക എന്നതായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ മൂലം പല കുറി വിഫലമാക്കപ്പെട്ടു. സമരങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍, സമരം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കി. ലക്ഷ്യം പോലെ മാര്‍ഗവും സംശുദ്ധമാകണമെന്ന തന്റെ സിദ്ധാന്തം തന്നെയാണ് ശരിയെന്നും അത് തെളിയിക്കുന്ന രീതിയിലാകണം സ്വാതന്ത്ര്യ സമരമെന്നുമുള്ള എം കെ ഗാന്ധിയുടെ നിലപാട് പിടിവാശി മാത്രമാണെന്നും ബ്രിട്ടീഷുകാരെ എത്രയും പെട്ടെന്ന് പുറന്തള്ളി സ്വാതന്ത്ര്യം കരഗതമാക്കുകയാണ് വേണ്ടതെന്നുമുള്ള വാദക്കാര്‍ അന്നത്തെ കോണ്‍ഗ്രസില്‍ ധാരാളമുണ്ടായിരുന്നു. സുഭാഷ് ചന്ദ്ര ബോസ് മുതലിങ്ങോട്ട് ജവഹര്‍ലാല്‍ നെഹ്‌റുവരെയുള്ളവരില്‍ ഏറിയും കുറഞ്ഞും ഈ അഭിപ്രായം പ്രകടവുമായിരുന്നു.
രാജ്യസ്വാതന്ത്ര്യം പരമമായ ലക്ഷ്യമാകുകയും അതിലേക്ക് സ്വീകരിക്കേണ്ട മാര്‍ഗത്തെച്ചൊല്ലി ഭിന്നത നിലനില്‍ക്കുകയും ചെയ്യുന്ന കാലത്തു തന്നെ, കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കേണ്ട നയത്തെക്കുറിച്ചും സ്വതന്ത്രമായുണ്ടാകുന്ന രാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ടായി. ഭൂരിപക്ഷ മതത്തിന്റെ യഥാര്‍ഥ പ്രാതിനിധ്യം വഹിക്കുന്നതാകണം കോണ്‍ഗ്രസ് എന്നും സ്വതന്ത്ര ഭാരതം ഹിന്ദു രാഷ്ട്രമാകണമെന്നും ഉള്ള അഭിപ്രായങ്ങള്‍ ആ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ബാലഗംഗാധര തിലകിനെപ്പോലുള്ള നേതാക്കള്‍ ഉയര്‍ത്തിവിട്ട ഈ ആശയങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സാമാന്യം ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഗാന്ധിയെയും നെഹ്‌റുവിനെയും പോലുള്ള നേതാക്കള്‍, അമരത്ത് തുടരുന്ന കാലത്തോളം അത്തരം ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉദയം. ആര്‍ എസ് എസ് ആശയങ്ങളോട് താദാത്മ്യം പ്രാപിക്കുന്നവര്‍ കോണ്‍ഗ്രസില്‍ തുടരുകയും സമ്മേളനങ്ങളില്‍ അത്തരം ആശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു (സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെട്ട് സംഘ് പരിവാറും നരേന്ദ്ര മോദിയുമൊക്കെ ഇപ്പോള്‍ രംഗത്തുവരുന്നത് ഈ ചരിത്രമുള്ളതുകൊണ്ടാണ്). അതുകൊണ്ടാണ് കോണ്‍ഗ്രസിലും അതിന്റെ നേതാക്കളിലും സംശയാലുക്കളായവര്‍ മുസ്‌ലിം ലീഗ് രൂപവത്കരിച്ചതും അന്തിമമായി രാജ്യം വിഭജിക്കപ്പെട്ടതും. ഇക്കാലത്ത്, ഭിന്നിപ്പുകള്‍ വളര്‍ത്തുന്നതിലും പിളര്‍പ്പിന് വഴിയൊരുക്കുന്നതിലും ബ്രിട്ടീഷ് ഭരണകൂടം നല്‍കിയ സംഭാവനകള്‍ മറക്കുന്നില്ല.
സഹസ്രാബ്ദങ്ങളിലൊരിക്കല്‍ പിറന്നുവീഴാനിടയുള്ളയാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എം കെ ഗാന്ധിയുടെ നേതൃത്വം നിലനില്‍ക്കെ, ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മൗലാന അബുല്‍കലാം ആസാദിനെയും ഡോ. ബി ആര്‍ അംബേദ്കറിനെയുമൊക്കെപ്പോലെ തലപ്പൊക്കമുള്ളയാളുകള്‍ നേതൃത്വത്തിലുണ്ടായിരിക്കെ, സ്വാതന്ത്ര്യമെന്ന വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് മുന്നേറുമ്പോഴാണ് കോണ്‍ഗ്രസില്‍ ഇത്തരം ഭിന്നതകളുണ്ടായത്. ആ ഭിന്നതകള്‍ പരമാവധി പ്രത്യാഘാതമുണ്ടാക്കി, ചരിത്രത്തിലെ ഏറ്റവും ഭീതിദവും ക്രൂരവുമായ ദിനങ്ങള്‍ സമ്മാനിച്ചു. സ്വാതന്ത്ര്യാനന്തരം നാല് ദശകത്തോളം രാജ്യഭാരം നിരന്തരം വഹിച്ച കാലത്ത് (ഇടക്കാലത്ത് രണ്ട് വര്‍ഷം നീണ്ട ജനതാ പരീക്ഷണം മറക്കുന്നില്ല) കോണ്‍ഗ്രസ് ദുര്‍ബലമാകുകയും പിളരുകയും യഥാര്‍ഥ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമാകുകയുമൊക്കെ ചെയ്തു.
തൊപ്പിയും ചൂലും പുതിയ പ്രതീകങ്ങളായി ഉയര്‍ന്ന് വരുന്ന ഘട്ടമായതിനാലാണ് ഇത്രയും ചരിത്ര വിചാരം ചെയ്യേണ്ടിവന്നത്. അഴിമതി തുടച്ചു നീക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ചൂല്‍ തിരഞ്ഞെടുപ്പ് അടയാളമാക്കി, സ്വരാജ് മുദ്രാവാക്യമുയര്‍ത്തി, പരുത്തിത്തുണിയുടെ തൊപ്പിയും വെച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ്, ഒട്ടൊരു കൗതുകം മാത്രമായി ഇതര ഇന്ത്യന്‍ വിഭാഗങ്ങള്‍ കണ്ടിരുന്ന ആ പാര്‍ട്ടി, ഡല്‍ഹിയിലെ വലിയ ജയത്തോടെ വലിയ സാന്നിധ്യമായി മാറിയിരിക്കുന്നു. പല പ്രമുഖരും ആം ആദ്മിയിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ചിലരൊക്കെ പ്രവേശം പ്രഖ്യാപിച്ചു. ചിലര്‍ അംഗത്വവുമെടുത്തു. ഒഴുക്കിനെ പ്രതിരോധിക്കേണ്ടത് എങ്ങനെ എന്ന് ആലോചിക്കുന്ന ആം ആദ്മി, ഇതര പാര്‍ട്ടികളില്‍ നിന്ന് പ്രവേശിക്കാന്‍ എത്തുന്നവരുടെ പൂര്‍വ ചരിത്രം പരിശോധിച്ച ശേഷം അനുവാദം നല്‍കാമെന്ന് അറിയിക്കുന്നു.
അധികാരത്തിലേറിയ ഡല്‍ഹിയില്‍പ്പോലും സംഘടനാ രൂപം പൂര്‍ണമായിട്ടില്ല ആം ആദ്മിക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഘടകങ്ങളുടെ രൂപവത്കരണം വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്നു. തങ്ങളുടെത് ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ നിന്ന് പാര്‍ട്ടിയിലേക്ക് രൂപാന്തരം പ്രാപിക്കുന്നതേയുള്ളൂവെന്ന് ആം ആദ്മിയുടെ നേതാക്കള്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. അതിനിടെയാണ് അംഗത്വവിതരണത്തെക്കുറിച്ചുള്ള വലിയ കണക്കുകള്‍ പുറത്തുവരുന്നത്. മുംബൈയില്‍ രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം പേര്‍ അംഗത്വമെടുത്തു. റിപ്പബ്ലിക് ദിനം വരെയുള്ള കാലയളവില്‍ രാജ്യത്താകെ അംഗസംഖ്യ ഒരുകോടിയാക്കുമെന്നത് പോലുള്ള കണക്കുകള്‍. ഇതിനെ പിന്‍പറ്റിയാണ് കേരളത്തില്‍ സാറാ ജോസഫ് മുതല്‍ കെ എം ഷാജഹാന്‍ വരെയുള്ളവരുടെ പാര്‍ട്ടി പ്രവേശവും മറ്റുള്ളവരുടെ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും. ഡല്‍ഹി സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികളുടെ പ്രത്യേകതയും കണക്കിലെടുക്കണം. സൗജന്യ വെള്ള വിതരണം, വൈദ്യുതി നിരക്കില്‍ വരുത്തിയ വെട്ടിക്കുറവ്, വൈദ്യുതിക്കമ്പനികളുടെ കണക്ക് ഓഡിറ്റ് ചെയ്യാനുള്ള തീരുമാനം, ചില്ലറ വില്‍പ്പനയിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി റദ്ദാക്കല്‍ എന്നിവയാണ് എടുത്തു പറയേണ്ടത്.
ഈ തീരുമാനങ്ങളും അഴിമതിക്കെതിരെ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടും പാര്‍ട്ടിയെ കൂടുതല്‍ കൂടുതല്‍ ജനകീയമാക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടാണ് അതിലേക്കുള്ള ആളൊഴുക്ക് വര്‍ധിക്കുന്നത്. പക്ഷേ, ഇത്തരം നിലപാടുകള്‍ കൊണ്ട് മാത്രമൊരു രാഷ്ട്രീയ സംവിധാനമായി നിലനില്‍ക്കാനാകുമോ എന്നതാണ് പ്രധാന പ്രശ്‌നം. അടിസ്ഥാനപരമായി ആം ആദ്മി പാര്‍ട്ടി ആരെ/എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതും പ്രധാനമാണ്. ജന്‍ ലോക്പാല്‍ ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തിയിരുന്ന നിരാഹാര വേദിയില്‍ നിന്നാണ് ആം ആദ്മിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ആ വേദിയിലേക്ക് ഒഴുകിയെത്തിയതില്‍ വലിയൊരു വിഭാഗം നഗരങ്ങളിലെ ഇടത്തരക്കാരോ/സമ്പന്ന മധ്യവര്‍ഗക്കാരോ ആയിരുന്നു. ഹസാരെയുടെ സമരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഹൈദരാബാദിലും ബംഗളുരുവിലും മുംബൈയിലുമൊക്കെ നടന്ന പ്രകടനങ്ങളില്‍ പങ്കാളികളായവരില്‍ ഭൂരിഭാഗവും സമ്പന്ന മധ്യവര്‍ഗ കുടുംബങ്ങളിലെ ചെറുപ്പക്കാരായിരുന്നു. അതുകൊണ്ടാണ് നമ്മുടെ ദേശീയ ചാനലുകള്‍ ഓരോ നഗരത്തിലെയും പ്രകടനങ്ങളെ തത്സമയം പ്രേക്ഷകരിലെത്തിച്ച്, സ്വന്തം “വ്യൂവര്‍ഷിപ്പ്” വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത്.
അന്നാ ഹസാരെയുമായി ഭിന്നിച്ചെങ്കിലും അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ തുടങ്ങിയവര്‍ മുന്നോട്ടുപോയപ്പോള്‍ അവര്‍ക്കൊപ്പം നിന്നതും ഇതേ മധ്യവര്‍ഗമായിരുന്നു. അവരെ ഏത് വിധത്തില്‍ യോജിപ്പിച്ച് നിര്‍ത്തണമെന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ അന്നായുടെ സമരവേദി കാട്ടിത്തന്നിരുന്നു. അത് ആം ആദ്മി പാര്‍ട്ടിയും സ്വീകരിച്ചു. ദേശീയ പതാകകള്‍ പാറിക്കളിക്കുന്ന, വന്ദേമാതരവും ഭാരത് മാതാ കി ജയ്‌യും മുറ തെറ്റാതെ മുഴങ്ങുന്നതായിരുന്നു അന്നായുടെ സമരവേദികള്‍. ആം ആദ്മിയുടെ എല്ലാ പരിപാടികളും ഈ രീതി പിന്തുടരുന്നു. നിലവിളിയോടടുത്ത് നില്‍ക്കും വിധത്തില്‍ വന്ദേമാതരവും ഭാരത് മാത് കീ ജയ്‌യും മുഴക്കപ്പെടുന്നു. കപട ദേശീയതയും യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കും വിധത്തിലുള്ള രാജ്യസ്‌നേഹവും സൃഷ്ടിച്ചെടുക്കുന്നതിന് നേരത്തെ സംഘ് പരിവാര്‍ സ്വീകരിച്ചിരുന്ന മാര്‍ഗം തന്നെയാണ് ഇത്. ഇതിലൂടെ അവര്‍ യോജിപ്പിക്കാന്‍ ശ്രമിച്ചത് ഭൂരിപക്ഷമതക്കാരെയാണെന്നത് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാകുമായിരുന്നു. അഴിമതിക്കെതിരായ കുരിശു യുദ്ധം, അഴിമതിയോട് സന്ധി ചെയ്ത നിലവിലുള്ള പാര്‍ട്ടികളെയെല്ലാം പുറന്തള്ളുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് പ്രഥമ സ്ഥാനം നല്‍കി എത്തുന്ന ആം ആദ്മി, യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത് ഭൂരിപക്ഷത്തിന്റെ ഏകോപനമാണെന്നത് പുറമേക്ക് അത്രത്തോളം പ്രകടമാകുന്നില്ലെന്ന് മാത്രം. വന്ദേതമാര, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ തങ്ങളുടെ പ്രഥമ ലക്ഷ്യത്തിന്റെ ഉദാത്തതക്ക് കീഴില്‍ ഭംഗിയായി മറച്ചുവെക്കാന്‍ സാധിക്കുന്നുണ്ട് ആം ആദ്മിക്ക്.
ജമ്മു കാശ്മീരില്‍, സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമം തുടരേണ്ടതുണ്ടോ എന്നതില്‍ ജനഹിത പരിശോധന നടത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ട് (ആം ആദ്മി ആകുന്നതിന് മുമ്പേ ഇദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്) നിമിഷങ്ങള്‍ക്കകം ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തി. പ്രശാന്ത് ഭൂഷണിന്റെ അഭിപ്രായത്തെ സംഘ് സംഘടനകള്‍ വിമര്‍ശിക്കുമ്പോഴൊക്കെ, കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നാണ് ആം ആദ്മിയുടെ നിലപാട് എന്ന് കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. “പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തെക്കുറിച്ചാണ് അതിനപ്പുറത്ത് കാശ്മീരിന്റെ കാര്യത്തില്‍ ഒന്നുമദ്ദേഹം പറഞ്ഞിട്ടില്ല” എന്നെങ്കിലും പറയാനുള്ള ധൈര്യം കെജ്‌രിവാള്‍ പ്രകടിപ്പിക്കുന്നില്ല. രാഷ്ട്രീയ നേതാവ് എന്ന നിലക്കുള്ള പരിചയക്കുറവ് ഒരു കാരണമാകാം. അതിനപ്പുറത്ത് തങ്ങള്‍ക്ക് പിന്തുണയേകുമെന്ന് കരുതപ്പെടുന്ന വിഭാഗത്തില്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന എതിര്‍ വികാരമൊഴിവാക്കുക എന്നതാണ് കെജ്‌രിവാളിന്റെ ലക്ഷ്യമെന്ന് തന്നെ കരുതണം. ആ നിലപാടിലാകും ആം ആദ്മി തുടര്‍ന്നും സഞ്ചരിക്കുക എന്നും.
അഴിമതി ഇല്ലാതാക്കുക എന്നതിനപ്പുറത്തൊരു അജന്‍ഡ ആം ആദ്മിക്കില്ലെന്നും അതിനാല്‍ തന്നെ രാഷ്ട്രീയ സംവിധാനമായി നിലനില്‍ക്കുന്നത് എങ്ങനെ എന്നും സംശയങ്ങളുന്നയിക്കുന്നവരുണ്ട്. നയരൂപവത്കരണത്തിന് സമയമുണ്ടെന്ന് ധരിക്കുക. എന്നാല്‍ എന്ത് ആശയങ്ങളെ അടിസ്ഥാനമാക്കിയാകും നയരൂപവത്കരണം നടക്കുക എന്നതിലേക്കുള്ള സൂചന കാശ്മീര്‍ നമുക്ക് നല്‍കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരങ്ങളുടെ കാര്യമെടുത്താല്‍, രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള നിലപാടേ ആം ആദ്മിക്കെടുക്കാനാകൂ എന്ന് ചുരുക്കം.
ജാതി, മതം, ഭാഷ എന്നീ പരിഗണനകള്‍ക്ക് വശംവദമാകാത്ത പാര്‍ട്ടിയായിരിക്കും ആം ആദ്മിയെന്ന് നേതാക്കള്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിന് പ്രേരകമായ ഘടകമാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍. ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും സാമൂഹികമായ പിന്നാക്കാവസ്ഥയും അനുഭവിച്ചിരുന്ന വിഭാഗങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുകയും അധികാരത്തിലേക്ക് എത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച പിന്നീടുള്ള വര്‍ഷങ്ങളില്‍ കണ്ടു. മുലായം സിംഗ് യാദവും മായാവതിയും ലാലു പ്രസാദ് യാദവും നിതീഷ് കുമാറുമൊക്കെ മുഖ്യമന്ത്രിമാരായത് ഈ പ്രക്രിയയുടെ ഭാഗമായാണ്. അതിനെ അഭിമുഖീകരിക്കുകയേ വേണ്ട എന്നാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിരാസമെന്നത് വലിയ വികാരമായി നില്‍ക്കുന്ന ഇന്നത്തെ പ്രത്യേക ഘട്ടത്തില്‍ ജാതി- മത പരിഗണനകള്‍ക്ക് വശംവദരാകാതിരിക്കുക എന്ന മുദ്രാവാക്യത്തിന് പിന്തുണ ലഭിച്ചേക്കാം. പക്ഷേ ആ നിലപാടിന് കരുത്ത് കിട്ടുക എന്ന് പറഞ്ഞാല്‍, ബഹുസ്വരതയെ നിരസിക്കുന്ന, ഇപ്പോള്‍ സംഘ് പരിവാര്‍ മുന്നോട്ടുവെക്കുന്ന, ഏക സിവില്‍ കോഡ്, മെറിറ്റിന് മുന്‍തൂക്കമേകുന്ന സംവരണ2വിരുദ്ധത, ഭൂരിപക്ഷവികാരത്തോടൊപ്പിച്ചും സവര്‍ണപക്ഷത്തോട് ചേര്‍ന്നും നില്‍ക്കുന്ന ചരിത്ര നിര്‍മിതി എന്നു തുടങ്ങിയ അജന്‍ഡകള്‍ക്ക് സ്വീകാര്യത ലഭിക്കുക എന്നാണ് അര്‍ഥം. അതിലേക്കൊക്കെ ആം ആദ്മി പാര്‍ട്ടി സഞ്ചരിച്ചെത്തണമെങ്കില്‍ കാലം കുറേ വേണ്ടിവരും. അതിനിടയില്‍ ഉയര്‍ന്നുവരാനിടയുള്ള ആഭ്യന്തര വൈരുധ്യങ്ങളെ തരണം ചെയ്യാന്‍ ആ പാര്‍ട്ടിക്കാകുമോ? അത്തരം വൈരുധ്യങ്ങള്‍ കടുത്ത വടംവലി വേഗത്തില്‍ സൃഷ്ടിക്കാനിടയുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കൈവരിക്കുന്ന ജനപ്രിയതയുടെ അതേ വേഗത്തില്‍ കാറ്റ് ചോര്‍ന്ന് പോകുന്നത് നാം കാണേണ്ടിവരും.
എന്തൊക്കെയായാലും ഇപ്പോഴത്തെ കാലഗണനക്കനുസൃതമല്ലാത്ത വളര്‍ച്ച, കുടുതല്‍ നെഞ്ചിടിപ്പേറ്റുന്നത് നരേന്ദ്ര മോദിക്കും ബി ജെ പിക്കുമായിരിക്കും. യു പി എ സര്‍ക്കാറിനെതിരെയുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട ജനവികാരം തങ്ങളെത്തുണക്കുമെന്ന് പ്രതീക്ഷിച്ച് അടുപ്പത്തുവെച്ച കലത്തിലാണ് മണ്ണ് വീണത്. ബി ജെ പിയുടെ വോട്ട് പോക്കറ്റുകളില്‍ പ്രധാനം നഗരങ്ങളാണ്. അവിടുത്തെ ഇടച്ചേരിക്കാരെയാണ് വന്ദേമാതരം പാടിച്ചും തൊപ്പി അണിയിച്ചും ആം ആദ്മി തെളിച്ചുകൊണ്ടുപോകുന്നതും. നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്ന സൗജന്യ പ്രചാരണം ആം ആദ്മിയും അരവിന്ദ് കെജ്‌രിവാളും അവസാനിപ്പിച്ചത് ശ്രദ്ധിക്കുക. അതുകൊണ്ട് ഇപ്പോഴത്തെ ഈ വളര്‍ച്ച, ആം ആദ്മിയുടെ അടിസ്ഥാനധാരയെക്കുറിച്ച് മുമ്പുന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമായ ഫലം പ്രദാനം ചെയ്യുമെന്ന് തന്നെ കരുതണം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest