Connect with us

National

യോഗ്യതാ പരീക്ഷയില്‍ തോറ്റു: ബീഹാറില്‍ 2500ലേറെ അധ്യാപകരെ പിരിച്ചുവിടുന്നു

Published

|

Last Updated

പാറ്റ്‌ന: യോഗ്യതാ പരീക്ഷയില്‍ തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ട 2500ലേറെ അധ്യാപകരെ പിരിച്ചുവിടാന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് യോഗ്യതാ പരീക്ഷ നടത്തിയത്.
അധ്യാപകരെ പിരിച്ചുവിടാനുള്ള ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി പി കെ സാഹി പറഞ്ഞു. 2734 അധ്യാപകരെയാണ് പിരിച്ചുവിടുന്നത്. ഇതേ രീതിയില്‍ 151 അധ്യാപകരെ 2012ല്‍ പിരിച്ചുവിട്ടിരുന്നു. അഞ്ചാം തരം വരെ പഠിപ്പിക്കാന്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ പരിജ്ഞാനമുണ്ടോ എന്നറിയാനാണ് മത്സര പരീക്ഷ നടത്തുന്നത്. അധ്യാപന നിലവാരത്തകര്‍ച്ചയെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നപ്പോഴാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2008 മുതല്‍ പരീക്ഷ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 10,000 കരാര്‍ അധ്യാപകര്‍ പരാജയപ്പെട്ടിരുന്നു.