Connect with us

Ongoing News

ഹയര്‍ സെക്കന്‍ഡറിയില്‍ അടുത്ത വര്‍ഷം ഐ ടി തുടങ്ങാനാകില്ലെന്ന് ഡി പി ഐ

Published

|

Last Updated

തിരുവനന്തപുരം: ഐ ടി പഠനം ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ നയപ്രഖ്യാപനം വിജയിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. അടുത്ത അധ്യയനവര്‍ഷം പദ്ധതി ആരംഭിക്കാന്‍ കഴിയില്ലെന്നും പദ്ധതി നടപ്പാക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വേണ്ടിവരുമെന്നും ഡി പി ഐ വ്യക്തമാക്കി. ഐ ടി വിദ്യാഭ്യാസം സംബന്ധിച്ച് കരിക്കുലം കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി പി ഐ ബിജു പ്രഭാകരന്റെ നിര്‍ദേശമുള്ളത്.
ഹൈസ്‌കൂളില്‍ നടന്നുവരുന്ന ഐ ടി പഠനം വേണ്ടത്ര കാര്യക്ഷമമല്ല. 2002-2003 സ്‌കൂള്‍ അധ്യായന വര്‍ഷത്തില്‍ എട്ടാം ക്ലാസിലാണ് ഐ ടി പഠനം ആരംഭിച്ചത്. 2004-2005 ഓടു കൂടി പത്താം ക്ലാസ് വരെ വ്യാപിപ്പിച്ചു. കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടപ്പെട്ട വിഷയവും എസ് എസ് എല്‍ സി പരീക്ഷക്ക് മാര്‍ക്ക് കൂടുതല്‍ നേടാനും മാത്രമേ ഇത് ഉപകരിച്ചിട്ടള്ളൂവെന്നും വിലയിരുത്തുന്നു. 2010 മുതല്‍ യു പി തലത്തിലേക്കും ഐ ടി പഠനം വ്യാപിപ്പിച്ചു. പ്രൊഫ. യു ആര്‍ റാവുവിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിഷന്‍ 2010ന്റെ അടിസിഥാനത്തിലാണ് 2002ല്‍ ഐ ടി പഠനം ഹൈസ്‌കൂളുകളില്‍ തുടങ്ങിയത്. അന്ന് വിഭാവനം ചെയ്തിരുന്നത് 2010 ഓടെ ഐ ടി പഠനത്തെ ഐ ടി സഹായകപഠനം ആക്കി മാറ്റണമെന്നായിരുന്നു.
എന്നാല്‍, 2014 ആയിട്ടും അതിന് കഴിഞ്ഞിട്ടില്ല. സ്‌കൂളുകളില്‍ ഐ ടി പഠനം പത്താം ക്ലാസ് വരെ നടക്കുന്നുണ്ടെങ്കിലും പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ പോലും അയക്കാന്‍ അറിയില്ലെന്നും ഡി പി ഐയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹയര്‍സെക്കന്‍ഡറി തലം വരെ പദ്ധതി വ്യാപിക്കുന്നതിനും വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും ഇപ്പോഴുള്ള അധ്യാപകരെ ഉപയോഗിച്ച് പ്രായോഗികമല്ല. സാങ്കതികവിദ്യ അനുദിനം മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും ഐ ടി അധിഷ്ധിത വിദ്യാഭ്യാസത്തിനും പ്രത്യേക പ്രധാന്യം നല്‍കി ഐ ടി @ സ്‌കൂള്‍ പദ്ധതി ഹയര്‍സെക്കന്‍ഡറി തലത്തിലേക്കും വ്യാപിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ അടുത്ത അധ്യയനവര്‍ഷം ഇത് സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ ഡി പി ഐ ചൂണ്ടിക്കാട്ടുന്നു.