Connect with us

Articles

ഗോപിനാഥ പിള്ളയെ എന്‍ എസ് എസ് പുറത്താക്കുമ്പോള്‍

Published

|

Last Updated

mr_gopinatha_pillai_2009092

ഗോപിനാഥപിള്ള

കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പൊതുബോധത്തിന്റെയും അഗാധമായ പരിലാളനയും സഹജമായ സവര്‍ണഗുണകാംക്ഷയും നല്ല നിലയില്‍ അനുഭവിക്കുന്നവരാണ് എന്‍ എസ് എസ് നേതാക്കള്‍. അതുകൊണ്ടാണ് മാധ്യമങ്ങള്‍ “ജാതി” നേതാക്കള്‍ എന്ന “മ്ലേച്ഛ പദം” ഉപേക്ഷിച്ച് “സമുദായ” നേതാക്കള്‍ എന്ന മാന്യ പദവി നായര്‍ സമുദായ നേതാക്കള്‍ക്ക് കല്‍പ്പിച്ചുനല്‍കുന്നത്. വെള്ളാപ്പള്ളിയെന്ന് കേള്‍ക്കുമ്പോള്‍ ഉളവാകുന്ന വികാരമല്ലല്ലോ സുകുമാരന്‍ നായരെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത്. വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും സുകുമാരന്‍ നായരുടെ മുമ്പിലെത്തുമ്പോള്‍ ഉദാസീനമായിപ്പോകുന്നതാണ് മാധ്യമങ്ങളുടെയും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും അനുഭവം.
എന്‍ എസ് എസും സംഘ്പരിവാറുമായുള്ള തുരങ്ക സൗഹൃദം അത്ര പരമ രഹസ്യമൊന്നുമല്ല. ആവശ്യങ്ങളും ആക്ഷേപങ്ങളും ഒന്നു തന്നെ. ഏറെക്കുറെ ശശികല ടീച്ചര്‍ കത്തിക്കയറുന്ന പോലെ നായര്‍ സര്‍വീസ് സൊസൈറ്റി നേതാക്കളും പ്രസംഗിക്കാറുണ്ട്. ടീച്ചര്‍ “മുസ്‌ലിംകള്‍” എന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയും. സുകുമാരന്‍ നായര്‍ “ന്യൂനപക്ഷം” എന്ന് മാറ്റിപ്പറയുമെന്ന് മാത്രം. (മുസ്‌ലിം എന്നു പറഞ്ഞാലല്ലേ വര്‍ഗീയമാകൂ? )സംഗതി രണ്ടും ഒന്നു തന്നെ. ഇവ രണ്ടും ഉത്പാദിപ്പിക്കുന്ന അസ്വസ്ഥതകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. വിദ്വേഷത്തിന്റെയും മാടമ്പിത്തരത്തിന്റെയും ഭാഷയില്‍ എന്ത് പറഞ്ഞാലും ആരും “ക മ” പറയില്ല. (ശശി തരൂരിനെപ്പോലെ പേടിയില്ലാത്ത ഒറ്റപ്പെട്ട ചിലരൊഴിച്ച്). മാടമ്പിത്തരത്തെയും ഭീഷണിയെയും ആഢ്യത്വത്തെയും ഒരു തരം കുറ്റബോധ മനസ്സോടെയാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം സമീപിക്കാറുള്ളത്. കേരളത്തിലെ സാമൂഹികാവസ്ഥയില്‍ ഈ അഹന്ത നിലനിര്‍ത്താനാകുന്നതിന്റെ മൂല ഹേതു രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ വിധേയത്വ മനസ്സാണ്.
എന്നാല്‍, ഒരു മറയുമില്ലാതെ അവര്‍ സ്വയം വെളിപ്പെടുത്താനൊരുങ്ങി എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുരങ്ക സൗഹൃദം നിര്‍ത്തി എന്‍ എസ് എസ് സ്വയം വെളിപ്പെടുകയാണ്. വരുന്ന കാലം മോദിയുടെതാണ് അല്ലെങ്കില്‍ അങ്ങനെയാകണമെന്ന് എന്‍ എസ് എസ് വിശ്വസിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവീദ് ശൈഖിന്റെ (പ്രാണേഷ് കുമാര്‍) പിതാവ് ഗോപിനാഥ പിള്ളയെ എന്‍ എസ് എസ് കരയോഗത്തിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുമ്പോള്‍ എന്‍ എസ് എസ് എന്ത് സന്ദേശമാണ് കേരളത്തിലെ പൊതുസമൂഹത്തിന് നല്‍കുന്നത്? പുറമേയെങ്കിലുമുള്ള മതേതര വാചാടോപവും മതിയാക്കുകയാണോ? കഴിഞ്ഞ മാസം 28ന് ചാരുംമൂട്ടില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ മോദിക്കെതിരെ സംസാരിച്ചതിനാണ് കൊട്ടക്കാട്ടുശ്ശേരി കരയോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചത്. കരയോഗത്തില്‍ ഹിന്ദു സംഘടനകളെ ആക്ഷേപിച്ചുവെന്ന് ചിലര്‍ ബഹളം വെക്കുകയായിരുന്നത്രേ. ഹിന്ദു മതത്തേയോ സംഘടനകളെയോ എന്നല്ല, ഹിന്ദുത്വത്തിനെതിരെ പോലും ഒന്നും പറഞ്ഞില്ലെന്നും തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയായ മോദിക്കെതിരെയാണ് സംസാരിച്ചതെന്നും ഗോപിനാഥ പിള്ള പറയുന്നു. “മോദി നല്ല ഭരണാധികാരിയല്ല; മരണാധികാരിയാണ്. ഗുജറാത്തിലെ വികസനങ്ങളെക്കുറിച്ച് അറിയാന്‍ കേരളത്തില്‍ നിന്നൊരു സംഘം പോകുന്നത് നല്ലതാണ്. എന്നാല്‍, അവിടുത്തെ പോലീസിന്റെ വികസനം പഠിച്ചു തിരിച്ചുവന്നാല്‍ ഇവിടെ വികസനമൊന്നും ബാക്കിയുണ്ടാകില്ല”- ഇതാണ് എന്‍ എസ് എസ് കരയോഗത്തെ പ്രകോപിപ്പിച്ചത്. ഇതില്‍ എന്താണ് നായര്‍ സമുദായത്തിനും സുകുമാരന്‍ നായര്‍ക്കും വിരുദ്ധമായുള്ളത്? എം എല്‍ എ അടക്കം സംബന്ധിച്ച മനുഷ്യാവകാശ സമ്മേളനത്തിലാണ് പിള്ള പങ്കെടുത്തത്.
നരേന്ദ്ര മോദിയെ വിമര്‍ശിക്കരുതെന്ന പുതിയൊരു സംഘടനാ തത്വം എന്‍ എസ് എസ് ഉണ്ടാക്കിയതായി വാര്‍ത്ത വന്നിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോലും മകന്‍ നഷ്ടപ്പെട്ട ആ അച്ഛന്റെ വേദന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. വയോധികനായ ആ മനുഷ്യന്റെ വേദനയറിയാന്‍ കരളലിയാതത്തത് പോകട്ടെ, ആ വേദന പങ്ക് വെച്ചത് പുറത്താക്കേണ്ട അപരാധമായി കാണുന്ന സംഘടനാ സംസ്‌കാരം ഫാസിസവുമായി അടുത്ത് ശൃംഗരിക്കുന്നതാണ്.
സത്യത്തില്‍ മുസ്‌ലിംവിരുദ്ധതക്ക് കേരളത്തിലെന്നല്ല, ദേശീയ തലത്തിലും നല്ല സാധ്യതയുണ്ട്. ആ സാധ്യതയുടെ പരിലാളനയിലാണല്ലോ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും വികസനനായകനുമാകുന്നത്.! കോര്‍പ്പറേറ്റുകള്‍ക്കും സിനിമാ ലോകത്തിനും വ്യവസായ ലോകത്തിനും എന്‍ ആര്‍ ഐക്കാര്‍ക്കും ഐ പി എല്ലുകാര്‍ക്കും പൂര്‍വസൈനികര്‍ക്കും മോദി സ്വീകാര്യനാകുന്നതിന്റെ രാഷ്ട്രീയ രസതന്ത്രമെന്താണ്? മറ്റു ബി ജെ പി മുഖ്യമന്ത്രിമാരില്‍ നിന്നും ബി ജെ പി നേതാക്കളില്‍ നിന്നും മോദിയെ വ്യതിരിക്തനാക്കുന്നത് എന്താണ്? ഗുജറാത്ത് വംശഹത്യയുടെ കര്‍തൃത്വം ഒന്ന് മാത്രമാണത്. മുസ്‌ലിംവിരുദ്ധതക്ക് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക തലങ്ങളില്‍ ഇത്രയും രുചിയുണ്ടെന്നല്ലേ ഈ രാഷ്ട്രീയ നേതാവിന്റെ മുന്നോട്ടുവരവ് വ്യക്തമാക്കുന്നത്?
ഈയൊരു സ്വീകാര്യതയുടെ രാഷ്ട്രീയ തലം തന്നെയാണ് എന്‍ എസ് എസിനെയും നയിക്കുന്നതെങ്കില്‍ പിന്നെ ആ സംഘടന മാത്രമല്ല അതിന്റെ നേതാക്കളെ പ്രകീര്‍ത്തിച്ചും പ്രസാദിപ്പിച്ചും നടക്കുന്ന രാഷ്ട്രീയ നേതൃത്വം കൂടിയാണ് പ്രതിക്കൂട്ടിലാകുന്നത്. ഈ വാര്‍ത്തയെക്കുറിച്ച് എന്തെങ്കിലും പ്രതികരണങ്ങള്‍ വന്നോ? ഏതെങ്കിലും രാഷ്ട്രീയ, സാംസ്‌കാരിക പ്രതികരണങ്ങളുണ്ടായോ?